ഐ.പി.എല്ലിന് ശേഷം നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിന്റെ ഇന്ത്യന്‍ സ്‌ക്വാഡില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി സഞ്ജുവും റിഷബ് പന്തും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഐ.പി.എല്ലില്‍ സഞ്ജു മികച്ച രീതിയിലാണ് മുന്നേറിയത്. എന്നാല്‍ ലോകകപ്പിനുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റോളില്‍ സഞ്ജുവിനേക്കാളും യോഗ്യന്‍ പന്താണെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്.
ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ റൈറ്റ് ലെഫ്റ്റ് കോമ്പിനേഷന്‍ ഉണ്ടാകണമെങ്കില്‍ റിഷബ് പന്തിനെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി കളിപ്പിക്കണമെന്നാണ് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ യുവരാജ് പറഞ്ഞത്. രണ്ട് വിക്കറ്റ് കീപ്പര്‍മാരും ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും ഇടംകൈയ്യന്‍ ബാറ്റര്‍ യുവരാജ് സഞ്ജുവിനേക്കാള്‍ പന്തിനാണ് മുന്‍ഗണന നല്‍കുന്നത്.
യശസ്വി ജയ്‌സ്വാളിനെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയും ടി-20 ലോകകപ്പില്‍ ഓപ്പണിങ് ജോഡികളായി ഉപയോഗിക്കണമെന്നും മുന്‍ ഓള്‍റൗണ്ടര്‍ യുവരാജ് നിര്‍ദ്ദേശിച്ചിരുന്നു. ഇതോടെ വണ്‍ ഡൗണ്‍ ബാറ്റര്‍ വിരാട് കോഹ്‌ലിക്ക് ലെഫ്റ്റ് ജോഡിയായി പന്തിനെയും ഉള്‍പ്പെടുത്താമെന്നും താരം പറഞ്ഞു.
‘എനിക്ക് ലെഫ്റ്റ് – റൈറ്റ് കോമ്പിനേഷന്‍ കാണാന്‍ ആഗ്രഹമുണ്ട്. ഈ കോമ്പിനേഷനില്‍ എതിരാളികള്‍ക്ക് പന്തെറിയുന്നത് ബുദ്ധിമുട്ടാണ്. വ്യക്തമായും സഞ്ജുവും മികച്ച ഫോമിലാണ്, എന്നാല്‍ പന്ത് ഒരു ഇടംകൈയ്യനാണ്, കൂടാതെ ഇന്ത്യക്കായി മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ അവന് വലിയ ശേഷിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ യുവരാജ് പറഞ്ഞു.
ജൂണ്‍ 9ന് ന്യൂയോര്‍ക്കില്‍ അയര്‍ലന്‍ഡിനെതിരെ ഇന്ത്യ തങ്ങളുടെ ഗ്രൂപ്പ് എ ക്യാമ്പയിന്‍ ആരംഭിക്കും. നാല് ദിവസത്തിന് ശേഷം ലോകമെമ്പാടുനുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ – പാകിസ്ഥാന്‍ മത്സരവും അരങ്ങേറും.
നിലവില്‍ ഐ.പി.എല്ലില്‍ സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫിലെ എലിമിനേറ്റര്‍ മത്സരത്തില്‍ ആര്‍സി.ബിയെ ഇന്ന് നേടിരാനിരിക്കുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. നിര്‍ണായകമായ മത്സരത്തില്‍ എന്ത് വിലകൊടുത്തും വിജയം സ്വന്തമാക്കാനാണ് സഞ്ജുവും കൂട്ടരും ഇന്ന് കളത്തിലിറങ്ങുന്നത്.
Content Highlight: Yuvaraj Singh Talking About Rishabh Pant