തൃശൂര്‍: കേന്ദ്ര സഹമന്ത്രി വി.മുരളീധരനെതിരെ യുവമോര്‍ച്ച തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പ്രസീദ് ദാസ്.
കുമ്മനം മുതല്‍ ജേക്കബ് തോമസ് വരെയുള്ളവരുടെ തോല്‍വിക്ക് കാരണം മുരളീധരനാണെന്നും, അദ്ദേഹം കേരള ബി.ജെ.പിയുടെ ശാപമാണെന്നും പ്രസീദ് ദാസ് പറഞ്ഞു.
മുരളീധരനെ കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നും യുവ മോര്‍ച്ചാ നേതാവ് ആവശ്യപ്പെട്ടു.ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
ട്വീറ്റ് വിവാദമായതിന് പിന്നാലെ യുവമോര്‍ച്ച നേതാവിനെതിരെ നടപടിയെടുക്കുമെന്ന് ബി.ജെ.പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി. ഇതോടെ പ്രസീദ് ദാസ് ട്വീറ്റ് നീക്കം ചെയ്തു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്‍ വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമപ്രകാരം ആകെ പോള്‍ ചെയ്യുന്ന വോട്ടുകളുടെ ആറിലൊന്ന് (16.7%) എങ്കിലും നേടിയില്ലെങ്കില്‍ കെട്ടിവച്ച കാശ് നഷ്ടമാകും.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് പോസ്റ്റല്‍ വോട്ടടക്കം 1,35,349 വോട്ടുകളാണ് തൃക്കാക്കരയില്‍ ആകെ പോള്‍ ചെയ്തത്.
ഇതിന്റെ ആറിലൊന്നായ 22,551 വോട്ടുകള്‍ നേടിയെങ്കില്‍ മാത്രമേ കെട്ടിവച്ച കാശ് തിരികെ ലഭിക്കൂ. എന്നാല്‍ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന് 12,957 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
സംസ്ഥാന സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് തൃക്കാക്കരയിലെ ഫലമെന്നായിരുന്നു കെ.സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ഏകാധിപത്യപരമായി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളോട് ശക്തമായ വിയോജിപ്പ് ജനങ്ങള്‍ രേഖപ്പെടുത്തുകയുണ്ടായി.
തൃക്കാക്കരയില്‍ എന്‍.ഡി.എയ്ക്ക് കെട്ടിവെച്ച പണം നഷ്ടമായതില്‍ പ്രതികരണവുമായി ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയും രംഗത്തെത്തി.
തൃക്കാക്കരയില്‍ എന്‍.ഡി.എയ്ക്ക് വോട്ട് കുറഞ്ഞത് സംസ്ഥാന പാര്‍ട്ടി നേതൃത്വം സൂക്ഷമായി പരിശോധിക്കുമെന്നും പി.ടിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും മണ്ഡലത്തിലെ ജനങ്ങള്‍ കാണിച്ച സഹതാപ തരംഗമാണ് യു.ഡി.എഫിന്റെ ഈ വലിയ വിജയത്തിന് കാരണമെന്നും എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു.
Content Highlights: Yuva Morcha Thrissur district general secretary Praseed Das against central Minister V Muraleedharan