തിരുവനന്തപുരം: നിയമനക്കോഴക്കേസിലെ പ്രധാനികള്‍ കോഴിക്കോട്ടെ നാലംഗ സംഘമെന്ന് മുഖ്യപ്രതി അഖില്‍ സജീവിന്റെ മൊഴി. അഡ്വ. ബാസിത്, ലെനിന്‍ രാജ്, റഹീസ്, അനുരൂപ് എന്നിവരാണ് കേസുമായി ബന്ധപ്പെട്ടുള്ളതെന്ന് അഖില്‍ സജീവിന്റെ മൊഴിയില്‍ പറയുന്നു.
അഖില്‍ മാത്യുവെന്ന ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് അംഗത്തിന് തട്ടിപ്പുമായി ബന്ധമില്ലെന്നും ഈ നാലംഗ സംഘം ആള്‍മാറാട്ടം നടത്തി ഹരിദാസന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടാകാമെന്നും മൊഴിയില്‍ ആരോപിക്കുന്നു. സംസ്ഥാന വ്യാപകമയി ഇവര്‍ തട്ടിപ്പ് നടത്തിയെന്നും ഇയാള്‍ മൊഴിയില്‍ പറയുന്നതായി പൊലീസിനെ ഉദ്ധരിച്ചുള്ള ഏഷ്യനെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ, സ്പയ്‌സെസ് ബോര്‍ഡില്‍ ജോലി വാഗ്ദാനം നല്‍കി നാല് ലക്ഷം രൂപ സുഹൃത്തില്‍ നിന്ന് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ യുവമോര്‍ച്ച നേതാവായ രാജന്റെ പേരും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഈ കേസില്‍ ഒന്നാം പ്രതി അഖില്‍ സജീവും രണ്ടാം പ്രതി രാജനുമാണ്. കൂടിതല്‍ തെളിവുകള്‍ ശേഖരിച്ച് രാജനെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം.
വെള്ളിയാഴ്ച രാവിലെ പത്തനംതിട്ട പൊലീസാണ് അഖിലിനെ പിടികൂടിയത്. ഒളിവിലായിരുന്ന ഇയാളെ തമിഴ്നാട് തേനിയില്‍ നിന്നാണ് പത്തനംതിട്ട എസ്.പി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
സൈബര്‍ വിദഗ്ദ്ധരുടെ സഹായത്തോടെ ആദ്യം ലൊക്കേഷന്‍ കേന്ദ്രീകരിച്ച് എത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടിരുന്നു. പിന്നീട് മറ്റ് വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടാനായതെന്നും പത്തനംതിട്ട ഡി.വൈ.എസ്.പി പറഞ്ഞിരുന്നു. തട്ടിപ്പിന്റെ സൂത്രധാരന്‍ അഖില്‍ സജീവാണെന്നും പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. നിലവില്‍ അഞ്ച് കേസുകളാണ് ഇയാള്‍ക്കെതിരെ ഉള്ളത്.
Content Highlight: Yuva Morcha leader also accused in recruitment fraud case