വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ബാറ്റര്‍ പൂജ വസ്ത്രാര്‍ക്കറിന്റെ റണ്‍ ഔട്ടില്‍ പ്രതികരണവുമായി ഇന്ത്യന്‍ ഇതിഹാസ താരം യുവരാജ് സിങ്. ബാറ്റര്‍ ക്രീസിലെത്തിയതിന് ശേഷമാണ് വിക്കറ്റ് കീപ്പര്‍ ബെയ്ല്‍സ് തട്ടിയത് എന്ന് വ്യക്തമായതിന് ശേഷവും ഔട്ട് വിളിച്ചതിനെതിരെയാണ് യുവരാജ് രംഗത്തെത്തിയത്.
ഇന്ത്യന്‍ ഇന്നിങ്‌സിന്റെ അവസാന പന്തിലായിരുന്നു പൂജ റണ്‍ ഔട്ടാവുന്നത്. അവസാന പന്തില്‍ ഓഫ് സൈഡിലേക്ക് ഷോട്ട് കളിച്ച് റണ്ണിനായി ഓടുകയായിരുന്നു. ഡബിളിനായി ഓടിയെങ്കിലും രണ്ടാം റണ്‍സ് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.
കവിഷ ഗില്‍ഹാരിയുടെ ത്രോയില്‍ വിക്കറ്റ് കീപ്പര്‍ അനുഷ്‌ക സഞ്ജീവനി ത്രോ പിടിച്ചെടുത്ത് ഔട്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഔട്ടാണോ അല്ലയോ എന്ന കാര്യത്തില്‍ സംശയമുള്ളതിനാല്‍ തീരുമാനം ടി.വി അമ്പയറിന് വിടുകയായിരുന്നു. എന്നാല്‍ ഏവരേയും അമ്പരപ്പിച്ച് തേര്‍ഡ് അമ്പയര്‍ ഔട്ട് വിളിക്കുകയായിരുന്നു.
പുറത്താകുമ്പോള്‍ രണ്ട് പന്തില്‍ നിന്നും ഒരു റണ്‍സ് മാത്രമായിരുന്നു പൂജ നേടിയത്.
അതേസമയം, മികച്ച വിജയമായിരുന്നു ഇന്ത്യ ആദ്യ ശ്രീലങ്കക്കെതിരെ സ്വന്തമാക്കിയത്.
ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചമാരി അത്തപത്തു ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ചമാരിയുടെ നീക്കം ശരിവെക്കുന്ന പ്രകടനമായിരുന്നു ശ്രീലങ്കന്‍ ബൗളര്‍മാര്‍ പുറത്തെടുത്തത്.
ഓപ്പണര്‍മാരായ ഷെഫാലി വര്‍മയും സ്മൃതി മന്ദാനയും പെട്ടെന്ന് തന്നെ പുറത്തായിരുന്നു. 11 പന്തില്‍ നിന്നും പത്ത് റണ്‍സുമായി ഷെഫാലിയും ഏഴ് പന്തില്‍ നിന്നും ആറ് റണ്‍സുമായി മന്ദാനയും കൂടാരം കയറി.
എന്നാല്‍ വണ്‍ ഡൗണായി ജെമിയ കളത്തിലെത്തിയതോടെ കളി മാറി. ഒന്നിന് പിന്നാലെ ഒന്നായി ബൗണ്ടറികളടിച്ച് ജെമിയ ലങ്കന്‍ ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചു.
ഒടുവില്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചമാരിക്ക് മുമ്പില്‍ ക്ലീന്‍ ബൗള്‍ഡാവുമ്പോള്‍ 53 പന്തില്‍ നിന്നും 76 റണ്‍സായിരുന്നു ജെമിയയുടെ സമ്പാദ്യം. 11 ഫോറും ഒരു സിക്സറുമായിരുന്നു താരത്തിന്റെ ഇന്നിങ്സില്‍ ഉണ്ടായിരുന്നത്.
നാലാമതിറങ്ങിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതും ഒട്ടും മോശമാക്കിയില്ല. 30 പന്തില്‍ നിന്നു രണ്ട് ഫോറും ഒരു സിക്സറുമടക്കം 33 റണ്‍സാണ് ക്യാപ്റ്റന്‍ ടീം ടോട്ടലിലേക്ക് സംഭാവന ചെയ്തത്.
ഒടുവില്‍ 20 ഓവറില്‍ ആറ് വിക്കറ്റിന് 150 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കക്ക് ഇന്ത്യയേക്കാള്‍ മികച്ച തുടക്കമായിരുന്നു ലഭിച്ചത്, എന്നാല്‍ ആ തുടക്കം മുതലാക്കാന്‍ പിന്നാലെ വന്നവര്‍ക്കായില്ല.
ലങ്കന്‍ സ്‌കോര്‍ 25ല്‍ നില്‍ക്കവെ ക്യാപ്റ്റന്‍ ചമാരിയെ പുറത്താക്കി ദീപ്തി ശര്‍മയാണ് തുടങ്ങിത്. 11 പന്തില്‍ നിന്നും ആറ് റണ്‍സ് മാത്രമായിരുന്നു ചമാരിയുടെ സമ്പാദ്യം. ടീം സ്‌കോര്‍ 40 കടക്കും മുമ്പേ അടുത്ത വിക്കറ്റും വീണു.
പിന്നീടങ്ങോട്ട് ഇന്ത്യന്‍ ബൗളര്‍മാരുടെ തേരോട്ടമായിരുന്നു കണ്ടത്. ഒന്നിന് പിന്നാലെ ഒന്നായി വിക്കറ്റ് വീഴുമ്പോഴും ഒരറ്റത്ത് ഹാസിനി പെരേര പിടിച്ചുനിന്നെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ 18.2 ഓവറില്‍ 109 റണ്‍സിന് ലങ്കയുടെ അവസാന വിക്കറ്റും വീഴുകയായിരുന്നു.
ഇന്ത്യക്കായി ദയാലന്‍ ഹേമലത മൂന്നും പൂജ വസ്ത്രാര്‍ക്കര്‍, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. രാധ യാദവ് ഒരു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രണ്ട് പേര്‍ റണ്‍ ഔട്ടായി.
ഇന്ത്യക്കനുകൂലമായി മത്സരം തിരിച്ച ജെമിയ റോഡ്രിഗസാണ് കളിയിലെ താരം.
ഒക്ടോബര്‍ മൂന്നിനാണ് ഇന്ത്യയുടെ അടുത്ത മത്സരം. മലേഷ്യയാണ് എതിരാളികള്‍.
Content highlight: Yuvraj Singh against Third Umpire at Controversial Run-Out Of Pooja Vastrakar In Women’s Asia Cup