ലോകകപ്പില്‍ ഇന്ത്യന്‍ ടീം സമ്മര്‍ദത്തിലാകുമെന്ന് യുവരാജ്; പ്രതികരിച്ച് സെവാഗ്
Cricket
ലോകകപ്പില്‍ ഇന്ത്യന്‍ ടീം സമ്മര്‍ദത്തിലാകുമെന്ന് യുവരാജ്; പ്രതികരിച്ച് സെവാഗ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 8th September 2023, 9:22 am

വരാനിരിക്കുന്ന ഏകദിന ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ സാധ്യതതകളെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ഓള്‍ റൗണ്ടര്‍ യുവരാജ് സിങ്. 2011ല്‍ സ്വന്തം തട്ടകത്തില്‍ ലോകകപ്പുയര്‍ത്തിയ ധോണിയുടെ ടീമിനെ ചൂണ്ടിക്കാട്ടിയാണ് യുവരാജിന്റെ പരാമര്‍ശങ്ങള്‍.

2011ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ 28 വര്‍ഷത്തിന് ശേഷം ഇന്ത്യ ലോകകപ്പ് സ്വന്തമാക്കിയിരുന്നു. 12 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ലോകകപ്പ് ടൂര്‍ണമെന്റ് കൂടി ഇന്ത്യന്‍ മണ്ണില്‍ എത്തിനില്‍ക്കുമ്പോള്‍ ഐ.സി.സി കിരീടത്തിനായുള്ള ഇന്ത്യയുടെ ഒരു ദശാബ്ദത്തിലേറെ നീണ്ട കാത്തിരിപ്പിന് വിരാമമിടാനും രോഹിത് ശര്‍മക്ക് അവസരം ലഭിക്കും. എന്നാല്‍ ഇന്ത്യന്‍ ടീമിന് കളിയുടെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്താനുള്ള ഫയര്‍ പവര്‍ ഉണ്ടോ എന്നാണ് 2011 ലോകകപ്പിലെ ഇന്ത്യയുടെ വിജയശില്പിയില്‍ ഒരാളായ യുവരാജ് ചോദിക്കുന്നത്.

 

‘ഞങ്ങള്‍ എല്ലാവരും 2023 ഐ.സി.സി ലോകകപ്പില്‍ 2011ന്റെ വിജയാവര്‍ത്തനം ആഗ്രഹിക്കുന്നു, 2011 ല്‍ ടീം ഇന്ത്യ സമ്മര്‍ദത്തിന് കീഴിലും തിളങ്ങിയിരുന്നു. എന്നാല്‍ 2023-ല്‍, ടീം പ്രകടനം നടത്തുന്നതില്‍ സമ്മര്‍ദത്തിലാണ്. ഇത് മാറ്റാന്‍ ഞങ്ങള്‍ക്ക് മതിയായ സമയമുണ്ടോ?’ എന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്.

യുവരാജിന്റെ ഈ അഭിപ്രായത്തിന് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ആയ വീരേന്ദര്‍ സെവാഗ് മറുപടി നല്‍കി. രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശുഭ്മന്‍ ഗില്‍, ഹര്‍ദിക് പാണ്ഡ്യ, ജസപ്രീത് ബുംറ തുടങ്ങിയ താരങ്ങള്‍ സമ്മര്‍ദത്തിന് വിധേയരാകില്ലെന്നായിരുന്നു സെവാഗിന്റെ മറുപടി. കഴിഞ്ഞ മൂന്ന് ഏകദിന ലോകകപ്പുകള്‍ ആതിഥേയരാജ്യമാണ് നേടിയത്. 2011 ല്‍ ഇന്ത്യയും 2015 ല്‍ ഓസ്ട്രേലിയയും 2019 ല്‍ ഇംഗ്ലണ്ടുമാണ് നേടിയതെന്നും സെവാഗ് യുവരാജിനെ ടാഗ് ചെയ്ത് ഓര്‍മിപ്പിച്ചു.

Content Highlights: Yuvraj questions Rohit’s India’s chance to win World Cup like Dhoni’s 2011 team, Sehwag replies