പാലക്കാട്: പറളിയില്‍ ബ്ലേഡ് പലിശക്കാരന്റെ ഭീഷണിയില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ യുവമോര്‍ച്ച നേതാവ് ഒളിവിലെന്ന് പൊലീസ്. പറളി കിണാവല്ലൂര്‍ അനശ്വര നഗറിലെ നിര്‍മാണ തൊഴിലാളി പ്രവീണി(29)ന്റെ മരണവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച നേതാവ് സന്തോഷിനെതിരെ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
നവംബര്‍ നാലിന് അര്‍ധരാത്രിയാണ് പ്രവീണ് ആത്മഹത്യ ചെയ്യുന്നത്. നവംബര്‍ നാലിനകം വാങ്ങിയ പണം തിരിച്ചടക്കണമെന്ന ഭിഷണി സന്തോഷില്‍ നിന്നുണ്ടായിരുന്നു. എന്നാല്‍ പ്രവീണ്‍ ആത്മഹത്യ ചെയ്ത ദിവസം മുതല്‍ സന്തോഷ് പ്രദേശത്ത് നിന്ന് മുങ്ങിയിരിക്കുകയാണ്.
സന്തോഷിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണെന്നും അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് പൊലീസ് അറിയിക്കുന്നത്. യുവമോര്‍ച്ച കോങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറിയാണ് സന്തോഷ്. 10 മുതല്‍ 20 ശതമാനം പലിശ വാങ്ങിയാണ് ഇയാള്‍ പണം പലിശക്ക് കൊടുക്കുന്നത്.
പലിശ വൈകിയാല്‍ സന്തോഷ് വീട്ടലെത്തുമെന്നും വീട്ടുപകരണങ്ങള്‍ പോലും പലിശയിനത്തില്‍ അതിക്രമിച്ച് കൊണ്ടുപോകുമെന്നുമാണ് പ്രവീണിന്റെ വീട്ടുകാര്‍ പൊലീസിന് നല്‍കിയ മൊഴി. പലിശ മുടങ്ങിയതിന്റെ പേരില്‍ പ്രവീണിനെ തന്റെ വീട്ടില്‍ കൂലിയില്ലാതെ സന്തോഷ് ജോലി ചെയ്യിപ്പിച്ചിട്ടുണ്ടെന്നും മൊഴിയില്‍ പറയുന്നു.
ആത്മഹത്യാപ്രേരണ, പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമം എന്നീ വകുപ്പുകളാണ് സന്തോഷിനെതിരെ ചേര്‍ത്തത്.
പ്രവീണിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. കട ബാധ്യത കാരണമാണ് താന്‍ മരിക്കുന്നതെന്നും ഇതില്‍ ഉത്തരവാദിത്തം തനിക്കു മാത്രമാണെന്നുമാണ് പ്രവീണ്‍ കുറിച്ചിരുന്നത്.
CONTENT HIGHLIGHT: YuvaMorcha leader accused in Parali murder of young man after being threatened by blade mafiya is absconding