ത്രിപുരയിലെ ലെനിന്‍ പ്രതിമക്ക് പിന്നാലെ തമിഴ്നാട്ടില്‍ പെരിയാര്‍ പ്രതിമയും തകര്‍ക്കുമെന്ന് യുവമോര്‍ച്ച സംസ്ഥാന നേതാവിന്റെ ഭീഷണി
National
ത്രിപുരയിലെ ലെനിന്‍ പ്രതിമക്ക് പിന്നാലെ തമിഴ്നാട്ടില്‍ പെരിയാര്‍ പ്രതിമയും തകര്‍ക്കുമെന്ന് യുവമോര്‍ച്ച സംസ്ഥാന നേതാവിന്റെ ഭീഷണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th March 2018, 10:38 am

ചെന്നൈ: ത്രിപുരയില്‍ ലെനിന്‍ പ്രതിമ തകര്‍ത്തതിനു പിന്നാലെ തമിഴ്‌നാട്ടില്‍ പെരിയാര്‍ ഇ.വി രാമസ്വാമിയുടെ പ്രതിമയും തകര്‍ക്കുമെന്ന് യുവമോര്‍ച്ച നേതാവ്. യുവമോര്‍ച്ച തമിഴ്‌നാട് വൈസ് പ്രസിഡന്റ് എസ്.ജി സൂര്യയാണ് തന്റെ വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഭീഷണി മുഴക്കിയത്.

ത്രിപുരയിലെ ലെനിന്റെ പ്രതിമ തകര്‍ത്തത് പോലെ ഒരു നാള്‍ തമിഴ്‌നാട്ടില്‍ ഈ.വി രാമസ്വാമിയുടെ പ്രതിമയും തകര്‍ക്കുമെന്നാണ് സൂര്യയുടെ ഭീഷണി.

“ത്രിപുരയില്‍ ലെനിനിന്റെ വീഴ്ച ബി.ജെ.പി വിജയകരമായി നടപ്പാക്കി. തമിഴ്‌നാട്ടിലെ ഇ.വി രാമസ്വാമി പ്രതിമ വീഴുന്ന നാളിനായി കാത്തിരിക്കുന്നു” – എന്നാണ് സൂര്യ ട്വീറ്റ് ചെയ്തത്. ട്വീറ്റ് വിവാദമായെങ്കിലും തന്റെ നിലപാടുറപ്പിച്ച് സൂര്യ വീണ്ടും ട്വീറ്റ് ചെയ്തിട്ടുണ്ട്.

“ഒരിക്കല്‍ കൂടെ ഉറക്കെ പറയാം, ഒരു ദിവസം തമിഴ്‌നാട്ടില്‍ ഇ.വി രാമസ്വാമിയുടെ പ്രതിമയും ബുള്‍ഡോസര്‍ വച്ച് തകര്‍ക്കും. ഈ ട്വീറ്റ് സൂക്ഷിച്ച് വച്ചോളൂ” – സൂര്യ പറഞ്ഞു.

ബ്രാഹ്മണ്യത്തിനെതിരെയും അനാചാരങ്ങള്‍ക്കെതിരെയും ശബ്ദിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നു ഇ.വി രാമസ്വാമി. ഇദ്ദേഹത്തോടുള്ള ആദര സൂചകമായി സ്ഥാപിച്ച പ്രതിമ തകര്‍ക്കാന്‍ മുന്‍പും ഹിന്ദു സംഘടനകളുടെ ശ്രമമുണ്ടായിട്ടുണ്ട്.

തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ ത്രിപുരയില്‍ ലെനിന്റെ പ്രതിമ ബി.ജെ.പി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. തെക്കന്‍ ത്രിപുരയില്‍ ബെലോണിയ നഗരത്തില്‍ സ്ഥിതി ചെയ്തിരുന്ന പ്രതിമയാണ് തകര്‍ത്തത്. അഞ്ചടി ഉയരത്തിലുണ്ടായിരുന്ന പ്രതിമ ബെലോണിയയിലെ കോളേജ് സ്‌ക്വയറിലായിരുന്നു നിലനിന്നിരുന്നത്. ത്രിപുര വിജയത്തിന് പിന്നാലെ സി.പി.ഐ.എം കേന്ദ്രങ്ങള്‍ക്ക് നേരെ ത്രിപുരയില്‍ വ്യാപകമായ ആക്രമണങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിമയും തകര്‍ക്കപ്പെട്ടിരിക്കുന്നത്.