| Sunday, 7th February 2021, 8:52 pm

പാണക്കാട് തങ്ങളുടെ മകന് ബോധ്യപ്പെടാത്ത കണക്കാണിത്, ഒന്നര വര്‍ഷം മുന്‍പ് കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍ പോയി ഇതെല്ലാം പറഞ്ഞിരുന്നു; ആരോപണങ്ങളില്‍ ഉറച്ച് യൂസഫ് പടനിലം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കത്‌വ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട ഫണ്ട് പിരിവില്‍ നടന്നത് ഗുരുതരമായ സാമ്പത്തിക തട്ടിപ്പെന്ന് യൂത്ത് ലീഗ് മുന്‍ ദേശീയ നിര്‍വാഹക സമിതി അംഗം യൂസഫ് പടനിലം. ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റ പരാമര്‍ശം.

പുറത്തുനിന്ന് പിരിച്ചെടുത്ത തുകയുടെ കണക്കുകള്‍ ഇതുവരെ ഭാരവാഹികള്‍ സംഘടനയ്ക്കകത്ത് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂസഫ് പടനിലത്തിന്റെ വാക്കുകള്‍:

പാണക്കാട് ഹൈദരലി തങ്ങളുടെ മകനായ മുഈന്‍ അലി തങ്ങള്‍ക്ക് ബോധ്യപ്പെടാത്ത കണക്കാണിത്. ഒന്നരവര്‍ഷം മുന്‍പ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍ ഞങ്ങള്‍പോയി. ഞങ്ങള്‍ പറഞ്ഞു ഇങ്ങനെയൊരു ആരോപണം ഉണ്ട്. ഈ അക്കൗണ്ട് സംബന്ധിച്ച് വ്യാപകമായ പരാതിയുണ്ട്. എത്ര പണം പിരിച്ചുവെന്ന് അറിയില്ല എന്ന്.

ഈ പണത്തിന്റെ സത്യാവസ്ഥ യോഗത്തില്‍ വക്കുന്നില്ല. പാണക്കാട് ഹൈദരലി തങ്ങളുടെ മകന് അത് ബോധ്യപ്പെടുത്താന്‍ കഴിയുന്നില്ല. അവസാനം നിര്‍വാഹമില്ലാതെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകാന്‍ തയ്യാറായി ഞാനിത് ജനങ്ങളോട് പറഞ്ഞത്.

ഞാനിത് പറഞ്ഞതിന് ശേഷമാണ് മുഈന്‍ അലി തങ്ങള്‍ക്ക് പോലും ഇത് ബോധ്യപ്പെടുത്തിക്കൊടുത്തത്.

ഇത് അതിഗുരുതരമായ സാമ്പത്തിക ക്രമക്കേടാണ്. വിദേശത്ത് നിന്ന് പണം സ്വീകരിച്ചു. കോഴിക്കോട്ടെ പഞ്ചാബ് നാഷന്‍ ബാങ്കിലാണ് ഇതിന്റെ അക്കൗണ്ട്. ഒന്നാമത്തെ സംഭാവന അയച്ചത് ചടയമംഗലം സ്വദേശി ദുബായിയിലെ രാജീവനാണ്. 25000 രൂപയാണ് അയച്ചത്.

ഓണ്‍ലൈന്‍ രസീത് അപ്പോള്‍ തന്നെ ഞങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ വന്നു. ഞങ്ങളുടെ സെക്രട്ടറി അപ്പോള്‍ തന്നെ പറഞ്ഞു ഇതാ ആദ്യത്തെ വിദേശ ഫണ്ട് വന്നു എന്ന്.

ഇവര്‍ പുറത്തുവിട്ട 39 ലക്ഷത്തിന്റെ കണക്കില്‍ വിദേശ ഫണ്ട് എത്രയാണെന്ന് വ്യക്തമല്ല. അതുമാത്രമല്ല അക്കൗണ്ടിലേക്ക് കമ്മിറ്റികള്‍ മുഖാന്തിരം പിരിച്ച തുക പോയിട്ടില്ല. കോടികള്‍ വരും ഇത്.

ഞാനും മുഈന്‍ അലി തങ്ങളും ബാങ്കില്‍ പോയി. മാനേജരെ കണ്ട് സംസാരിച്ചു. ഇതൊരു മൂന്ന് പേരുള്ള ജോയിന്റ് അക്കൗണ്ടാണ്. അതില്‍ പാന്‍ കാര്‍ഡ് മെന്‍ഷന്‍ ചെയ്തിട്ടില്ല. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണിത്.

നേരത്തെ കത്‌വ കേസ് നടത്തിപ്പിനായി കേരളത്തില്‍ നിന്ന് യൂത്ത് ലീഗ് ഒരു കോടി രൂപ പിരിച്ചുവെന്നും ഇത് കൈമാറിയില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ പിരിച്ചെടുത്ത തുക ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കുമടക്കം കൈമാറിയെന്നാണ് യൂത്ത് ലീഗ് നേതൃത്വം അറിയിച്ചിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Yusuf Padanilam Youth League Fund Fraud Kathua Unnao

We use cookies to give you the best possible experience. Learn more