|

ദളപതിയുടെ പാട്ട് മോശമാക്കി, ആരാധകരുടെ പൊങ്കാല... ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പൂട്ടി യുവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. വെങ്കട് പ്രഭുവും വിജയ്‌യും ആദ്യമായി ഒന്നിക്കുന്ന ചിത്രം സയന്‍സ് ഫിക്ഷന്‍ ഴോണറില്‍ പെടുന്ന ഒന്നാണെന്നാണ് പോസ്റ്ററുകള്‍ തരുന്ന സൂചന. ബിഗിലിന് ശേഷം വിജയ് ഇരട്ടവേഷത്തിലെത്തുന്ന സിനിമയെന്ന പ്രത്യേകതയും ഗോട്ടിനുണ്ട്. രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം തിയേറ്ററുകളിലെത്തുന്ന ആദ്യ വിജയ് ചിത്രം കൂടിയാണിത്.

ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വിജയ് പാടിയ പാട്ട് എന്ന നിലക്ക് പ്രൊമോ വീഡിയോക്ക് നല്ല ഹൈപ്പായിരുന്നു. എന്നാല്‍ കഴിഞ്ഞ സിനിമകളിലെ വിജയ് ഗാനങ്ങളുടെ ലെവലില്‍ പുതിയ പാട്ട് വന്നില്ല എന്നാണ് ആരാധകര്‍ പറയുന്നത്. ഇതിന് പിന്നാലെ സംഗീതസംവിധായകന്‍ യുവന്‍ ശങ്കര്‍ രാജക്കെതിരെ ആരാധകര്‍ രോഷാകുലരായി.

അജിതിന്റെ വലിയ ആരാധകനാണ് താനെന്ന് എല്ലാ വേദികളിലും പ്രഖ്യാപിച്ച യുവന്‍ വിജയ്ക്ക് വേണ്ടി സംഗീതം ചെയ്തപ്പോള്‍ മനഃപൂര്‍വം ഉഴപ്പ് കാണിച്ചുവെന്നും മോശം പാട്ട് കൊടുത്തുവെന്നുമാണ് ആരാധകരുടെ ആരോപണം. സോഷ്യല്‍ മീഡിയയില്‍ യുവനെതിരെ വലിയ രീതിയില്‍ വിമര്‍ശനമുയര്‍ത്തി.

ഇതിന് പിന്നാലെ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് യുവന്‍ ഡീ ആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്. യുവന്റെ അക്കൗണ്ടും പോസ്റ്റുകളും ഇന്നലെ മുതല്‍ ആര്‍ക്കും കിട്ടാതെ വന്നതോടെയാണ് സംഗതി വാര്‍ത്തയായത്. എന്നാല്‍ സംവിധായകന്‍ വെങ്കട് പ്രഭുവിന്റെ ആദ്യ സിനിമ മുതല്‍ യുവന്‍ തന്നെയാണ് സംഗീതം ചെയ്യുന്നത്. എന്നിരുന്നാലും ശരാശരി അഭിപ്രായം വന്ന പാട്ട് യൂട്യൂബില്‍ റെക്കോഡ് ഇട്ടിരുന്നു. 24 മണിക്കൂറില്‍ 24.7 മില്ല്യണ്‍ ആളുകളാണ് പാട്ട് കേട്ടത്.

രണ്ടാം സ്ഥാനത്തുള്ളതും വിജയ്‌യുടെ മറ്റൊരു പാട്ട് തന്നെയാണ്. ബീസ്റ്റിലെ അറബിക് കുത്ത് 23.7 മില്ല്യണ്‍ ആളുകളാണ് കണ്ടത്. പുതിയ വിവാദം ചിത്രത്തെ ബാധിക്കുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.

Content Highlight: Yuvan Shankar Raja deleted his Instagram account after GOAT first single release

Video Stories