ആചാരലംഘനത്തിന് സര്‍ക്കാരിനെ അനുവദിക്കില്ല; യുവതികളെ തടയുമെന്ന ഭീഷണിയുമായി യുവമോര്‍ച്ച
Sabarimala women entry
ആചാരലംഘനത്തിന് സര്‍ക്കാരിനെ അനുവദിക്കില്ല; യുവതികളെ തടയുമെന്ന ഭീഷണിയുമായി യുവമോര്‍ച്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th November 2018, 8:39 am

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന യുവതികളെ തടയുമെന്ന് യുവമോര്‍ച്ച. ആചാരം ലംഘിക്കാനുള്ള സര്‍ക്കാര്‍ നീക്കം നടക്കില്ലെന്നും യുവതികളെ തടയുമെന്നും യുവമോര്‍ച്ചാ സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു പറഞ്ഞു.

ശബരിമലയിലെ സമരപരിപാടികള്‍ ആലോചിക്കാന്‍ യുവമോര്‍ച്ച നേതൃയോഗം ഇന്ന് കോഴിക്കോട്ട് ചേരുന്നുണ്ട്.

അതേസമയം ചിത്തിര ആട്ട വിശേഷത്തോടനുബന്ധിച്ച് നാളെ നട തുറക്കുന്ന സാഹചര്യത്തില്‍ ശബരിമല സന്നിധാനത്തും പരിസരങ്ങളിലും നിരോധനാജ്ഞ നിലവില്‍ വന്നു. സന്നിധാനം, പമ്പ, നിലക്കല്‍ , ഇലവുങ്കല്‍ എന്നീ നാല് സ്ഥലങ്ങളിലാണ് ആറാം തിയ്യതി അര്‍ധരാത്രിവരെ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത പൊലീസ് സുരക്ഷയ്ക്ക് കീഴിലാണ് പ്രദേശം.

ALSO READ: ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണം; മാധ്യമങ്ങളെ ഇലവുങ്കലില്‍ തടഞ്ഞു

എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ 1200 ഓളം സുരക്ഷാംഗങ്ങളെയാണ് സുരക്ഷാ ചുമതലക്കായി നിയോഗിച്ചിരിക്കുന്നത്. യുവതി പ്രവേശനം തടയാന്‍ ഏതെങ്കിലും തരത്തിലുള്ള ശ്രമം ഉണ്ടായിട്ടുണ്ടെങ്കില്‍ മുന്‍ കരുതലായി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

തീര്‍ത്ഥാടകര്‍ തിരിച്ചറിയല്‍ രേഖകള്‍ സൂക്ഷിക്കണമെന്ന് പൊലീസ് അറിയിച്ചു. ഇരുമുടിക്കെട്ട് ഇല്ലാത്ത തീര്‍ത്ഥാടകരെ കടത്തിവിടില്ലെന്നാണ് പൊലീസിന്റെ നിലപാട്. മാധ്യമ പ്രവര്‍ത്തകര്‍ക്കും അഞ്ചാം തിയ്യതി മാത്രമേ പമ്പയിലേക്കും സന്നിധാനത്തേക്കും പ്രവേശനം അനുവദിക്കൂ.

WATCH THIS VIDEO: