ദുബായ്: കേരളത്തില്‍ ഘട്ടംഘട്ടമായി 1500 മുതല്‍ 2000 വരെ കോടിയുടെ നിക്ഷേപം നടത്താന്‍ പ്രമുഖ വ്യവസായിയും എം.കെ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ എം.എ യൂസഫലി ഒരുങ്ങുന്നു.
കൊച്ചി ഇടപ്പള്ളിയില്‍ ഷോപ്പിങ് മാള്‍, ബോള്‍ഗാട്ടിയില്‍ ഗ്രാന്‍ഡ് ഹയാത്തുമായി ചേര്‍ന്നു നിര്‍മിക്കുന്ന കണ്‍വന്‍ഷന്‍ സെന്റര്‍, ആലുവയില്‍ 20 ലക്ഷം ചതുരശ്ര അടിയില്‍ രാജ്യത്തെ ഏറ്റവും വലിയ ലോജിസ്റ്റിക് സെന്റര്‍, രാജ്യാന്തര വിമാനസര്‍വീസുകളിലെ കേറ്ററിങ് സേവനം, കോഴിക്കോട്ടെ നിര്‍ദ്ദിഷ്ട കണ്‍വന്‍ഷന്‍ സെന്റര്‍ എന്നിവയാണ് പുതുതായി നിക്ഷേപമിറക്കുന്ന പദ്ധതികള്‍.
കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ നിക്ഷേപകനാകാനാണു ശ്രമിക്കുന്നതെന്ന് യൂസഫലി പറഞ്ഞു. സെപ്റ്റംബറില്‍ എമര്‍ജിങ് കേരള ഉച്ചകോടിയില്‍ കൂടുതല്‍ പദ്ധതികളുടെ സാധ്യതകള്‍ ആരായുമെന്നും യൂസഫലി പറഞ്ഞു.
ശീതീകരിച്ചതും അല്ലാത്തതുമായ ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിക്കായി ആരംഭിക്കുന്ന ലോജിസ്റ്റിക് സെന്ററില്‍ മൂവായിരത്തോളം തൊഴിലവസരങ്ങളുണ്ടാവും. കൊഴിക്കോട്ടെ കണ്‍വന്‍ഷന്‍ സെന്ററിനോടൊപ്പം ലുലുവിന്റെ നക്ഷത്ര ഹോട്ടലുമുണ്ടാകും. നിലവില്‍ 22,00 മലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളിലെ ലുലുവിന്റെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ വിവിധ രാജ്യങ്ങളിലെ തൊഴില്‍രംഗത്തു സ്വദേശിവല്‍ക്കരണത്തിന് ഊന്നല്‍ ഏറുന്ന സാഹചര്യത്തില്‍ കേരളത്തില്‍ അഭ്യസ്തവിദ്യര്‍ക്കു സ്വന്തം നാടിന്റെ സാധ്യതകള്‍ തേടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.