തിരുവനന്തപുരം: ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണത്തിന്റെ പേരില്‍ നാക്കുപിഴ സംഭവിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയ്‌ക്കെതിരായ യുവമോര്‍ച്ചയുടെ സമരം പ്രഹസനമായി അവസാനിച്ചു. സംസ്ഥാനങ്ങളുടെ എണ്ണമറിയാത്ത മന്ത്രിയെ പഠിപ്പിക്കുന്ന തരത്തില്‍ സമരവുമായെത്തിയ പ്രതിഷേധക്കാര്‍ക്കും സംസ്ഥാനങ്ങളുടെ എണ്ണം തെറ്റുകയായിരുന്നു.
പഴയ ഇന്ത്യയുടെ ഭൂപടവുമായാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വിദ്യാഭ്യാസമന്ത്രിയ്ക്ക് ക്ലാസ് എടുക്കാനെത്തിയത്. ജമ്മു കശ്മീരിനെ കേന്ദ്രഭരണപ്രദേശമാക്കുന്നതിന് മുന്‍പുള്ള ഭൂപടമാണ് പ്രവര്‍ത്തകര്‍ കൊണ്ടുവന്നത്.
മന്ത്രിയെ ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങളുണ്ടെന്ന് പഠിപ്പിക്കാന്‍ ക്ലാസെടുക്കുന്ന തരത്തിലാണ് യുവമോര്‍ച്ച സമരം നടത്തിയത്. എന്നാല്‍ കശ്മീര്‍ കേന്ദ്രഭരണപ്രദേശമായ കാര്യമറിയാതെ ജമ്മു കശ്മീരിനെയും സംസ്ഥാനമായി കണക്കാക്കി 29 സംസ്ഥാനങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് യുവമോര്‍ച്ച പഠിപ്പിച്ചത്.
സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇന്ത്യയില്‍ 35 സംസ്ഥാനങ്ങളുണ്ടെന്ന് മന്ത്രി പറഞ്ഞത്. ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ട്രോളുകള്‍ നിറയുകയായിരുന്നു.
മന്ത്രിയുടെ നാക്കുപിഴ ആയുധമാക്കാനെത്തിയ യുവമോര്‍ച്ചയ്ക്കും സംസ്ഥാനങ്ങളുടെ എണ്ണത്തില്‍ തെറ്റ് പറ്റുകയായിരുന്നു.
തനിക്ക് നാക്കുപിഴച്ചതാണെന്ന് മന്ത്രി പറഞ്ഞിരുന്നു. തനിക്ക് പറ്റിയ ഒരു നാക്കു പിഴയായിരുന്നു അതെന്നും അതിനെ ആക്ഷേപിച്ച് ആശ്വാസം കണ്ടെത്തുന്നവര്‍ അങ്ങനെ ചെയ്യട്ടെയെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.