ഹൈദരാബാദ്: ഐ.പി.എല്‍ 2018 സീസണിലെ കറുത്ത കുതിരകളായി പോയന്റ് പട്ടികയില്‍ മുന്നില്‍ കുതിക്കുകയാണ് ഹൈദരാബാദ്. ബാറ്റിംഗ് നിര പരാജയപ്പെടുമ്പോള്‍ അവസരത്തിനൊത്തുയരുന്ന ബൗളിംഗ് നിരയ്ക്ക് മികച്ച പിന്തുണ നല്‍കുന്ന ഫീല്‍ഡിംഗ് പ്രകടനങ്ങളാണ് ഹൈദരാബാദിന്റെ ശക്തി.
ഇന്നലെ ബാംഗ്ലൂരിനെതിരായ മത്സരത്തിലും ഹൈദരാബാദ് താരങ്ങള്‍ ഫീല്‍ഡിംഗില്‍ മികച്ചുനിന്നു. 146 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂരിനെ മെല്ലെ ജയത്തോടടുപ്പിക്കുന്ന പ്രകടനമായിരുന്നു നായകന്‍ വിരാട് കോഹ്‌ലിയുടേത്. എന്നാല്‍ നിലയുറപ്പിച്ച കോഹ്‌ലിയെ ബംഗ്ലാദേശ് താരം ഷാകിബ് അല്‍ ഹസന്‍ യൂസഫ് പത്താന്റെ കൈകളിലെത്തിച്ച് സണ്‍റൈസേഴ്‌സിന് ബ്രേക്ക് ത്രൂ നല്‍കുകയായിരുന്നു.
9.4 ഓവറില്‍ രണ്ടിന് 74 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് 39 റണ്‍സെടുത്ത കോഹ്‌ലിയെ മനോഹരമായ ക്യാച്ചിലൂടെ പത്താന്‍ പിടിച്ചുപുറത്താക്കിയത്. ഷാകിബിന്റെ പന്തിന്റെ ഗതിയറിയാതെ ബാറ്റുവീശിയ കോഹ്‌ലി അടിച്ച പന്ത് പിറകിലേക്കോടി ഉയര്‍ന്നുപൊങ്ങി യൂസഫ് പത്താന്‍ ഒറ്റക്കൈയില്‍ പിടിക്കുകയായിരുന്നു.
ALSO READ: ബൗളിംഗ് കരുത്തില്‍ വീണ്ടും ഹൈദരാബാദ്; ബാംഗ്ലൂര്‍ പുറത്തേക്ക്
പത്താന്റെ പ്രകടനം കണ്ട് കമന്റേറ്റര്‍മാരും ടീമംഗങ്ങളും ഒരുനിമിഷം തരിച്ചുനിന്നു. പത്താന്റെ ക്യാച്ചോടെ നിര്‍ണായക വിക്കറ്റാണ് ഹൈദരാബാദ് സ്വന്തമാക്കിയത്.
നിര്‍ണായക മത്സരത്തിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അഞ്ച് റണ്‍സിനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റത്.
ഹൈദരാബാദിന്റെ സ്‌കോറായ 146 റണ്‍സ് പിന്തുടര്‍ന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് നേടാനേ സാധിച്ചുള്ളു. ജയിക്കാന്‍ അവസാന ഓവറില്‍ 12 റണ്‍സാണ് ബാംഗ്ലൂരിന് നേടേണ്ടിയിരുന്നത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിനെ മികച്ച് ടോട്ടല്‍ പടുത്തുയര്‍ത്താനായില്ല. വമ്പനടിക്കാരായ അലക്‌സ് ഹെയ്ല്‍സിനെയും(5), ശിഖര്‍ ധവാനെയും (13) പവര്‍പ്ലേ ഓവറുകളില്‍ത്തന്നെ നഷ്ടമായതോടെ ഹൈദരാബാദ് തുടക്കത്തിലേ പരുങ്ങലിലായി. ഒന്‍പതാം ഓവറില്‍ അഞ്ചു റണ്‍സോടെ മനീഷ് പാണ്ഡെയും മടങ്ങുമ്പോള്‍ ഹൈദരാബാദ് സ്‌കോര്‍ ബോര്‍ഡില്‍ 48 റണ്‍സേ എത്തിയിരുന്നുള്ളു.
നാലാം വിക്കറ്റില്‍ 74 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ വില്യംസണും (56) ഷാക്കിബുമാണ് (35) ഹൈദരാബാദിന്റെ പ്രധാന സ്‌കോറര്‍മാര്‍.
മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന്റെ ശക്തമായ ബാറ്റിംഗ് നിരയെ ഹൈദരാബാദ് മികച്ച് ബൗളിംഗിലൂടെ പിടിച്ചുകെട്ടുകയായിരുന്നു. കോഹ്‌ലി 39 റണ്‍സെടുത്തപ്പോള്‍ അവസാന ഓവറില്‍ വിജയപ്രതീക്ഷ നല്‍കി മന്‍ദീപ് 21 റണ്ണും കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം 33 റണ്‍സുമെടുത്തു.
ജയിക്കാന്‍ അവസാന ഓവറില്‍ 12 റണ്‍സാണ് ബാംഗ്ലൂരിന് നേടേണ്ടിയിരുന്നത്.
എന്നാല്‍ ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ ആറു റണ്‍സ് നേടാനേ ബാംഗ്ലൂരിനു സാധിച്ചുള്ളു. അവസാന പന്തില്‍ സിക്‌സ് നേടണം എന്ന നിലയില്‍ കൊളിന്‍ ഡിഗ്രാന്‍ഡോമിനെ ബോള്‍ഡാക്കി ഭുവനേശ്വര്‍ കുമാര്‍ ഹൈദരാബാദിന്റെ വിജയം ആഘോഷിച്ചു.
ALSO READ: ‘ഈ. മ. യൌ’-വും ‘ശവ’വും രണ്ടാണ്, രണ്ടുതന്നെയാണ്…
ജയത്തോടെ ഹൈദരാബാദ് പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ചു. തോല്‍വിയോടെ ബാംഗ്ലൂരിന്റെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങി. 10 കളികളില്‍ മൂന്ന് ജയം മാത്രമുള്ള ബാംഗ്ലൂര്‍ ആറാം സ്ഥാനത്താണ്.
WATCH THIS VIDEO: