ആ ഒറ്റക്കാര്യം കൊണ്ടാണ് പാകിസ്ഥാന്‍ അമേരിക്കയോട് തോല്‍വി വഴങ്ങിയത്: യുവരാജ് സിങ്
Sports News
ആ ഒറ്റക്കാര്യം കൊണ്ടാണ് പാകിസ്ഥാന്‍ അമേരിക്കയോട് തോല്‍വി വഴങ്ങിയത്: യുവരാജ് സിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 7th June 2024, 4:59 pm

ടി-20 ലോകകപ്പിലെ രണ്ടാം മത്സരത്തിലും ആതിഥേയരായ അമേരിക്ക തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഡാല്ലസ് ടെക്‌സാസിലെ ഗ്രാന്‍ഡ് പ്രെയറി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറിലാണ് യു.എസ്.എ വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എസ്.എ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 159 റണ്‍സ് നേടിയത്. ഒടുവില്‍ ആവേശകരമായ സൂപ്പറോവറില്‍ ആദ്യം ബാറ്റ് ചെയ്ത അമേരിക്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന് ഒരു വിക്കറ്റിന് 13 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

സൂപ്പര്‍ ഓവറിലെ രണ്ടാം പന്തില്‍ സൗരഭ് നേത്രാവല്‍ക്കറിനെ ഇഫ്തിക്കര്‍ അഹമ്മദ് നാല് റണ്‍സ് അടിച്ചപ്പോള്‍ മൂന്നാമത്തെ പന്തില്‍ വിക്കറ്റും നേടി. നാലാം പന്തില്‍ എല്‍.ബിയില്‍ നാലു റണ്‍സ് പോയപ്പോള്‍ അഞ്ചാം പന്തിലും ആറാം പന്തിലും മൂന്ന് റണ്‍സാണ് താരം വഴങ്ങിയത്. എന്നാല്‍ നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ ഫഖര്‍ സമാന് ബൗളറെ നേരിടാന്‍ കഴിഞ്ഞില്ല. ഇടം കയ്യന്‍ ബൗളറെ കളിക്കാന്‍ സ്‌ട്രൈക്ക് മാറാത്ത പാകിസ്ഥാനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്.

‘ഫഖര്‍ ഒരു ലെഫ്റ്റ് സീമര്‍ വന്നപ്പോള്‍ സ്‌ട്രൈക്ക് എടുക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. ബൗളര്‍ എറിയാന്‍ ശ്രമിക്കുന്ന ആംഗിളിലൂടെ ഒരു ഇടംകൈയ്യന്‍ അടിക്കുക എന്നത് എളുപ്പമുള്ളതായിരുന്നു. എന്നാല്‍ സമ്മര്‍ദത്തിന് കീഴില്‍ മികച്ച തീരുമാനങ്ങള്‍ എടുത്തതിനാല്‍ അമേരിക്ക വിജയിച്ചു. ക്യാപ്റ്റന്‍ മോനാങ്ക് പട്ടേല്‍ മികച്ച കോളാണ് നടത്തിയത്. ഇനി പാകിസ്ഥാന് ഇന്ത്യയ്ക്കെതിരെ നിര്‍ബന്ധമായും ജയിക്കേണ്ടതുണ്ട്,’ യുവരാജ് സിങ്.

മത്സരത്തിലെ ആവേശകരമായ സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത അമേരിക്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സും നേടി. നിര്‍ണായക ഓവറില്‍ പാകിസ്ഥാന്റെ ആമിര്‍ സമ്മര്‍ദത്തിന് അടിമപ്പെട്ടപ്പോള്‍ യു.എസ്.എ ബാറ്റര്‍മാര്‍ അത് വൃത്തിയായി മുതലെടുത്തു. ആറ് പന്തും നേരിട്ട ആരോണ്‍ ജോണ്‍സ് 11 റണ്‍സ് നേടിയപ്പോള്‍ ഏഴ് റണ്‍സാണ് എക്സ്ട്രാ ഇനത്തില്‍ പിറന്നത്.

 

 

Content Highlight: Yuvaraj Singh Talking About Pakistan