| Monday, 16th May 2016, 5:59 pm

കുരുന്നുകള്‍ക്ക് ആവേശമായി യുവി; വീണ്ടും ആറ് സിക്‌സറുകള്‍ പറത്തുമെന്ന് വാക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൊഹാലി: അര്‍ബുദത്തെ തോല്‍പിച്ച് കളത്തിലേക്കുള്ള യുവിയുടെ തിരിച്ചുവരവ് ക്രിക്കറ്റ് ലോകം ആഗ്രഹിച്ചതാണ്. ഇന്നലെ നടന്ന പഞ്ചാബ് ഹൈദരാബാദ് മത്സരം ആ ആഗ്രഹ സാഫല്യത്തിന്റെ നിമിഷങ്ങളിലൂടെയാണ് കടന്നു പോയതും. അര്‍ബുദമെന്ന വിപത്തിനെ അതിജീവിച്ച ശേഷം യുവരാജില്‍ നിന്നു ആരാധകര്‍ക്ക് ലഭിച്ച മധുരമേറിയ സമ്മാനമായിരുന്നു 24 പന്തിലെ 42 റണ്‍സ്. യുവിയുടെ ആ പഴയ വീര്യം നിറഞ്ഞു നിന്ന ഇന്നിംഗ്‌സ്. ഇന്നലെ നടന്ന മത്സരം പക്ഷേ യുവിക്ക് പ്രിയപ്പെട്ടതാകുന്നത് മറ്റൊരു കാരണം കൊണ്ടു കൂടിയാണ്. തന്നെ പോലെ അര്‍ബുദത്തോട് പൊരുതി വിജയം നേടിയ പതിനേഴു കുരുന്നുകള്‍ക്ക് കൂടുതല്‍ പ്രതീക്ഷയേകാന്‍ സാധിച്ചതു കൊണ്ടാണത്.

എട്ടു വയസുകാരനടക്കം അര്‍ബുദത്തെ അതിജീവിച്ച കുട്ടികള്‍ക്ക് ഹൈദരാബാദ് പഞ്ചാബ് മത്സരം സമ്മാനിച്ചത് കളിയുടെ അനുഭവം മാത്രമല്ലായിരുന്നു. അവരും യുവിയുമൊത്ത് അല്‍പ സമയം പങ്കിടാനുള്ള നിമിഷങ്ങള്‍ ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു. ദല്‍ഹിയിലെ രാജീവ് ഗാന്ധി കാന്‍സര്‍ ആശുപത്രിയില്‍ നിന്നും ചികിത്സ സ്വീകരിച്ച കുട്ടികളാണ് യുവരാജ് കാന്‍സര്‍ ഫൗണ്ടേഷന്റെ സഹായത്തോടെ ഇന്നലെ മത്സരം കാണാന്‍ എത്തിയത്.

കളിക്കു ശേഷം യുവരാജ് തന്റെ അമ്മ ശബ്‌നം സിങിനോടൊപ്പം കുട്ടികളെ കാണുകയും തന്റെ അനുഭവങ്ങള്‍ പങ്കു വെക്കുകയും ചെയ്തു. തന്റെ രോഗത്തെ പറ്റി അറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ സാധിച്ചില്ലെന്നും എന്നാല്‍ പിന്നീട് ആ രോഗം തന്നെ ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്നും യുവരാജ് പറയുന്നു. ഇനിയും വിജയങ്ങള്‍ കയ്യടക്കാനാണ് ശ്രമം.

അര്‍ബുദത്തോട് പൊരുതുന്ന ഓരോ കുട്ടികള്‍ക്കും തന്റെ വാക്കുകളിലൂടെ യുവി കരുത്ത് പകര്‍ന്നു. ജീവിതത്തില്‍ തോല്‍ക്കാന്‍ മനസ്സില്ലാതെ പൊരുതണമെന്നും തോറ്റ് കൊണ്ട് ജീവിക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്നും യുവരാജ് പറഞ്ഞു. സ്‌റ്റേഡിയത്തില്‍ സംവാദത്തിനെത്തിയവരില്‍ ഭൂരിഭാഗം കുട്ടികളും ഏഴും എട്ടും പ്രായമുള്ളവരാണ്. ഇതിലൊരു കുട്ടിയാണ് യുവരാജിനോട് ഇനിയും ഓരോവരില്‍ ആറ് സിക്‌സുകള്‍ അടിക്കുമോ എന്ന് ചോദിച്ചത്. നിങ്ങള്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമെങ്കില്‍ തീര്‍ച്ചയായും ഇനിയും ആറ് സിക്‌സറുകള്‍ പറത്തുമെന്ന് യുവരാജ് മറുപടി പറഞ്ഞു.

അര്‍ബുദ ബാധിതനായ ശേഷമാണ് യു വി കാന്‍ എന്ന കാന്‍സര്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ചത്. അത് ഇന്നു അര്‍ബുദത്തെ അതിജീവിച്ച ഒരുപാട് പേര്‍ക്ക് ആശ്രയം ആണെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more