ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരില്‍ ഒരാളായ എം.എസ് ധോണിക്കെതിരെ കടുത്ത വിമര്‍ശനവുമായി യുവരാജ് സിങ്ങിന്റെ പിതാവും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ യോഗ്‌രാജ് സിങ്.
ഇന്ത്യന്‍ സ്റ്റാര്‍ ഓൾ റൗണ്ടര്‍ യുവരാജ് സിങ്ങിന്റെ ക്രിക്കറ്റ് ജീവിതം നശിപ്പിച്ചത് ധോണിയാണെന്നും യുവരാജിന് ഭാരതരത്‌ന പുരസ്‌കാരം നല്‍കണമെന്നുമാണ് യോഗ്‌രാജ് പറഞ്ഞത്. സീ സ്വിച്ച് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.
‘ഞാന്‍ എം. എസ് ധോണിയോട് ക്ഷമിക്കില്ല, അവന്‍ കണ്ണാടിയില്‍ അവന്റെ മുഖം നോക്കണം. അവന്‍ വളരെ വലിയ ക്രിക്കറ്റ് കളിക്കാരനാണ് എന്നാല്‍ അവന്‍ എന്റെ മകനെതിരെ ചെയ്തതെല്ലാം ഇപ്പോള്‍ പുറത്തുവരുന്നു. അത് ജീവിതത്തില്‍ ഒരിക്കലും പൊറുക്കാനാവില്ല.
ഞാന്‍ എന്റെ ജീവിതത്തില്‍ ഒരിക്കലും രണ്ടു കാര്യങ്ങള്‍ ചെയ്തിട്ടില്ല. ഒന്ന്, എനിക്കെതിരെ തെറ്റ് ചെയ്ത ആരോടും ഞാന്‍ ഒരിക്കലും ക്ഷമിച്ചിട്ടില്ല. രണ്ടാമതായി എന്റെ കുടുംബാംഗങ്ങളെയോ കുട്ടികളെയോ ഞാന്‍ ഒരിക്കലും കെട്ടിപ്പിടിച്ചിട്ടില്ല.
നാലോ അഞ്ചോ വര്‍ഷംകൂടി കളിക്കാമായിരുന്ന എന്റെ മകന്റെ ക്രിക്കറ്റ് ജീവിതം ധോണി നശിപ്പിച്ചു. ക്യാന്‍സര്‍ ബാധിച്ച് കളിച്ചതിലും രാജ്യത്തിനായി ലോകകപ്പ് നേടിയതിനും ഇന്ത്യ അദ്ദേഹത്തിന് ഭാരതരത്‌ന നല്‍കണം. ഇത് പണ്ട് ഗൗതം ഗംഭീറും വിരേന്ദര്‍ സെവാഗും പോലും പറഞ്ഞിട്ടുണ്ട്,’ യോഗ്‌രാജ് സിങ് പറഞ്ഞു.
2011ലെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായകമായ പങ്കു വഹിച്ച താരമായിരുന്നു യുവരാജ്. എന്നാല്‍ ഈ ലോകകപ്പിനുശേഷം യുവരാജിന്റെ ക്രിക്കറ്റ് കരിയറിൽ നിര്‍ഭാഗ്യകരമായ കാര്യങ്ങള്‍ ആയിരുന്നു സംഭവിച്ചത്. ലോകകപ്പ് കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്ക് ശേഷം യുവരാജിന് ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തുകയായിരുന്നു.
പിന്നീട് 2012, 2014, 2016 ടി-20 ലോകകപ്പ് 2017 ചാമ്പ്യന്‍സ് ട്രോഫി എന്നീ ടൂര്‍ണമെന്റുകളില്‍ യുവരാജ് ഇന്ത്യയെ വീണ്ടും പ്രതിനിധീകരിച്ചെങ്കിലും താരത്തിന് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സാധിക്കാതെ പോവുകയായിരുന്നു.
2015, 2019 എന്നീ വര്‍ഷങ്ങളില്‍ നടന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാനും യുവരാജിന് സാധിച്ചിരുന്നില്ല. ഒടുവില്‍ 2019 ജൂണില്‍ താരം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.
Content Highlight: Yuvaraj Singh Father Yograj Singh Criticize MS Dhoni