|

സിക്‌സറടിക്കാന്‍ തുടങ്ങിയാല്‍ അവന്‍ നിര്‍ത്തില്ല, 145ലും 150ലും വരുന്ന പന്ത് പോലും അനായാസം അവന്‍ പറത്തും: യുവരാജ് സിങ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ജയം സ്വന്തമാക്കിയാണ് ഇന്ത്യ തുടങ്ങിയത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മികവ് പുലര്‍ത്തിയ പ്രകടനമാണ് നടത്തിയത്. അര്‍ധ സെഞ്ച്വറി നേടിയില്ലെങ്കിലും 36 പന്തില്‍ നിന്ന് ഏഴ് ഫോര്‍ ഉള്‍പ്പെടെ 41 റണ്‍സാണ് താരം നേടിയത്.

ഇപ്പോള്‍ രോഹിത് ശര്‍മയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്. രോഹിത് ഫോമിലല്ലെങ്കിലും റണ്‍സ് നേടുന്നുണ്ടെങ്കില്‍ അത് എതിര്‍ ടീമിന് അപകടത്തിന്റെ മുന്നറിയിപ്പാണെന്നാണ് യുവരാജ് പറഞ്ഞത്.

ഫോമിലായിക്കഴിഞ്ഞാല്‍ 60 പന്തില്‍ സെഞ്ച്വറിയടിക്കാനും സിക്‌സറുകള്‍ അനായാസം പറത്താനും താരത്തിന് കഴിവുണ്ടെന്നാണ് യുവി പറഞ്ഞത്. മാത്രമല്ല 45-150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞാലും അത് അനായാസം അടിച്ചിടാന്‍ രോഹിത്തിന് സാധിക്കുമെന്നും മുന്‍ താരം പറഞ്ഞു.

‘വൈറ്റ് ബോള്‍ ഫോര്‍മാറ്റിലെ ഏകദിന ക്രിക്കറ്റില്‍ വിരാട് കോഹ്‌ലിക്കൊപ്പം ബാറ്റര്‍ എന്ന നിലയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മാച്ച് വിന്നറാണ് രോഹിത് ശര്‍മ. രോഹിത് ഫോമിലല്ലെങ്കിലും റണ്‍സ് നേടുന്നുണ്ടെങ്കില്‍ എതിര്‍ ടീമിന് അപകട സൂചനയാണ്. രോഹിത് ഫോമിലാണെങ്കില്‍ 60 പന്തില്‍ അവന്‍ സെഞ്ച്വറി നേടും. അതാണ് അവന്റെ ഗുണം, സിക്സ് അടിക്കാന്‍ തുടങ്ങിയാല്‍ പിന്നെ അവന്‍ നിര്‍ത്തില്ല,

അവന്‍ ഷോര്‍ട്ട് ബോളിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ്. ആരെങ്കിലും 145-150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞാലും അത് അനായാസം അടിച്ചുപറത്താനുള്ള കഴിവ് രോഹിത്തിനുണ്ട്. അവന്റെ സ്ട്രൈക്ക് റേറ്റ് എപ്പോഴും 120-140 ആണ്. ഒറ്റയ്ക്ക് നിന്നാല്‍ പോലും മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ അവന് സാധിക്കും,’ ഇന്ത്യന്‍ നായകനെ പ്രശംസിച്ച് യുവരാജ് സിങ് പറഞ്ഞു.

ഇനി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ചിരവൈരികളായ ഇരുടീമും ഏറ്റുമുട്ടുമ്പോള്‍ പൊടിപാറുമെന്നത് ഉറപ്പാണ്. ഫെബ്രുവരി 23ന് ദുബായില്‍ വെച്ചാണ് ഇരുവരും ഏറ്റുമുട്ടാനൊരുങ്ങുന്നത്.

Content Highlight: Yuvaraj Singh Praises Rohit Sharma Ahead Of India VS Pakistan Match In Champions Trophy

Latest Stories

Video Stories