ഹൈദരാബാദ്: ടി- ട്വന്റി ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ ഒഴിച്ച് കൂടാന്‍ കഴിയാത്ത പേരാണ് യൂസഫ് പത്താന്‍ എന്ന പവര്‍ ഹിറ്ററിന്റേത്. സഹോദരന്‍ ഇര്‍ഫാന്‍ പത്താനെപോലെ ഓള്‍റൗണ്ടറായി ദേശീയ ടീമിലേക്ക് കടന്നുവന്ന താരത്തിനു ടീമില്‍ സ്ഥിരസാന്നിധ്യമാകാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും ലഭിക്കുന്ന അവസരങ്ങളിലെല്ലാം കൂറ്റന്‍ ഷോട്ടുകള്‍ പായിക്കുന്ന താം എതിര്‍ ടീമിന്റെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നതാണ്.
നിലയുറപ്പിച്ചാല്‍ ഏത് ലോകത്തോര ബൗളറെയും അതിര്‍ത്തി കടത്തുന്ന യൂസഫ് പത്താന്‍ ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ്. കഴിഞ്ഞ സീസണ്‍ വരെ കൊല്‍ക്കത്തയ്ക്കായി മികച്ച പ്രകടനം കാഴ്ചവെച്ച താരം ഇന്നലെ ചെന്നൈസൂപ്പര്‍ കിങ്‌സിനെതിരെയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
27 പന്തില്‍ നാലു പടുകൂറ്റന്‍ സിക്‌സറുകളുടെയും 1 ഫോറിന്റെയും അകമ്പടിയോടെ 45 റണ്‍സാണ് യൂസഫ് പത്താന്‍ നേടിയത്. നായകന്‍ വില്യംസണു ഉറച്ച പിന്തുണ നല്‍കി ടീമിനെ വിജയതീരത്തോടടുപ്പിക്കാനും താരത്തിനു കഴിഞ്ഞിരുന്നു.
വില്യംസണ്‍ 51 പന്തുകളില്‍ നിന്ന് 84 റണ്‍സായിരുന്നു മത്സരത്തില്‍ നേടിയത്. നാല് റണ്‍സിനായിരുന്നു ഹൈദരാബാദ് ചെന്നൈയോട് തോറ്റത്. ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത ഹൈദരാബാദിനെതിരേ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്ത ചെന്നൈ 178 റണ്‍സിന് ഹൈദരാബാദിനെ തളക്കുകയായിരുന്നു.