ഐ.പി.എല്‍ 2022ലെ 59ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇത്തവണത്തെ ഐ.പി.എല്‍ മോഹങ്ങളോട് വിടപറഞ്ഞത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പരാജയമായിരുന്നു മുംബൈ ഇന്ത്യന്‍സിനോട് ഏറ്റുവാങ്ങിയത്.
സി.എസ്.കെയുടെ രണ്ടാമത്തെ ഏറ്റവും മോശം സ്‌കോറിനായിരുന്നു ടീം കഴിഞ്ഞ മത്സരത്തില്‍ പുറത്തായത്. 16 ഓവറില്‍ 97 റണ്‍സിന് ചെന്നൈ നിരയിലെ എല്ലാവരും കൂടാരം കയറുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങുകയും രണ്ട് മുന്‍നിര വിക്കറ്റുകള്‍ ആദ്യ ഓവറില്‍ തന്നെ നഷ്ടമാവുകയും ചെയ്തപ്പോള്‍ തന്നെ ചെന്നൈ അപകടം മണത്തിരുന്നു. തുടര്‍ന്ന് ഒന്നിന് പിന്നാലെ ഒന്നായി വിക്കറ്റുകള്‍ നിലം പൊത്തുന്ന കാഴ്ചയായിരുന്നു വാംഖഡെയില്‍ കണ്ടത്.
ധോണിയുടെ ‘സെന്‍സിബിള്‍’ ഇന്നിംഗ്‌സായിരുന്നു ചെന്നൈയെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. എന്നാല്‍ തലയ്ക്കും ടീമിനെ മൂന്നക്കം കാണിക്കാനായില്ല.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് 31 പന്തും അഞ്ച് വിക്കറ്റും ബാക്കി നില്‍ക്കെ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ മുന്‍ സൂപ്പര്‍ താരങ്ങളായ യുവരാജും റെയ്‌നയും ചെന്നൈയെ ട്രോളി രംഗത്തെത്തിയത്. യുവി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ കളിയാക്കുന്നത്.
‘നിന്റെ ടീം 97 ന് പുറത്തായല്ലോ, ഇതിനെ കുറിച്ച് എന്താണ് പറയാനുള്ളത്’ എന്ന യുവരാജിന്റെ ചോദ്യത്തിന് ‘ഏയ് ഞാന്‍ ആ മത്സരം കണ്ടിട്ടില്ല പാജി’ എന്ന് റെയ്‌ന പറയുന്നതും ഇരുവരും പൊട്ടിച്ചിരിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ സീസണില്‍ പരിക്കേറ്റ് പുറത്തായതിന് പിന്നാലെയായിരുന്നു സുരേഷ് റെയ്‌നയ്ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പുറത്തേക്കുള്ള വഴിയൊരുക്കിയത്. ഇത്തവണത്തെ മെഗാലേലത്തിന് മുമ്പ് റെയ്‌നയെ നിലനിര്‍ത്താനോ ലേലത്തില്‍ തിരിച്ചെടുക്കാനോ ചെന്നൈ മാനേജ്‌മെന്റ് ഒരുക്കമായിരുന്നില്ല.
മറ്റ് ടീമുകളും റെയ്‌നയെ ടീമിലെത്തിക്കുന്നതില്‍ ഒരു ശുഷ്‌കാന്തിയും കാണിച്ചില്ല. ഇതോടെയാണ് ‘മിസ്റ്റര്‍ ഐ.പി.എല്‍’ ഐ.പി.എല്ലില്‍ നിന്ന് തന്നെ പുറത്തായത്.
നിലവില്‍ കമന്റേറ്ററുടെ റോളിലാണ് റെയ്‌ന ഐ.പി.എല്ലില്‍ സജീവമാവുന്നത്.