| Thursday, 26th September 2024, 8:31 pm

ടി-20യിൽ ഒരു കളിയുടെ ഗതി മാറ്റാൻ അവന് സാധിക്കും: യുവരാജ് സിങ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ യുവരാജ് സിങ്. രോഹിത് മികച്ച ക്യാപ്റ്റനാണെന്നും ടി-20യില്‍ ഒരു മത്സരം മാറ്റിമറിക്കാനുള്ള കഴിവ് രോഹിത്തിനുണ്ടെന്നുമാണ് യുവരാജ് പറഞ്ഞത്. ക്ലബ്ബ് പ്രേരി ഫയര്‍ വൈ.ടിവിയിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘ഒരുപക്ഷേ, ടി20 ക്രിക്കറ്റ് ആണെങ്കില്‍ ഞാന്‍ രോഹിത് ശര്‍മയുടെ പേരാണ് പറയുക. ഒരു കളിക്കാരനെന്ന നിലയിലും ഞാന്‍ രോഹിത്തിന്റെ പേര് തന്നെയാണ് പറയുക. കാരണം അവന്‍ ഒരു മികച്ച ക്യാപ്റ്റനാണ്. മാത്രമല്ല അവന് ബാറ്റിങ്ങിലൂടെ ഒരു കളി മാറ്റി മറിക്കാന്‍ കഴിയും. ഉറപ്പായും രോഹിത് ശര്‍മയായിരിക്കും എന്റെ ആദ്യ ചോയ്‌സ്,’ യുവരാജ് സിങ് പറഞ്ഞു.

അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പ് ഇന്ത്യ രോഹിത്തിന്റെ കീഴിലായിരുന്നു സ്വന്തമാക്കിയത്. നീണ്ട 17 വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ടാണ് ഇന്ത്യ വീണ്ടും ടി-20 ലോകകപ്പ് ഇന്ത്യന്‍ മണ്ണിലെത്തിച്ചത്. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ ഏഴു റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോക ജേതാക്കളായത്.

ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ ആയിരുന്നു രോഹിത്തിന്റെ കീഴില്‍ ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ലോകകപ്പ് വിജയത്തിന് പിന്നാലെ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും രവീന്ദ്ര ജഡേജയും ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

ലോകകപ്പിലെ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയും എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ കിരീടം ചൂടിയത്. ഇതോടെ ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ കിരീടം സ്വന്തമാക്കുന്ന ആദ്യ ടീമെന്ന നേട്ടവും ഇന്ത്യക്ക് സ്വന്തമാക്കാന്‍ സാധിച്ചു. ഫൈനലിലെ വിജയത്തോടൊപ്പം ഇന്റര്‍നാഷണല്‍ ടി-20യില്‍ 50 മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന നേട്ടവും രോഹിത് സ്വന്തമാക്കിയിരുന്നു.

ടൂര്‍ണമെന്റില്‍ ബാറ്റിങ്ങിലും മിന്നും പ്രകടനമായിരുന്നു രോഹിത് നടത്തിയത്. എട്ട് ഇന്നിങ്സുകളില്‍ നിന്നും മൂന്ന് അര്‍ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 281 റണ്‍സാണ് രോഹിത് നേടിയത്. 35.12 ആവറേജിലും 124.33 സ്ട്രൈക്ക് റേറ്റിലുമാണ് ഇന്ത്യന്‍ നായകന്‍ ബാറ്റ് വീശിയത്.

നിലവില്‍ രോഹിത്തിന്റെ കീഴില്‍ ഇന്ത്യ ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലാണ്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ 280 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പരമ്പരയിലെ അവസാന മത്സരം നാളെ കാണ്‍പൂരില്‍ വെച്ചാണ് നടക്കുന്നത്.

രണ്ടാം ടെസ്റ്റും വിജയിച്ചുകൊണ്ട് പരമ്പര വിജയം ഉറപ്പാക്കാനായിരിക്കും ഇന്ത്യ ലക്ഷ്യം വെക്കുക. മറുഭാഗത്ത് രണ്ടാം ടെസ്റ്റ് വിജയിച്ചുകൊണ്ട് പരമ്പര സമനിലയിലാക്കാനാവും ബംഗ്ലാദേശ് ലക്ഷ്യം വെക്കുക.

Content Highlight: Yuvaraj Singh Praises Rohit Sharma Captaincy and Batting

We use cookies to give you the best possible experience. Learn more