സിം-ആഫ്രോ ടി-10 ലീഗില്‍ ജോബെര്‍ഗ് ബഫലോസിനെ ഫൈനലിലെത്തിച്ച് യൂസുഫ് പത്താന്‍. കഴിഞ്ഞ ദിവസം ഹരാരെയില്‍ നടന്ന ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ വിജയിച്ചതിന് പിന്നാലെയാണ് ജോബെര്‍ഗ് ഫൈനലില്‍ പ്രവേശിച്ചത്. ഡര്‍ബന്‍ ഖലന്ദേഴ്‌സിനെയാണ് ബഫലോസ് പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ ടോസ് നേടിയ ജോബെര്‍ഗ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആന്ദ്രേ ഫ്‌ളച്ചറിന്റെയും ആസിഫ് അലിയുടെയും ഇന്നിങ്‌സിന്റെ ബലത്തില്‍ ഖലന്ദേഴ്‌സ് നിശ്ചിത ഓവറില്‍ 140 റണ്‍സ് നേടി.
ഫ്‌ളച്ചര്‍ മൂന്ന് സിക്‌സറിന്റെയും നാല് ബൗണ്ടറിയുടെയും അകമ്പടിയോടെ 14 പന്തില്‍ 39 റണ്‍സ് നേടിയപ്പോള്‍ 12 പന്തില്‍ നിന്നും 32 റണ്‍സായിരുന്നു ആസിഫ് അലിയുടെ സമ്പാദ്യം. അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറുമാണ് ആസിഫ് അലിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
ഫ്‌ളച്ചറിനും ആസിഫിനും പുറമെ ഒമ്പത് പന്തില്‍ 24 റണ്‍സ് നേടിയ നിക് വെല്‍ച്ചും 16 പന്തില്‍ 20 റണ്‍സ് നേടിയ മിസ ബായ്ഗും ഖലന്ദേഴ്‌സ് ഇന്നിങ്‌സില്‍ നിര്‍ണായകമായി. ഒടുവില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് എന്ന തകര്‍പ്പന്‍ സ്‌കോറാണ് ഖലന്ദേഴ്‌സ് സ്വന്തമാക്കിയത്.
ബഫലോസിനായി നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബ്ലെസ്സിങ് മുസരബാനിയും വിക്ടര്‍ ന്യൂച്ചിയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബഫലോസിന് പ്രതീക്ഷിച്ച വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ സാധിച്ചില്ല. സ്‌കോര്‍ ബോര്‍ഡില്‍ 25 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ആദ്യ രണ്ട് വിക്കറ്റുകള്‍ വീണിരുന്നു. ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസ് (എട്ട് പന്തില്‍ 17), വിക്കറ്റ് കീപ്പര്‍ ടോം ബാന്റണ്‍ (നാല് പന്തില്‍ നാല്) എന്നിവരുടെ വിക്കറ്റാണ് ബഫലോസിന് തുടക്കത്തിലേ നഷ്ടമായത്.
എന്നാല്‍ നാലാം നമ്പറില്‍ യൂസുഫ് പത്താന്‍ ഇറങ്ങിയതോടെ കളി ബഫലോസിന്റെ കയ്യിലായി. ഒന്നിന് പിറകെ ഒന്ന് എന്ന നിലയില്‍ സിക്‌സറുകള്‍ ഹഹാരെയുടെ ആകാശത്തെ ചുംബിച്ചപ്പോള്‍ ഖലന്ദേഴ്‌സ് കളി മറന്നു. ഒമ്പത് സിക്‌സറും നാല് ബൗണ്ടറിയുമാണ് പത്താന്റെ ബാറ്റില്‍ നിന്നും പിറന്നത്. 26 പന്തില്‍ പുറത്താകാതെ 80 റണ്‍സാണ് കഴിഞ്ഞ മത്സരത്തില്‍ താരം നേടിയത്.
അതേസമയം, ആദ്യ ക്വാളിഫയറില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാം ക്വാളിഫയറില്‍ വിജയിച്ച് ഖലന്ദേഴ്‌സും ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. എലിമിനേറ്റര്‍ മത്സരം വിജയിച്ചെത്തിയ ഹരാരെ ഹറികെയ്ന്‍സിനെ കെട്ടുകെട്ടിച്ചാണ് ഖലന്ദേഴ്‌സ് വിജയം സ്വന്തമാക്കിയത്.
The Qalandars bowlers have put a halt to the run fest on Playoffs day!