ഇന്ത്യന്‍ ക്രിക്കറ്റ് മാമാങ്കമായ ഐ.പി.എല്‍ ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. മാര്‍ച്ച് 22ന് തുടങ്ങുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടുന്നതോടുകൂടിയാണ് 2024 ഐ.പി.എല്ലിന് തുടക്കമാവുക.
ഇപ്പോഴിതാ മുംബൈ ഇന്ത്യന്‍സിന്റെ നായക സ്ഥാനത്തുനിന്നും രോഹിത് ശര്‍മയെ നീക്കം ചെയ്തതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ ലോകകപ്പ് ഹീറോ യുവരാജ് സിങ്. മുംബൈ ഇന്ത്യന്‍സിന്റെ നായകനായി രോഹിത് ശര്‍മ ഒരു വര്‍ഷം കൂടി തുടരണമായിരുന്നുവെന്ന് യുവരാജ് പറഞ്ഞത്. സ്റ്റാര്‍ സ്പോര്‍ട്സിലൂടെ പ്രതികരിക്കുകയായിരുന്നു ഇന്ത്യന്‍ ഇതിഹാസ താരം.
‘ക്യാപ്റ്റന്‍ എന്ന നിലയില്‍ മുംബൈ ഇന്ത്യന്‍സിനായി അഞ്ച് കിരീടങ്ങള്‍ നേടിക്കൊടുക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ നായക സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നത് വലിയ ഒരു തീരുമാനമാണ്. രോഹിത് ശര്‍മയ്ക്ക് ഒരു സീസണ്‍ കൂടി ക്യാപ്റ്റന്‍സിയില്‍ മുംബൈ അവസരം നല്‍കണമായിരുന്നു. എന്നിട്ട് ഹര്‍ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനും ആക്കണമായിരുന്നു,’ യുവരാജ് പറഞ്ഞു.
മുംബൈ മാനേജ്‌മെന്റ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തതിനെക്കുറിച്ചും യുവരാജ് പറഞ്ഞു.
‘മുംബൈ ഫ്രാഞ്ചൈസിയുടെ വീക്ഷണകോണ്‍ എന്താണെന്ന് ഞാന്‍ മനസ്സിലാക്കുന്നുണ്ട്. മുംബൈക്ക് അവരുടെ ഭാവി എങ്ങനെയാകും എന്ന് അവന്‍ ഇപ്പോള്‍ തന്നെ ചിന്തിക്കേണ്ടതുണ്ട്. എന്നാല്‍ രോഹിത് നിലവില്‍ ഇന്ത്യന്‍ ടീമിനെ മികച്ച രീതിയില്‍ ആണ് നയിക്കുന്നത്,’ യുവരാജ് കൂട്ടിച്ചേര്‍ത്തു.
2013ലാണ് രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിന്റെ നായക സ്ഥാനം ഏറ്റെടുക്കുന്നത്. രോഹിത്തിന്റെ കീഴില്‍ അഞ്ച് കിരീടങ്ങളാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. എന്നാല്‍ ഈ സീസണില്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു മുംബൈ മാനേജ്‌മെന്റ് ഹര്‍ദിക് പാണ്ഡ്യയെ പുതിയ ക്യാപ്റ്റനായി നിയമിക്കുന്നത്. ഹര്‍ദിക് 2015 മുതല്‍ 2021 വരെ മുംബൈയില്‍ കളിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ നാല് കിരീടങ്ങളില്‍ പങ്കാളിയാവാന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ക്ക് സാധിച്ചിരുന്നു.
എന്നാല്‍ താരം ഗുജറാത്ത് ടൈറ്റന്‍സിലേക്ക് ചേക്കേറുകയും ആദ്യ സീസണില്‍ തന്നെ ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിക്കാനും രണ്ടാം സീസണില്‍ ഗുജറാത്തിനെ ഫൈനലില്‍ എത്തിക്കാനും ഹര്‍ദിക്കിന് സാധിച്ചിരുന്നു. ഇതേ മിന്നും പ്രകടനം പുതിയ സീസണിലും ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍.
മാര്‍ച്ച് 24ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം. ഗുജറാത്തിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: Yuvaraj Singh talks about Removing Rohit Sharma Captaincy in Mumbai Indians