| Wednesday, 22nd May 2024, 11:39 am

ഇന്ത്യയുടെ ലോകകപ്പ് പ്ലെയിങ് ഇലവനിൽ സഞ്ജുവില്ല; വമ്പൻ തെരഞ്ഞെടുപ്പുമായി ഇന്ത്യൻ ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

വരാനിരിക്കുന്ന ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്ലെയിങ് ഇലവനെ തെരഞ്ഞെടുത്ത് യുവരാജ് സിങ്. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ നാല് സ്ഥാനങ്ങളില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, യശസ്വി ജെയ്സ്വാള്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഇറങ്ങണം എന്നാണ് യുവരാജ് പറഞ്ഞത്.

ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി റിഷബ് പന്തിനെയാണ് യുവരാജ് തെരഞ്ഞെടുത്തത്. മലയാളി സൂപ്പര്‍ താരവും രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസണിനെ യുവരാജ് തന്റെ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. ഐ.സി.സിയോട് സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘ലോകകപ്പില്‍ രോഹിത്തും ജെയ്സ്വാളും ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് ചെയ്യണമെന്ന് ഞാന്‍ കരുതുന്നു. മൂന്നാം വിരാടും നാലാം നമ്പറില്‍ സൂര്യകുമാറും ഇറങ്ങാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സഞ്ജുവും പന്തും മികച്ച ഫോമിലാണ് കളിക്കുന്നത്. എന്നാല്‍ റിഷബ് പന്ത് ഒരു ഇടംകയ്യന്‍ ബാറ്ററാണ്. അവന് ഇന്ത്യയ്ക്കുവേണ്ടി മത്സരങ്ങള്‍ വിജയിപ്പിക്കാനുള്ള കഴിവുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതിനുമുമ്പ് അവന്‍ അത് തെളിയിച്ചിട്ടുള്ളതുമാണ്,’ യുവരാജ് പറഞ്ഞു.

ഐ.പി.എല്ലില്‍ ഈ സീസണില്‍ 13 മത്സരങ്ങളില്‍ നിന്നും മൂന്ന് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 446 റണ്‍സാണ് പന്ത് നേടിയത്. 40.55 ആവറേജിലും 155.40 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം വീശിയത്. എന്നാല്‍ പന്തിന്റെ കീഴില്‍ ദല്‍ഹി ക്യാപിറ്റല്‍സിന് പ്ലേ ഓഫില്‍ യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല. 14 മത്സരങ്ങളില്‍ നിന്നും ഏഴു വീതം വിജയവും തോല്‍വിയുമായി 14 പോയിന്റുമായി ആറാം സ്ഥാനത്തായിരുന്നു പന്തും സംഘവും ഫിനിഷ് ചെയ്തിരുന്നത്.

അതേസമയം ഐ.പി.എല്ലില്‍ ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം മികച്ച പ്രകടനമാണ് സഞ്ജു നടത്തുന്നത്. 13 മത്സരങ്ങളില്‍ നിന്നും അഞ്ച് അര്‍ധസെഞ്ച്വറികള്‍ അടക്കം 504 റണ്‍സാണ് സഞ്ജു നേടിയത്. തന്റെ ഐ.പി.എല്‍ കരിയറില്‍ ഇത് ആദ്യമായാണ് ഒരു സീസണില്‍ സഞ്ജു 500 റണ്‍സ് എന്ന നാഴികക്കല്ലില്‍ എത്തുന്നത്.

അതേസമയം സഞ്ജുവിന്റെ കീഴില്‍ രാജസ്ഥാന്‍ പ്ലേ ഓഫിലേക്ക് മുന്നേറിയിരുന്നു. ഇന്ന് നടക്കുന്ന എലിമിനേറ്റര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് രാജസ്ഥാന്റെ എതിരാളികള്‍.

Content Highlight: Yuvaraj Singh names the Indian Playing Elevan for ICC T20 World cup 2024

We use cookies to give you the best possible experience. Learn more