| Sunday, 5th November 2023, 4:07 pm

'ഞാനും മഹിയും അടുത്ത സുഹൃത്തുക്കളല്ല'; യുവരാജ് സിങ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റി മറിച്ച ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളാണ് മഹേന്ദ്ര സിങ് ധോണിയും യുവരാജ് സിങ്ങും.

എന്നാല്‍ ഇപ്പോള്‍ യുവരാജ് സിങ് താനും ധോണിയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. താന്‍ ഒരിക്കലും ധോണിയുമായി അടുപ്പത്തിലല്ലായിരുന്നു എന്നും അടുപ്പം ക്രിക്കറ്റിനകത്ത് പരിമിതപ്പെടുകയായിരുന്നു എന്നും യുവരാജ് പറഞ്ഞു.

‘ദി രണ്‍വീര്‍ ഷോ’ പോഡ്കാസ്റ്റില്‍ സംസാരിക്കുമ്പോഴാണ് യുവരാജ് ധോണിയുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. വ്യത്യസ്തമായ ജീവിതശൈലി ആയതുകൊണ്ട് സൗഹൃദത്തില്‍ അകലം ഉണ്ടായെന്നും ക്രിക്കറ്റില്‍ മാത്രം തങ്ങളുടെ സൗഹൃദം ഒതുങ്ങി പോവുകയായിരുന്നു എന്നും യുവരാജ് പറഞ്ഞു.

‘ഞാന്‍ പൊളിറ്റിക്കലി കറക്റ്റ് ആവണോ അതോ സത്യസന്ധന്‍ ആവണോ? മഹിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഞാന്‍ പൊളിറ്റിക്കലി കറക്റ്റ് ആവാം, ഞങ്ങളുടെ സൗഹൃദം ക്രിക്കറ്റില്‍ മാത്രമാണ്, ഞങ്ങള്‍ ഒരുമിച്ച് കളിക്കുന്നു. എന്റെ ജീവിതശൈലി അവനില്‍ നിന്നും വ്യത്യസ്തമാണ് അതുകൊണ്ട് ഞങ്ങള്‍ ഒരിക്കലും അടുത്ത സുഹൃത്തുക്കള്‍ അയിരുന്നില്ല. ക്രിക്കറ്റില്‍ മാത്രമായിരുന്നു ഞങ്ങളുടെ സൗഹൃദം,’ യുവരാജ് പറഞ്ഞു.

തന്റെ കരിയറിലെ അവസാന ഘട്ടങ്ങളില്‍ സെലക്ഷന്‍ കമ്മിറ്റി തന്നെ പരിഗണിച്ചില്ലെന്ന് ധോണി ആത്മാര്‍ത്ഥമായി തന്നെ അറിയിച്ചിരുന്നു. വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങള്‍ക്കും പുറമേ ടീം പ്രകടനത്തിനാണ് ഇരുവരും മുന്‍ഗണന നല്‍കിയതെന്ന് യുവി പറഞ്ഞു.

‘എന്റെ കരിയറിന്റെ അവസാനത്തില്‍ എനിക്ക് കാര്യങ്ങള്‍ വ്യക്തതയില്ലായിരുന്നു അപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് പോയി ഉപദേശം ചോദിച്ചിരുന്നു, സെലക്ഷന്‍ കമ്മിറ്റി ഇപ്പോള്‍ നിങ്ങളെ പരിഗണിക്കുന്നില്ലെന്ന് അദ്ദേഹം അന്ന് എന്നോട് പറഞ്ഞു, എന്നോട് സത്യം പറയുന്നവരോട് എനിക്കെപ്പോഴും നന്ദിയാണ്. ടീമിനുവേണ്ടി പ്രകടനം നടത്താന്‍ നിങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആവണമെന്നില്ല. നിങ്ങള്‍ ഫീല്‍ഡിലുള്ളപ്പോള്‍ ഈഗോ മാറ്റിവെച്ച് ഗെയിമില്‍ ശ്രദ്ധിക്കണം,’ യുവരാജ് പറഞ്ഞു.

ധോണിയുടെ ക്യാപ്റ്റന്‍സിയിലും യുവരാജിന്റെ മികച്ച പ്രകടനത്തിലും 2011 ഏകദിന ലോകകപ്പ് ഇന്ത്യ നേടിയിരുന്നു. ടൂര്‍ണമെന്റില്‍ മികച്ച കളിക്കാരനും യുവരാജ് ആയിരുന്നു. 2007ല്‍ സൗത്ത് ആഫ്രക്കയില്‍ നടന്ന ട്വന്റി ട്വന്റി ലോകകപ്പില്‍ യുവരാജ് നിര്‍ണായക പങ്ക് വഹിച്ചിട്ടുമുണ്ട്.

Content Highlight: Yuvraj singh And Mahendra Singh Dhoni is not Good Friends

We use cookies to give you the best possible experience. Learn more