ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കുമ്പള: പൗരത്വ ഭേദഗതി നിയമത്തെത്തുടര്‍ന്നു നാല്‍പ്പതുവര്‍ഷം മുന്‍പു നാടുവിട്ടയാള്‍ പൗരത്വം തെളിയിക്കാനായി രേഖകള്‍ തേടി നാട്ടിലെത്തി. കാസര്‍കോട്ടെ കുമ്പള ബംബ്രാണയിലെ മുസ്‌ലിയാര്‍വളപ്പില്‍ യൂസുഫ് എന്ന 69-കാരനാണു കഴിഞ്ഞ ദിവസം രേഖകള്‍ തേടിയെത്തിയതെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ബംബ്രാണയിലെ പരമ്പരാഗത കര്‍ഷക കുടുംബത്തില്‍ ജനിച്ച യൂസുഫ് വിവാഹശേഷം ജോലി തേടി മുംബൈയ്ക്കു പോയതായിരുന്നു. പിന്നീട് തമിഴ്‌നാട്ടിലെത്തി. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ആലുവയിലെത്തി മറ്റൊരു വിവാഹം കഴിച്ച് അവിടെ താമസിച്ചു.
അതിനുശേഷം ഇപ്പോഴാണ് അദ്ദേഹം നാട്ടിലെത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതോടെ, കുടുംബത്തിനു പൗരത്വ രേഖകള്‍ ആവശ്യമായി വരും എന്നായതോടെ മക്കളാണ് അദ്ദേഹത്തില്‍ സമ്മര്‍ദം ചെലുത്തിത്തുടങ്ങിയത്.
വര്‍ഷങ്ങള്‍ക്കു മുന്‍പു നാടുവിട്ടുപോയ യൂസുഫിന്, സ്വന്തം നാട്ടിലെത്തി ബന്ധുക്കളെ അഭിമുഖീകരിക്കാന്‍ കഴിയില്ലെന്നു വന്നതോടെ മകന്‍ തന്‍സീര്‍ ആ ഉത്തരവാദിത്വം ഏറ്റെടുത്തു. നാലുദിവസം മുന്‍പാണ് തന്‍സീര്‍ ബംബ്രാണയിലെത്തിയത്. ബംബ്രാണ ജമാഅത്ത് പള്ളിക്കരികിലെത്തി അന്വേഷിച്ചു വീട് കണ്ടുപിടിച്ചു.
യൂസുഫിന്റെ അനിയന്‍ പോക്കറും കുടുംബവും രണ്ടു സഹോദരിമാരും ചേര്‍ന്നാണ് തന്‍സീറിനെ സ്വീകരിച്ചത്. തുടര്‍ന്നു വീട്ടുകാര്‍ വീഡിയോ കോള്‍ വഴി യൂസുഫിനെ ബന്ധപ്പെട്ട് നേരില്‍ കാണാനുള്ള ആഗ്രഹം അറിയിച്ചു. വ്യാഴാഴ്ച രാവിലെയാണ് യൂസുഫും ഭാര്യയും മകളും നാട്ടിലെത്തിയത്.
വര്‍ഷങ്ങളായി ഒരു വിവരവും ലഭിക്കാത്തതിനെത്തുടര്‍ന്ന് യൂസുഫ് മരിച്ചിരിക്കാമെന്നായിരുന്നു വീട്ടുകാര്‍ കരുതിയിരുന്നത്. നാട്ടിലെത്തിയ യൂസുഫും ഭാര്യയും മകളും ആദ്യഭാര്യയിലെ മകള്‍ മിസ്‌രിയയുടെ വീട്ടിലാണു തങ്ങിയത്. 10 വര്‍ഷം മുന്‍പ് യൂസുഫിന്റെ ഉമ്മ ആസ്യുമ്മയും ജ്യേഷ്ഠന്‍ മുഹമ്മദും മരിച്ചിരുന്നു.
ചിത്രത്തിന് കടപ്പാട്: മാധ്യമം