പിച്ചിലിക്കുള്ള തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കി ഇന്ത്യയുടെ എക്കാലത്തേയും വെടിക്കെട്ട് ബാറ്ററായ യുവരാജ് സിംഗ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ തിരിച്ചുവരവിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പങ്കുവെച്ചിരിക്കുന്നത്.
കട്ടക്കില്‍ വെച്ച് നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ഏകദിനത്തിന്റെ വീഡിയോ പങ്കുവെച്ചാണ് താരം പിച്ചിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് വ്യക്തമാക്കുന്നത്. 25ന് 3 വിക്കറ്റ് എന്ന നിലയില്‍ കാലിടറിയ ടീമിനെ അന്ന് യുവരാജിന്റെ ഇന്നിംഗ്‌സാണ് രക്ഷിച്ചത്. 127 പന്തില്‍ 150 റണ്‍സെന്ന ഏകദിനത്തില്‍ യുവരാജിന്റെ മികച്ച സ്‌കോറും ആ കളിയില്‍ നിന്നുമാണ് സ്വന്തമാക്കിയത്.
‘ദൈവമാണ് നിങ്ങളുടെ വിധി തീരുമാനിക്കുന്നത്. നിങ്ങളുടെ ആവശ്യപ്രകാരം അടുത്ത ഫെബ്രുവരിയില്‍ ഞാന്‍ തിരിച്ചു വരുമെന്നാണ് കരുതുന്നത്. ഇത് വെറുമൊരു തോന്നലല്ല. നിങ്ങളുടെ സ്‌നേഹത്തിനും ആശംസകള്‍ക്കും നന്ദി.
എന്നെ സംബന്ധിച്ച് ഇത് വളരെ വലുതാണ്. ഏതൊരു സാഹചര്യത്തിലും നമ്മുടെ ടീമിനെ പിന്തുണച്ചുകൊണ്ടിരിക്കുക,’ എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
എന്നാല്‍ ഏത് ടൂര്‍ണമെന്റിലേക്കായിരിക്കും താന്‍ എത്തുന്നത് എന്നതിനെ സംബന്ധിച്ച് ഒരു വിവരവും ഇതുവരെ താരം നല്‍കിയിട്ടില്ല.
ഇന്ത്യയുടെ ലോകകപ്പ് നേട്ടങ്ങളില്‍ (2007 ടി-20 ലോകകപ്പ്, 2011 ലോകകപ്പ്, ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി) യുവരാജ് അവിഭാജ്യ ഘടകമായിരുന്നു. 2007ല്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ നിഷ്പ്രഭമാക്കിയ ഒരോവറിലെ ആറ് സിക്‌സറുകളും, മനോഹരമായ ഇന്നിംഗ്‌സുകളും ഒരു ക്രിക്കറ്റ് പ്രേമിയും മറക്കാനിടയില്ല.
പോസ്റ്റിന് താഴെ വരുന്ന കമന്റുകളിലും ആവേശം അലതല്ലുകയാണ്. ക്യാന്‍സറിനെ തോല്‍പ്പിച്ച് പിച്ചിലേക്കെത്തിയ, ആത്മവിശ്വാസത്തിന്റെ പ്രതിരൂപമായ പോരാളിയുടെ മടങ്ങി വരവിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്.