ശശീന്ദ്രനെ ഇരുത്തിക്കൊണ്ട് നിയമസഭ ചേരാന്‍ അനുവദിക്കില്ലെന്ന് യുവമോര്‍ച്ച
Kerala News
ശശീന്ദ്രനെ ഇരുത്തിക്കൊണ്ട് നിയമസഭ ചേരാന്‍ അനുവദിക്കില്ലെന്ന് യുവമോര്‍ച്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st July 2021, 5:49 pm

കോഴിക്കോട്: പീഡന പരാതിയില്‍ പ്രതിക്കായി ഇടപെട്ട മന്ത്രി എ.കെ. ശശീന്ദ്രനെ ഇരുത്തിക്കൊണ്ട് നിയമസഭ ചേരാന്‍ അനുവദിക്കില്ലെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍. നാളെ സമ്മേളനം ചേരുമ്പോള്‍ നിയമസഭയിലേക്ക് പ്രതിഷേധം നടത്തുമെന്നും യുവമോര്‍ച്ച പറഞ്ഞു.

എ.കെ. ശശീന്ദ്രനെ നാളെ വഴിയില്‍ തടയുന്നതുള്‍പ്പെടെയുള്ള സമര പരിപാടികള്‍ നടത്തുമെന്നും പ്രഫുല്‍ കൃഷ്ണ കോഴിക്കോട് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘എ.കെ. ശശീന്ദ്രന് മന്ത്രി സ്ഥാനത്ത് തുടരാനുള്ള അവകാശമില്ല. രാജിവെച്ച് പുറത്ത് പോകാന്‍ തയ്യാറാകണം. നാളെ നിയമസഭാ സമ്മേളനം തുടങ്ങുകയാണ്. എ.കെ. ശശീന്ദ്രന്‍ രാജിവെക്കുന്നില്ലെങ്കില്‍ നാളെ ഈ മന്ത്രിയെ ഇരുത്തിക്കൊണ്ട് നിയമസഭാ സമ്മേളനം നടത്താന്‍ യുവമോര്‍ച്ച സമ്മതിക്കില്ല. നാളെ തിരുവനന്തപുരത്ത് നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ നിയമസഭയിലേക്ക് യുവമോര്‍ച്ച ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്,’ പ്രഫുല്‍ കൃഷ്ണ പറഞ്ഞു.

കുണ്ടറ പീഡനപരാതിയില്‍ പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ച് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച മന്ത്രി നടത്തിയിരിക്കുന്നത് തികഞ്ഞ സത്യപ്രതിജ്ഞാ ലംഘനമാണ്. അല്പമെങ്കിലും ധാര്‍മ്മികതയുണ്ടെങ്കില്‍ എ.കെ. ശശീന്ദ്രന്‍ രാജിവെച്ച് പുറത്തുപോകണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു.

കേസില്‍ ഗുരുതരമായ ഈടപെടലാണ് എ.കെ. ശശീന്ദ്രന്‍ നടത്തിയിരിക്കുന്നത്. പൊതുസമൂഹത്തിന് മാതൃകയാകേണ്ട മന്ത്രിയാണ് പീഡനവിവരം മറിച്ചുവെച്ച് പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നത്. സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ശശീന്ദ്രന്‍ പറയുന്നത് കള്ളമാണെന്നും പ്രഫുല്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് മുതല്‍ പരാതിക്കാരിയായ പെണ്‍കുട്ടി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും യുവമോര്‍ച്ച പറഞ്ഞു. മന്ത്രികൂടിയിടപ്പെട്ടാണ് കേസ് അട്ടിമറിക്കാനുള്ള നീക്കമുണ്ടായതെന്നും പ്രഫുല്‍ കൃഷ്ണന്‍ ആരോപിച്ചു.

എ.കെ. ശശീന്ദ്രനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് പരാതിക്കാരി പറഞ്ഞിരിക്കുന്നത്. സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത് തന്നെ വിഷമിപ്പിച്ചുവെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.

സ്ത്രീശാക്തീകരണത്തെ കുറിച്ച് സംസാരിക്കുന്ന മുഖ്യമന്ത്രി കുറ്റാരോപിതനായ മന്ത്രിയൊടൊപ്പം നില്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിലൂടെ താനുള്‍പ്പെടുന്ന സ്ത്രീസമൂഹത്തോട് എന്ത് സന്ദേശമാണ് മുഖ്യമന്ത്രി നല്‍കുന്നതെന്നും പരാതിക്കാരി ചോദിച്ചു.

ഭാവിയിലും ഇത്തരം സംഭവങ്ങള്‍ നടന്നാല്‍ സ്ത്രീകള്‍ക്ക് ഇത്ര സുരക്ഷയേ ലഭിക്കു, കേരളത്തില്‍ ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട എന്നല്ലേ മുഖ്യമന്ത്രിയുടെ നിലപാടിലൂടെ വ്യക്തമാകുന്നതെന്നും യുവതി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് എന്‍.സി.പി. നേതാവിനെതിരെ ഉയര്‍ന്ന സ്ത്രീ പീഡന പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നത്.

എന്‍.സി.പി. സംസ്ഥാന നിര്‍വാഹക സമിതി അംഗം പദ്മാകരന്‍ കയ്യില്‍ കയറി പിടിച്ചെന്നും വാട്സ്ആപ്പിലൂടെ അപവാദ പ്രചാരണം നടത്തി എന്നുമായിരുന്നു യുവതിയുടെ പരാതി.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായിരുന്നു യുവതി, കൊല്ലത്തെ പ്രാദേശിക എന്‍.സി.പി. നേതാവിന്റെ മകളാണ്. പ്രചാരണ സമയത്ത് ഇവരെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പദ്മാകരന്‍ കയ്യില്‍ കയറിപ്പിടിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.

പുറത്തുവന്ന ഫോണ്‍ സംഭാഷണത്തില്‍ നല്ല നിലയില്‍ വിഷയം തീര്‍ക്കണമെന്നാണ് ശശീന്ദ്രന്‍ പരാതിക്കാരിയുടെ അച്ഛനോട് പറയുന്നത്. അവിടെ ചെറിയ ഒരു ഇഷ്യൂ ഉണ്ട്. അത് നമുക്ക് തീര്‍ക്കണമെന്ന് ശശീന്ദ്രന്‍ പറയുമ്പോള്‍ എന്റെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ് എന്നും, അത് ഒത്തുതീര്‍പ്പാക്കാനാണോ സാര്‍ പറയുന്നതെന്നുമാണ് അതിന് പരാതിക്കാരന്‍ മറുപടിയായി ചോദിക്കുന്നത്.

സംഭവം നടന്ന അന്നുതന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും യുവതിയുടെ പേരില്‍ ഫേക്ക് ഐഡിയുണ്ടാക്കി മോശം പ്രചാരണം നടത്തിയെന്നും ആരോപണമുണ്ട്. പരാതിയില്‍ പറയുന്ന സംഭവങ്ങള്‍ നടന്ന സമയത്തെപ്പറ്റി വ്യക്തതയില്ലെന്ന കാരണം പറഞ്ഞാണ് പൊലീസ് ഇതുവരെ കേസ് എടുക്കാതിരുന്നത്. പദ്മാകരനും, എന്‍.സി.പി. പ്രവര്‍ത്തകന്‍ രാജീവിനും എതിരെ ചൊവ്വാഴ്ചയാണ് പൊലീസ് കേസ് എടുത്തത്.

ഫോണ്‍ സംഭാഷണം പുറത്തായതിന് പിന്നാലെ പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന വിശദീകരണവുമായി ശശീന്ദ്രന്‍ എത്തിയിരുന്നു. ‘പീഡന പരാതിയാണെന്ന് അറിയില്ലായിരുന്നു. പാര്‍ട്ടിയിലെ പ്രശ്നമെന്ന നിലയ്ക്കാണ് ഇടപെട്ടത്,’ ശശീന്ദ്രന്‍ പറഞ്ഞു. കാര്യങ്ങള്‍ അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചുവെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞിരുന്നു. അദ്ദേഹത്തോട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും അവ ബോധ്യപ്പെട്ടോയെന്ന് പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും കൂടിക്കാഴ്ചക്ക് ശേഷം ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി തന്നെ വിളിപ്പിച്ചതല്ലെന്നും മറ്റു ചില വിഷയങ്ങളുമായി കൂടി ബന്ധപ്പെട്ട് താനാണ് അദ്ദേഹത്തെ കാണാനായി പോയതെന്നും ശശീന്ദ്രന്‍ പറഞ്ഞു. അദ്ദേഹം താന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധയോടെ കേട്ടിരുന്നുവെന്നും ശശീന്ദ്രന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Yuvamorcha demanding resignation of AK Sasheendran