മുംബൈ: വിരമിക്കാനൊരുങ്ങി നില്‍ക്കുന്ന ജമൈക്കന്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ടിന് ഹൃദയത്തില്‍ തൊടുന്ന ട്രിബ്യൂട്ട് നല്‍കി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗ്. ലോകത്തിലെ ഏറ്റവും വേഗമേറിയ താരമായ ബോള്‍ട്ട് ലണ്ടനില്‍ നടക്കുന്ന ലോക അത്റ്റലറ്റിക് ചാമ്പ്യന്‍ഷിപ്പോടു കൂടിയാണ് ട്രാക്കിനോട് വിട പറയുന്നത്.
എട്ട് ഒളിമ്പിക് ഗോള്‍ഡ് മെഡലുകളും ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്നുമായി 11 ഗോള്‍ഡും നേടിയിട്ടുള്ള ബോള്‍ട്ടിന്റെ അവസാന നൂറ് മീറ്റര്‍ മത്സരം ഇന്ന് രാത്രി രണ്ടരയ്ക്കാണ്. കരിയറിന് വിരാമമിടുന്ന ബോള്‍ട്ടിന് ആദരമറിയിച്ച് നിരവധി പ്രമുഖരാണ് ഇതിനോടകം തന്നെ രംഗത്തെത്തിയത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയും ബോള്‍ട്ട് സ്‌പെഷ്യല്‍ സന്ദേശം അയച്ചിരുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു യുവിയുടെ ആശംസ.
ലോകത്തിലെ ഏറ്റവും വേഗമേറിയ താരമായ ബോള്‍ട്ട് ഒരു ക്രിക്കറ്റര്‍ക്ക് മുമ്പില്‍ പരാജയപ്പെട്ടിട്ടുണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? ഇല്ല. എന്നാല്‍ തെറ്റി. ബോള്‍ട്ട് തോറ്റത് നമ്മുടെ സിക്‌സര്‍ വീരന്‍ യുവിയോടാണ്. ഇന്ന് ബോള്‍ട്ടിനെ ഓടി തോല്‍പ്പിക്കുന്നതിന്റെ വീഡിയോ പുറത്തു വിട്ടാണ് യുവി താരത്തോടുള്ള തന്റെ ആദരവ് അറിയിച്ചതും യാത്രയയപ്പ് നല്‍കിയതും.
ബോള്‍ട്ടിന്റെ ലെഗസി ഒരിക്കലും പകരം വെയ്ക്കാനില്ലാതെ തുടരുമെന്നുമായിരുന്നു യുവി തന്റെ ഇസ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്. 2014 ലായിരുന്നു ബോള്‍ട്ടിനെ തോല്‍പ്പിച്ച യുവിയുടെ ചരിത്രപരമായ ഓട്ടം. ഒരു പ്രമുഖ സ്‌പോര്‍ട്‌സ് ബ്രാന്റിന്റെ പ്രൊമോഷന് വേണ്ടി നടന്ന പരിപാടിയിലായിരുന്നു മത്സരം. അത്‌ലറ്റിക്‌സ് v/s ക്രിക്കറ്റേഴ്‌സ് എന്ന നിലയിലായിരുന്നു പരിപാടി നടന്നത്.
ആദ്യം അത്‌ലറ്റ്‌സും ക്രിക്കറ്റ് താരങ്ങളും തമ്മില്‍ ക്രിക്കറ്റ് മത്സരം നടന്നു. നാലോവറായിരുന്നു മത്സരം. ജയിച്ചത് ബോള്‍ട്ടിന്റെ ഓട്ടക്കാരുടെ ടീമായിരുന്നു. പിന്നാലെ നടന്ന ഓട്ട മത്സരത്തില്‍ ബോള്‍ട്ടിനെ യുവിയും തോല്‍പ്പിക്കുകയായിരുന്നു. തമാശ നിറഞ്ഞതായിരുന്നു മത്സരം. യുവിയും ബോള്‍ട്ടുമെല്ലാം ചിരിച്ചു കൊണ്ടായിരുന്നു മത്സരത്തില്‍ പങ്കെടുത്തത്. ബോള്‍ട്ട് ഓടുന്നതിന് പകരം വാം അപ്പ് ചെയ്യുകയായിരുന്നു എന്നു പറയുന്നതായിരിക്കും നല്ലത്. തന്റെ വേഗത്തിന്റെ പകുതി പോലും പുറത്തെടുക്കാതെ ബോള്‍ട്ട് സ്വയം തോറ്റ് കൊടുക്കയായിരുന്നു.
നേരത്തെ നടന്ന ക്രിക്കറ്റ് മത്സരത്തില്‍ 19 പന്തില്‍ നിന്നും 45 റണ്‍സെടുത്ത് താന്‍ ക്രിക്കറ്റിലും മോശമല്ലെന്ന് ബോള്‍ട്ട് തെളിയിച്ചിരുന്നു. അഞ്ച് സിക്‌സുകളും അടങ്ങുന്നതായിരുന്നു ബോള്‍ട്ടിന്റെ ഇന്നിംഗ്‌സ്.