മുംബൈ ഇന്ത്യന്‍സ് താരങ്ങളും ആരാധകരും ഒരുപോലെ മറക്കാനാഗ്രഹിക്കുന്ന ഐ.പി.എല്ലാവും 2022ലേത്. കളിച്ച 11 മത്സരത്തില്‍ ഒമ്പതിലും പരാജയപ്പെട്ട് ടൂര്‍ണമെന്റില്‍ നിന്നും ആദ്യം പുറത്തായതടക്കമുള്ള അപമാനഭാരവും ചുമന്നാണ് ടീം ഐ.പി.എല്ലിനോട് വിടപറയുന്നത്.
സാധാരാണ മുംബൈ ഇന്ത്യന്‍സ് തോല്‍ക്കുമ്പോള്‍ അഞ്ച് കപ്പിന്റെ പാരമ്പര്യമുയര്‍ത്തിപ്പിടിക്കുന്ന ഡൈ ഹാര്‍ഡ് മുംബൈ ആരാധകര്‍ പോലും സങ്കടത്തിന്റെ ആഴക്കടലിലാണ്.
മെഗാലേലം മുതല്‍ക്കു തന്നെ ടീമിന് പിഴയ്ക്കുകയായിരുന്നു. ടീമിന്റെ നട്ടെല്ലായിരുന്ന താരങ്ങളെ വിട്ടുകൊടുത്തതും അവര്‍ക്ക് പകരക്കാരെ കണ്ടെത്താനാവാതെ പോയതോടെയുമാണ് മുംബൈയ്ക്ക് കാലിടറിയത്.
ടീമിന്റെ പരാജയഭാരം ഒന്നൊഴിയാതെ തോളിലേല്‍ക്കേണ്ടി വന്നിരിക്കുന്നത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കാണ്. താരത്തിന്റെ പ്രകടനവും വളരെ മോശമായിരുന്നുവെങ്കിലും ക്യാപ്റ്റന്റെ ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിക്കാത്തതിന് വിദേശ താരങ്ങളടക്കം രോഹത്തിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു.
ഇപ്പോഴിതാ, രോഹിത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടറിലൊരാളായ യുവരാജ് സിംഗ്. സമീപഭാവിയില്‍ തന്നെ താരത്തിന് മികച്ചതെന്തോ വരാനുണ്ടെന്നായിരുന്നു യുവരാജ് പ്രവചിച്ചിരിക്കുന്നത്.
ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
Hitman !! Is having some bad luck . @ImRo45 something big is coming !!!stay in a good space 💪 #Prediction
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായ രോഹിത്തിനെ സംബന്ധിച്ച് ഈ സീസണ്‍ പരാജയത്തിന്റതുമാത്രമായിരുന്നു. ഡക്കടക്കം അഞ്ച് തവണയാണ് താരം സീസണില്‍ ഒറ്റയക്കത്തിന് പുറത്തായത്.
11 മത്സരത്തില്‍ നിന്നും 200 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനായത്. അതായത് ശരാശരി 18.18 റണ്‍സ്.
കഴിഞ്ഞ മത്സരത്തിലും രോഹിത്തിന് ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. രണ്ട് റണ്‍സ് മാത്രമായിരുന്നു താരം സ്വന്തമാക്കിയത്. എന്നാല്‍ ഐ.പി.എല്ലില്‍ വരാനിരിക്കുന്ന മത്സരങ്ങലിലും, ലോകകപ്പിലും ഇന്ത്യന്‍ ജേഴ്‌സിയില്‍ തങ്ങളുടെ ഹിറ്റ്മാന്റെ വിശ്വരൂപം കാണാന്‍ സാധിക്കുമെന്നാണ് ആരാധകരുടെ പ്രത്യാശ.