മലപ്പുറം: സംസ്ഥാന സര്‍ക്കാരിനെയും എസ്.പി യതീഷ് ചന്ദ്രയെയും സമൂഹ മാധ്യമങ്ങളില്‍ അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്ത യുവമോര്‍ച്ച സംസ്ഥാന നേതാവ് അറസ്റ്റില്‍.
യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി മലപ്പുറം വഴിക്കടവ് കവളപൊയ്ക സ്വദേശി തൊണ്ടിപറമ്പില്‍ വീട്ടില്‍ അജി തോമസ് ( 33 )ആണ് അറസ്റ്റിലായത്. ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
ശബരിമല ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് യതീഷ് ചന്ദ്ര നടത്തിയ ഇടപെടലുകളെയാണ് യുവമോര്‍ച്ചാ നേതാവ് വിമര്‍ശിച്ചത്. ശബരിമലയിലെ സുരക്ഷാ ഇടപെടലുകളെ തുടര്‍ന്നാണ് ചിലര്‍ യതീഷ് ചന്ദ്രക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം തുടങ്ങിയത്.
കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടും ആര്‍.എസ്.എസും സംഘപരിവാറും എസ്.പിയെ അപമാനിക്കുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇട്ടിരുന്നു.
തുടര്‍ന്ന് സൈബര്‍സെല്‍ ശക്തമായ നിരീക്ഷണവും നടത്തിയിരുന്നു. യതീഷ് ചന്ദ്രക്കെതിരെ അപവാദം പ്രചരിപ്പിച്ച 15 പേര്‍ ഇപ്പോഴും സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലാണ്.
യതീഷ് ചന്ദ്രക്കെതിരെ ഭീഷണി പ്രസംഗം നടത്തിയ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെതിരെ പൊലീസ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കണ്ണൂരില്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുമ്പോഴാണ് പൊലീസിനെയും നിയമവാഴ്ചയെയും വെല്ലുവിളിച്ച് ശോഭാ സുരേന്ദ്രന്‍ പ്രസംഗം നടത്തിയത്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെയായിരുന്നു മാര്‍ച്ച്.
ബൂട്ടിട്ട് ചവിട്ടും പോലെയല്ല “നിയുദ്ധ” പഠിച്ചവരുടെ മുറയെന്നും നിങ്ങള്‍ക്ക് ലാത്തിയുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ദണ്ഡുണ്ടെന്നും ശോഭ പ്രസംഗിച്ചിരുന്നു.
അയ്യപ്പഭക്തരെ ഭേദ്യം ചെയ്തു കാട്ടുനീതി പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന് കര്‍പ്പൂരാഴിയില്‍ ചാടിയാലും അയ്യപ്പശാപത്തില്‍നിന്നു മോചനമുണ്ടാകില്ലെന്ന പരാമര്‍ശവും അവര്‍ നടത്തിയിരുന്നു.