വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് സാമ്പത്തിയകമായി മോശമാണെന്നും അടുത്ത തലമുറയിലെ കുട്ടികളെ പരിശീലിപ്പിക്കുന്നതിന് തനിക്ക് കുറച്ച് ക്രിക്കറ്റ് എക്വിപ്‌മെന്റ് ആരെങ്കിലും വാങ്ങി നല്‍കുമോ എന്ന മുന്‍ വെസ്റ്റ് ഇന്‍ഡീസ് പേസര്‍ വിന്‍സ്റ്റണ്‍ ബെഞ്ചമിന്റെ വാക്കുകള്‍ ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചയായിരുന്നു.
ഒരുകാലത്ത് ക്രിക്കറ്റ് സാമ്രാജ്യത്തിന്റെ അധിപന്‍മാരായിരുന്ന ക്ലൈവ് ലോയ്ഡിന്റെയും സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെയും ബ്രായാന്‍ ലാറയുടെയും പിന്‍മുറക്കാരാണ് തങ്ങളുടെ ക്രിക്കറ്റ് പാരമ്പര്യം നശിക്കാതിരിക്കാന്‍ ലോകത്തിന് മുമ്പില്‍ കൈനീട്ടിയത്.
പ്രമുഖ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായ വിമല്‍ കുമാര്‍ തന്റെ യൂട്യൂബ് അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് ക്രിക്കറ്റ് ലോകം വെസ്റ്റ് ഇന്‍ഡീസിന്റെ പരിതസ്ഥിതി മനസിലാക്കിയത്.
സച്ചിന്‍ ടെന്‍ഡുല്‍ക്കറിനോടായിരുന്നു ബെഞ്ചമിന്‍ സഹായമഭ്യര്‍ത്ഥിച്ചത്. കുറച്ച് ക്രിക്കറ്റ് ഉപകരങ്ങള്‍ വാങ്ങി നല്‍കാമോ എന്നായിരുന്നു ബെഞ്ചമിന്‍ ചോദിച്ചത്.
ഇതിനൊപ്പം മുമ്പ് തന്നെയും വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിനെയും സഹായിച്ച തന്റെ പ്രിയപ്പെട്ട സുഹൃത്ത് അസറുദ്ദീനുള്ള നന്ദിയും കടപ്പാടും ബെഞ്ചമിന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ സച്ചിന് മുമ്പ് തന്നെ പ്രമുഖ സ്‌പ്രോട്‌സ് ബ്രാന്‍ഡായ പ്യൂമ ബെഞ്ചമിന് ക്രിക്കറ്റ് ഉപകരണങ്ങള്‍ നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. ‘വിന്‍സ്റ്റണ്‍ ബെഞ്ചമിന്‍, നിങ്ങളുടെ വാക്കുകള്‍ ഞങ്ങള്‍ കേട്ടു, ആ കുട്ടികളെ നമുക്ക് പാഡണിയിക്കാം’ എന്നായിരുന്നു പ്യൂമയുടെ മറുപടി.
We hear you, Winston. Let’s get these kids padded up 🤝#WinstonBenjamin https://t.co/YxE13p5EyF
— PUMA Cricket (@pumacricket) August 12, 2022
പിറ്റേദിവസം തന്നെ അവര്‍ക്കായുള്ള ക്രിക്കറ്റ് കിറ്റ് തയ്യറാക്കി അയക്കുകയും ചെയ്തിരുന്നു. പ്യൂമയുടെ ഈ പ്രവര്‍ത്തിയില്‍ ക്രിക്കറ്റ് ലോകമൊന്നാകെ അഭിനന്ദനവുമായെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സൂപ്പര്‍ താരം സുരേഷ് റെയ്‌നയടക്കമുള്ളവര്‍ പ്യൂമയെ അഭിനന്ദിച്ചെത്തിയിരുന്നു.
Congratulations Team @pumacricket .. Great work 👍 https://t.co/257MdB2Xgh
— Suresh Raina🇮🇳 (@ImRaina) August 13, 2022
മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ഫ്യൂച്ചര്‍ ഹാള്‍ ഓഫ് ഫെയമറുമായ യുവരാജ് സിങ്ങും പ്യൂമയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. തമാശ നിറഞ്ഞ ട്വീറ്റായിരുന്നു താരം പങ്കുവെച്ചത്.
കാണാന്‍ ഏറെ നന്നായിട്ടുണ്ടെന്നും തന്റെ കിറ്റ് എവിടെ എന്നുമാണ് യുവരാജ് ട്വീറ്റില്‍ ചോദിക്കുന്നത്. തനിക്ക് ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റ് വരുന്നുണ്ടെന്നും അദ്ദേഹം തമാശരൂപേണ പറയുന്നു.
Cats looking way too cool where is my kit 🤷🏻♂️? Iv got a cricket tournament coming up https://t.co/ju20ihnTD4
— Yuvraj Singh (@YUVSTRONG12) August 13, 2022
നാശോന്മുഖമായ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിനെ കൈപിടിച്ചുയര്‍ത്താന്‍ നിരവധിയാളുകള്‍ മുന്നോട്ട് വരുന്നത് ആശ്വാസജനകമാണ്. താരങ്ങളുടെ ശമ്പളം പോലും കൊടുക്കാന്‍ ബോര്‍ഡിന് കഴിയാതെ വരുന്നതില്‍ ബോര്‍ഡും പല താരങ്ങളും തമ്മില്‍ അത്രസ്വരച്ചേര്‍ച്ചയിലുമല്ല.
സാമ്പത്തികം ഒരു പ്രശ്‌നമായി ഉദിച്ചപ്പോഴാണ് പലതാരങ്ങളും ദേശീയ ടീമിനോട് തത്കാലത്തേക്കെങ്കിലും ഗുഡ് ബൈ പറഞ്ഞ് ടി-20 ലീഗുകള്‍ കളിക്കാനെത്തിയത്.
സൂപ്പര്‍ താരങ്ങളായ ആന്ദ്രേ റസലും സുനില്‍ നരെയ്‌നുമടക്കമുള്ള താരങ്ങള്‍ വരാനിരിക്കുന്ന ടി-20 ലോകകപ്പിനേക്കാള്‍ ദി ഹണ്‍ഡ്രഡ് അടക്കമുള്ള ടൂര്‍ണമെന്റിന് പ്രാധാന്യം നല്‍കുന്നതും ഇതുകൊണ്ടുതന്നെ.
എന്നാലും വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് തങ്ങളുടെ പഴയ പ്രതാപത്തിലേക്ക് മടങ്ങിവരുമെന്ന് തന്നെയാണ് ആരാധകരും ക്രിക്കറ്റ് ലോകവും ഒന്നടങ്കം വിശ്വസിക്കുന്നത്.
Content highlight: Yuvraj’s funny reply to Puma giving cricket kit to West Indies team