ന്യൂദല്‍ഹി: ഐ.പി.എല്‍ ആരംഭിച്ച നാള്‍ മുതല്‍ ക്രിക്കറ്റാരാധകര്‍ ഏറ്റവും കൂടുതല്‍ കാണാന്‍ ആഗ്രഹിക്കുന്ന ഇന്നിങ്‌സ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവിയുടേതാണ്. എന്നാല്‍ ഐ.പി.എല്ലില്‍ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് യുവി സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വെച്ച സീസണുകള്‍ വിരളമാണ്.
ഐ.പി.എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിലൂടെ അരങ്ങേറ്റം കുറിച്ച യുവി പിന്നീട് പൂനെ വാരിയേഴ്‌സ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് തുടങ്ങിയ ടീമുകളുടെയും ഭാഗമായി. ആദ്യ പത്തു സീസണുകള്‍ പൂര്‍ത്തിയാക്കിയ ടൂര്‍ണമെന്റ് പുതിയ പതിപ്പില്‍ എത്തി നില്‍ക്കുമ്പോള്‍ യുവി വീണ്ടും പഞ്ചാബിനായാണ് കളത്തിലിറങ്ങുന്നത്. തന്റെ ഹോം ഗ്രൗണ്ടില്‍ മടങ്ങിയെത്തിയ താരം അടുത്തവര്‍ഷം നടക്കുന്ന വേള്‍ഡ് കപ്പിനു പിന്നാലെ ക്രിക്കറ്റില്‍ നിന്നു വിരമിക്കുകയാണെന്ന സൂചനകളും താരം ഇതിനോടകം നല്‍കി കഴിഞ്ഞിരിക്കുകയാണ്.
Also Read: ’17, 18 വര്‍ഷമായി കളത്തില്‍, ഒരു തീരുമാനം പ്രഖ്യാപിക്കും’; വിരമിക്കല്‍ സൂചന നല്‍കി യുവരാജ് സിങ്
ഇപ്പോഴിതാ തന്റെ അഭിപ്രായത്തില്‍ ഐ.പി.എല്ലിലെ മികച്ച ടീം ഏതാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് യുവി. ” ടി-ട്വന്റി ക്രിക്കറ്റ് പ്രവചനാതീതമാണ്. ഏത് ടീമിം ഏത് ദിവസവും ജയിക്കാന്‍ കഴിയും. പക്ഷേ ചെന്നൈ ടൂര്‍ണമെന്റിലെ സ്ഥിരതായര്‍ന്ന ടീമാണ്. അതുപോലെ കൊല്‍ക്കത്ത മികച്ച രീതിയിലാണ് കളിക്കുന്നത്. ഞാന്‍ കരുതുന്നത് ഇവര്‍ രണ്ടുമാണ് ഐ.പി.എല്ലിലെ ഏറ്റവും മികച്ച ടീമെന്നാണ്” യുവി പറഞ്ഞു.
സീസണില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് യുവിയുടെ കിങ്‌സ് ഇലവന്‍ പഞ്ചാബിപ്പോള്‍. നേരത്തെ കിങ്‌സ് ഇലവന്‍ ടീമിന്റെ ലക്ഷ്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവേ 2019 ഓടെ ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്ന സൂചനകള്‍ താരം നല്‍കിയിരുന്നു. 2017 ലായിരുന്നു യുവി അവസാനമായി ദേശീയ ടീമിനായി കളത്തിലിറങ്ങിയത്.
“2019 വരെയുള്ള മത്സരങ്ങളിലേക്കാണ് ഞാന്‍ ശ്രദ്ധിക്കുന്നത്. എനിക്ക് കളിക്കാന്‍ കഴിയുന്നത് വരെ. ആ വര്‍ഷം അവസാനത്തോടെ ഞാന്‍ ഒരു പ്രഖ്യാപനം നടത്തും” എന്നായിരുന്നു 36 കാരനായ താരത്തിന്റെ പ്രസ്താവന.