വിജയ്‌യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സിനിമയാണ് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. ആദ്യമായാണ് വിജയ് വെങ്കട് പ്രഭുവുമായി ഒന്നിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ഴോണറിലുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഗംഭീര വരവേല്പാണ് ലഭിച്ചത്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ശേഷമുള്ള വിജയ്‌യുടെ ആദ്യ തിയേറ്റര്‍ റിലീസ് കൂടിയാണ് ഇത്. ബിഗിലിന് ശേഷം വിജയ് ഇരട്ടവേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ഗോട്ടിനുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം.
സിനിമയിലെ ആദ്യ ഗാനം തമിഴ് പുതുവര്‍ഷത്തില്‍ പുറത്തുവിട്ടിരുന്നു. വിജയ് തന്നെയാണ് ഗാനം ആലപിച്ചത്. താരത്തിന്റെ സിനിമയിലെ ആദ്യ ഗാനം തമിഴ് പുതുവര്‍ഷത്തില്‍ പുറത്തുവിട്ടിരുന്നു. വിജയ് തന്നെയാണ് ഗാനം ആലപിച്ചത്. താരത്തിന്റെ പിറന്നാള്‍ ദിനമായ ഇന്ന് ചിത്രത്തിലെ രണ്ടാമത്തെ ഗാനവും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
വിജയ് തന്നെയാണ് രണ്ടാമത്തെ പാട്ടും പാടിയിരിക്കുന്നത്. വളരെയധികം പ്രത്യേകതകളുള്ള പാട്ടാണ് ഇത്. അന്തരിച്ച ഗായികയും യുവന്‍ ശങ്കര്‍ രാജയുടെ സഹോദരിയുമായ ഭവതരിണിയുടെ ശബ്ദം എ.ഐ ഉപയോഗിച്ച് പുനഃസൃഷ്ടിച്ചാണ് ഉപയോച്ചിട്ടുള്ളത്. ജനുവരിയിലാണ് കാന്‍സര്‍ ബാധിതയായ ഭവതരണി ഈ ലോകത്തോട് വിട പറഞ്ഞത്.
ഗാനം റിലീസായതിന് പിന്നാലെ യുവന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയാണ് ഇപ്പോള്‍ സിനിമാലോകം ചര്‍ച്ച ചെയ്യുന്നത്. സിനിമയുടെ ഷൂട്ട് തുടങ്ങിയപ്പോള്‍ തന്നെ ഭവതരിണിയെ വെച്ച് ഒരു പാട്ട് പാടിക്കണമെന്നും അതിനു വേണ്ടി ട്യൂണ്‍ കമ്പോസ് ചെയ്തിരുന്നുവെന്നും യുവന്‍ പറഞ്ഞു. എന്നാല്‍ റെക്കോഡ് ചെയ്യിക്കാന്‍ വിചാരിച്ചിരുന്ന ദിവസമാണ് ഭവതരിണിയുടെ മരണവാര്‍ത്തയറിഞ്ഞതെന്നും യുവന്‍ പറഞ്ഞു.
പിന്നീടാണ് അവളുടെ ശബ്ദം ഈ പാട്ടിന് ഉപയോഗിക്കണമെന്ന ചിന്തയില്‍ എ.ഐ ഉപയോഗിച്ച് പുനഃസൃഷ്ടിച്ചതെന്നും യുവന്‍ കൂട്ടിച്ചേര്‍ത്തു. ഈ പാട്ടിന് വേണ്ടി പ്രയത്‌നിച്ച എല്ലാ ടെക്‌നിഷ്യന്മാരോടും സിനിമയുടെ അണിയറപ്രവര്‍ത്തകരോടും നന്ദിയുണ്ടെന്നും ജീവിതത്തില്‍ സന്തോഷവും സങ്കടവും ഒരുമിച്ച് വന്ന നിമിഷമാണ് ഇതെന്നും യുവന്‍ കൂട്ടിച്ചേര്‍ത്തു.
വിജയ്ക്ക് പുറമെ പ്രഭുദേവ, പ്രശാന്ത്, ജയറാം, അജ്മല്‍ അമീര്‍, സ്‌നേഹ, മീനാക്ഷി ചൗധരി, പ്രേംജി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എ.ജി.എസ് എന്റര്‍ടൈന്മെന്റ്‌സിന്റെ ബാനറില്‍ അര്‍ച്ചന കല്പാത്തിയാണ് ചിത്രം നിര്‍മിക്കുന്നത്. സെപ്റ്റംബര്‍ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Yuvan Shankar Raja’s Instagaram story about GOAt second single is viral