വേള്‍ഡ് ചാമ്പ്യന്‍സ് ഓഫ് ലെജന്റ്‌സില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയെ 86 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
ഇന്ത്യക്കായി റോബിന്‍ ഉത്തപ്പ, യുവരാജ് സിങ്, യൂസുഫ് പത്താന്‍, ഇര്‍ഫാന്‍ പത്താന്‍ എന്നിവര്‍ അര്‍ധസെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. ഉത്തപ്പ 35 പന്തില്‍ 65 റണ്‍സും യുസുഫ് 23 പന്തില്‍ 51 റണ്‍സും ഇര്‍ഫാന്‍ 19 പന്തില്‍ 50 റണ്‍സും നേടി.
28 പന്തില്‍ 58 റണ്‍സ് നേടിയ ക്യാപ്റ്റന്‍ യുവരാജ് സിങ്ങിന്റെ ഇന്നിങ്‌സും ഏറെ ശ്രേദ്ധേയമായി. 210.71 സ്‌ട്രൈക്ക് റേറ്റില്‍ അഞ്ച് സിക്‌സുകളും നാല് ഫോറുകളും ആണ് യുവരാജിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഇതിന് പിന്നാലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും യുവരാജ് സ്വന്തമാക്കി.
ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ പഴയ യുവരാജിനെയാണ് ആരാധകര്‍ വീണ്ടും ക്രീസില്‍ കണ്ടത്. ഓസ്‌ട്രേലിയക്കെതിരെ പല ടൂര്‍ണമെന്റുകളിലും നോക്ക് ഔട്ടില്‍ ഇന്ത്യക്കായി മികച്ച പ്രകടനങ്ങള്‍ നടത്താന്‍ യുവരാജിന് സാധിച്ചിട്ടുണ്ട്. 2011 ഏകദിന ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍, 2007 ടി-20 ലോകകപ്പ് സെമി ഫൈനല്‍, 2000 ചാമ്പ്യന്‍സ് ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ എന്നീ ടൂര്‍ണമെന്റുകളിലായിരുന്നു ഓസ്‌ട്രേലിയക്കെതിരെ യുവരാജ് തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയത്.
2011 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 260 എന്ന ലക്ഷ്യം ഇന്ത്യ അഞ്ച് വിക്കറ്റുകളും 14 പന്തുകളും ബാക്കിനില്‍ക്കെ മറികടക്കുകയായിരുന്നു. മത്സരത്തില്‍ ഇന്ത്യക്കായി 65 പന്തില്‍ പുറത്താവാതെ 57 റണ്‍സ് നേടികൊണ്ടായിരുന്നു യുവരാജിന്റെ മിന്നും പ്രകടനം. ബൗളിങ്ങില്‍ രണ്ട് വിക്കറ്റുകളും താരം നേടി.
2007 ടി-20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഓസ്‌ട്രേക്കെതിരെ 30 പന്തില്‍ 70 റണ്‍സ് നേടി കൊണ്ടായിരുന്നു യുവരാജ് തകര്‍ത്താടിയത്. അഞ്ച് വീതം ഫോറുകളും സിക്‌സുകളുമാണ് താരം നേടിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സായിരുന്നു നേടിയിരുന്നത്. വിജയലക്ഷം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.