| Friday, 12th April 2024, 4:53 pm

യൂറി ഗഗാറിന്‍, ലെനിന്റെ പാര്‍ട്ടിക്കാരനായ ബഹിരാകാശ വിജയി

പി.ടി. രാഹേഷ്

1961 ഏപ്രില്‍ 12ന് യൂറി ഗഗാറിന്‍ ആദ്യമായി ബഹിരാകാശത്ത് എത്തിയെന്നും ഭൂമിയെ പ്രദക്ഷിണം ചെയ്തുവെന്നും നമുക്കറിയാം. സാങ്കേതികവിദ്യയുടെയും നിര്‍മ്മിത ബുദ്ധിയുടെയും അനന്ത സാധ്യതകള്‍ ഒന്നുമില്ലാതിരുന്ന കാലത്ത് തന്നെ ഇത് സാധ്യമായത് എങ്ങനെയെന്ന് നാം ആലോചിച്ചിട്ടുണ്ടോ ?

കമ്മ്യൂണിസ്റ്റ് ഭരണത്തിനു കീഴില്‍, ശാസ്ത്രത്തിന്റെ വളര്‍ച്ചക്കൊപ്പം വളരെ സാധാരണക്കാരനായ മനുഷ്യന് ഏത് ഉന്നതിയിലേക്കും എത്തിച്ചേരാം എന്നത് കൂടിയാണ് ഈ സംഭവത്തെ സവിശേഷമാക്കുന്നത്.

‘ആദ്യത്തെ ബഹിരാകാശ സഞ്ചാരി മഹാനായ ലെനിന്റെ പാര്‍ട്ടിയില്‍ പെട്ട ഒരു സോവിയറ്റ് പൗരനായതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഇത് യുദ്ധക്കൊതിയന്മാരായ ദുഷ്ട ശക്തികള്‍ക്കെതിരെ അധ്വാനവും ശാസ്ത്രവും നേടിയ വിജയമാണ്’ ,

നക്ഷത്രങ്ങളിലേക്കുള്ള നടപ്പാത വെട്ടി തുറന്നു കൊണ്ട് യൂറി ഗഗാറിന്‍ മനുഷ്യരാശിക്ക് നല്‍കിയ സേവനത്തിന്റെ പേരില്‍ ‘ഹീറോ ഓഫ് സോവിയറ്റ് യൂണിയന്‍’ എന്ന ബഹുമതി നല്‍കിക്കൊണ്ട് പ്രധാനമന്ത്രി ക്രൂഷ്‌ച്ചേവ് രാജ്യത്തെ അഭിസംബോധന ചെയ്തത് സംസാരിച്ചത് ഇങ്ങനെയാണ്.

യൂറി ഗഗാറിനുമായി ടെലഫോണില്‍ സംസാരിക്കുന്ന പ്രധാനമന്ത്രി ക്രൂഷ്ച്ചേവ്

‘ഹലോ ഭൂമി, ഇത് ബഹിരാകാശ സഞ്ചാരി ഗഗാറിനാണ്. ഞാന്‍ ഉപകരണങ്ങളെല്ലാം സൂക്ഷ്മമായി പരിശോധിച്ചു. എല്ലാം ക്രമമായ നിലയ്ക്കാണ്, ആര്‍ദ്രത 65%, താപനില 19 ഡിഗ്രി സെല്‍ഷ്യസ്. എന്റെ ഹൃദയസ്പന്ദനം സാധാരണഗതിയിലാണ്.

വാഹനത്തില്‍ സുഖകരമായ അന്തരീക്ഷം. പുറപ്പെടാന്‍ തയ്യാര്‍’ – ബഹിരാകാശ പേടകത്തില്‍ കയറിയിരുന്ന് യൂറി ഗഗാറിന്‍ നിയന്ത്രണ കേന്ദ്രത്തിലേക്ക് വിളിച്ചു പറഞ്ഞു. ചൂളം വിളി പോലുള്ള ഒരു ശബ്ദവും അത്യുഗ്രമായ ഒരു ഗര്‍ജ്ജനവും യൂറിയുടെ കാതില്‍ വന്നലച്ചു. റോക്കറ്റ് ലോഞ്ചിംഗ് പാഡില്‍ നിന്നും സാവധാനം ഉയരാന്‍ തുടങ്ങി.

വെള്ളിരേഖ പോലെ നീണ്ടുകിടക്കുന്നത് സൈബീരിയയിലെ മഹാനദികളാണ്. ഭൂമിയിലെ നദികളും കാടുകളും ഒക്കെ വ്യക്തമായി കാണാം അതിമനോഹരമായ കാഴ്ച. ഗുരുത്വാകര്‍ഷണ ബലം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് – യൂറി ഭൂമിയിലേക്ക് ആദ്യ സന്ദേശമയച്ചു.

ഗുരുത്വാകര്‍ഷണബലം കുറയുകയും, ഭാരം കൊണ്ട് സീറ്റില്‍ നിന്ന് എണീക്കാനോ അനങ്ങാനോ സാധിക്കാത്ത ഒരു അവസ്ഥയില്‍ നിന്നു മാറി, പഞ്ഞി തൂവലിനേക്കാള്‍ ഭാരം കുറഞ്ഞ ജീവിയായി മാറുന്നതായി യൂറിക്ക് തോന്നി. ഭൂഗുരുത്വത്തിന് വിധേയമായി ജീവിക്കുന്ന നമുക്ക് ഭാരരഹിതാവസ്ഥ പറഞ്ഞാല്‍ മനസ്സിലാവാത്ത വിധം അപരിചിതമായൊരു അനുഭവമാണ്.

യാത്രക്കിടയിലെ എല്ലാ അനുഭവങ്ങളും ഉറക്കെ പറയണം എന്നാണ് ചട്ടം – വാഹനത്തിനകത്തുള്ള ഒരു ടേപ്പ് റെക്കോര്‍ഡര്‍ ഇതെല്ലാം രേഖപ്പെടുത്തും. ആകാശത്തിന്റെ അനന്ത വിശാലതയില്‍ ചിതറിക്കിടക്കുന്ന നക്ഷത്രങ്ങളെ കണ്ടപ്പോള്‍ ഉഴുതുമറിച്ച വയലില്‍ പുതുതായി വിതച്ച ഗോതമ്പുമണികളാണ് യൂറിക്ക് ഓര്‍മ വന്നത്. ബഹിരാകാശത്തു നിന്ന് കാണുന്ന സൂര്യന് ഭൂമിയില്‍ നിന്ന് കാണുന്നതിനേക്കാള്‍ തീവ്രതയേറെയാണ്. ഭൂമിയെ അതിന്റെ തനിരൂപത്തില്‍ ആദ്യമായി കാണാന്‍ സാധിച്ചതും ഗഗാറിനാണ്. വോസ്റ്റോക്കിന്റെ വിക്ഷേപണം മുതല്‍ ഭൂമിയില്‍ ഇറങ്ങുന്നത് വരെയുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും യൂറി വിജയകരമായി പൂര്‍ത്തീകരിച്ചു.

ബഹിരാകാശത്ത് പോകാന്‍ തനിക്ക് അവസരം ലഭിക്കുകയാണെങ്കില്‍ അത് മഹാനായ ലെനിന്റെ പാര്‍ട്ടിയിലെ ഒരു അംഗമെന്ന നിലയില്‍ ആയിരിക്കണമെന്ന ആഗ്രഹം യൂറിക്ക് ഉണ്ടായിരുന്നു. ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളില്‍ താന്‍ ലെനിന്റെ പാര്‍ട്ടിയിലെ ഒരംഗമാണെന്ന് അഭിമാനപൂര്‍വ്വം സ്മരിക്കുന്നത് സോവിയറ്റ് പൗരന്റെ സ്വഭാവമാണ്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം ലഭിക്കണമെങ്കില്‍ ഒരു നിശ്ചിതസമയം കാന്‍ഡിഡേറ്റ് മെമ്പറായി പ്രവര്‍ത്തിക്കണം. ആര്‍ട്ടിക് പ്രദേശത്ത് ജോലി ചെയ്തിരുന്ന സമയത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥി അംഗമായി പ്രവര്‍ത്തിച്ചിരുന്നതിനെ കുറിച്ച് മേലുദ്യോഗസ്ഥനും ബന്ധപ്പെട്ട ഘടകത്തിലെ പാര്‍ട്ടി ഭാരവാഹിയും റിപ്പോര്‍ട്ട് അയച്ചിരുന്നു.

ഔദ്യോഗിക ചുമതലകളും പാര്‍ട്ടി പ്രവര്‍ത്തനങ്ങളും ഒരുപോലെ നിര്‍വഹിക്കാന്‍ ആത്മാര്‍ത്ഥതയും കഴിവുമുള്ള ചെറുപ്പക്കാരനാണ് യൂറി എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നത്. പരിശോധനകള്‍ക്കു ശേഷം അംഗത്വ കാര്‍ഡ് നല്‍കി കൊണ്ട് പാര്‍ട്ടി സെക്രട്ടറി പറഞ്ഞു – ‘ഏത് പ്രതിസന്ധിയിലും സഖാവ് ലെനിന്‍ നമ്മെ പഠിപ്പിച്ചത് ഓര്‍മ്മിച്ചു കൊണ്ട് പ്രവര്‍ത്തിക്കാന്‍ താങ്കള്‍ക്ക് കഴിയട്ടെ’. വീട്ടില്‍ ചെന്നപ്പോള്‍ വാലിയയ്ക്കും, അവരുടെ അമ്മയ്ക്കും അഭിമാനപൂര്‍വ്വം തന്റെ പാര്‍ട്ടിക്കാര്‍ഡ് കാണിച്ചു കൊടുത്തു.

യൂറി ഗഗാറിന്‍ മാതാപിതാക്കള്‍ക്കൊപ്പം

‘ഒരു കമ്മ്യൂണിസ്റ്റുകാരന്‍ കുറ്റമറ്റവനായിരിക്കണം. എന്തെങ്കിലും ഒരു ചെറിയ അഴുക്ക് പറ്റിയാല്‍, സമൂഹം മുഴുവന്‍ ശ്രദ്ധിക്കും’, ഇക്കാര്യം മറക്കാതിരിക്കണമെന്ന് അമ്മ യൂറിയെ ഓര്‍മ്മിപ്പിച്ചു. തന്റെ മകന്‍ ഒരു നല്ല കമ്മ്യൂണിസ്റ്റ് ആയിരിക്കണമെന്ന് ആഗ്രഹിച്ച അച്ഛന് അന്നുതന്നെ വിവരം കാണിച്ചു യൂറി കത്തെഴുതുകയും ചെയ്തു.

വൈദ്യപരിശോധനകളുടെ എല്ലാ കടമ്പകളും യൂറി പതുക്കെ പതുക്കെ പൂര്‍ത്തീകരിച്ചു. എല്ലാ പരിശോധനകളും കഴിഞ്ഞതിനുശേഷം അവര്‍ പറഞ്ഞു ‘സ്ട്രാസ്റ്റോസ്ഫിയര്‍ നിങ്ങള്‍ക്ക് ഒരു തടസ്സമാവില്ല.’ യൂറിന്‍ ഇന്നേവരെ കേട്ടിട്ടുള്ളതില്‍ ഏറ്റവും ആഹ്ലാദകരമായ സന്ദേശമായിരുന്നത്. ബഹിരാകാശ യാത്രയില്‍ അനുഭവിക്കേണ്ടിവരുന്ന ശാരീരിക മാനസിക അവസ്ഥകള്‍ മറി കടക്കുന്നതിനുള്ള നിരവധിയായ പരിശീലനത്തിലൂടെ യൂറിയും സംഘവും, ബഹിരാകാശ സമാനമായ സാഹചര്യങ്ങളില്‍ പെരുമാറുന്നതിനുള്ള മെയ് വഴക്കം നേടിയെടുക്കുകയും ചെയ്തു.

യാത്രയ്ക്ക് മുന്നോടിയായി വൈദ്യപരിശോധന നടത്തുന്ന യൂറി ഗഗാറിന്‍

ലൈക്കയും പിന്നീട് നിരവധി ജീവജാലങ്ങളും ബഹിരാകാശ യാത്രയുടെ സാധ്യത പഠനങ്ങള്‍ക്കായി സഹായിച്ചിട്ടുണ്ട്. ജീവജാലങ്ങളുടെ മേല്‍ എന്തെന്ത് മാറ്റങ്ങളുണ്ടാക്കാന്‍ ബഹിരാകാശ യാത്രക്ക് കഴിയുമെന്നതിനെ കുറിച്ച് നാളിതുവരെ നേടിയ വിവരങ്ങളെല്ലാം മനുഷ്യന്റെ യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ക്ക് വേഗത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതായിരുന്നു.

കടലാസ് വിമാനങ്ങള്‍ ഉണ്ടാക്കി കളിച്ചിരുന്ന ഒരു കുട്ടി മനുഷ്യവംശത്തിന് അഭിമാനകരമായ നേട്ടം സമ്മാനിച്ച അനശ്വരനായ പോരാളിയായി മാറിയ കഥ നാമറിയണം. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച യൂറി നാസി ഭീകരതയുടെ യുദ്ധവെറികള്‍ കണ്ടവനാണ്. ‘രാത്രിപക്ഷികള്‍’ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന റഷ്യന്‍ പോര്‍വിമാനങ്ങള്‍ കണ്ടാണ് വളര്‍ന്നത്.

തൊഴില്‍ വിദ്യാലയത്തിലേക്കും ടെക്‌നിക് സ്‌കൂളിലേക്കും യൂറിയുടെ പഠനം മാറിയപ്പോഴും ആകാശത്തുകൂടെ ഒരു വിമാനം പോകുന്നത് കണ്ടാല്‍ വിമാനത്തില്‍ ഒന്ന് കയറണമെന്നും ഭാവിയില്‍ ഒരു വൈമാനികനാവണമെന്നുമുള്ള ആഗ്രഹം അവന്റെയുള്ളില്‍ തലപൊക്കും. തന്റെ ആഗ്രഹം നിരന്തരമായ ശ്രമത്തിലൂടെ നേടിയെടുത്ത ഒരു വിദ്യാര്‍ത്ഥി മനുഷ്യവംശത്തിന്റെ ഒരിക്കലും നടക്കില്ലെന്നു കരുതിയിരുന്ന ആഗ്രഹം സഫലീകരിച്ച ചെറുപ്പക്കാരനായി മാറുകയായിരുന്നു.

കുട്ടിക്കാലത്തെ യൂറി ഗഗാറിന്‍

യൂറിയുടെ യാത്രയെക്കുറിച്ച് വളരെയേറെ ഉത്കണ്ഠയുണ്ടെങ്കിലും ആദ്യത്തെ ബഹിരാകാശ സഞ്ചാരിയായി ഭര്‍ത്താവ് തിരഞ്ഞെടുക്കപ്പെടുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് ഇടറുന്ന തൊണ്ടയോടെയാണെങ്കിലും വാലിയ പറഞ്ഞു. ഭാവിയെ കുറിച്ചുള്ള സ്വപ്നങ്ങള്‍ നെയ്തുകൊണ്ട് ഭാര്യയും ഭര്‍ത്താവും മക്കളുടെ കിടക്കയില്‍ അധികനേരം സംസാരിച്ചിരുന്നു. ഉറങ്ങുന്നതിന് മുമ്പ് വാലിയ പറഞ്ഞു – ‘പൊയ്‌ക്കോളൂ എല്ലാം നന്നായി വരും’.

യൂറി ഗഗാറിനും ഭാര്യയും

മരപ്പണിക്കാരനായ പിതാവിന്റെയും ഡയറി ഫാം തൊഴിലാളി ആയിരുന്ന മാതാവിന്റെയും മകനായി നിര്‍ധന കുടുംബത്തില്‍ ജനിച്ച യൂറി ഗഗാറിന്‍ 27ആം വയസില്‍, 1961 ഏപ്രില്‍ 12ന് ബഹിരാകാശത്ത് കടന്നപ്പോള്‍ ഞെട്ടിയത് അമേരിക്കന്‍ സാമ്രാജ്യത്വവും ആനന്ദനൃത്തം ചവിട്ടിയത് സോവിയറ്റ് യൂണിയനൊപ്പം ലോകത്തിലെ എല്ലാ കമ്മ്യൂണിസ്റ്റുകാരുമാണ്.

യൂറി ഗഗാറിന്റെ വിജയം സോവിയറ്റ് യൂണിയന്റെ വിജയമാണ്. സോവിയറ്റ് യൂണിയന്റെ വിജയം ലോകതൊഴിലാളി വര്‍ഗത്തിന്റെ വിജയമാണ് അതായിരുന്നു അധസ്ഥിത ജനകോടികളുടെ അന്നത്തെ വികാരം.

യൂറി ഗഗാറിന്‍ എന്ന കമ്മ്യൂണിസ്റ്റുകാരനായ ശാസ്ത്രജ്ഞനൊപ്പം സോവിയറ്റ് യൂണിയന്‍ നേടിയ മഹത്തായ നേട്ടം, അതിന്റെ 62-ാം വാര്‍ഷികമാണിന്ന്. ലോകമഹായുദ്ധം കഴിഞ്ഞ് 20വര്‍ഷത്തിനുള്ളില്‍ ഒരു മനുഷ്യനെ ബഹിരാകാശത്തെത്തിച്ചു എന്നത് നിസ്സാര കാര്യമല്ല.

യൂറി ഗഗാറിന്റെ പ്രതിമയ്ക്ക് മുന്‍പില്‍ ലേഖകന്‍

അദ്ധ്വാനം, ആത്മവിശ്വാസം, അസാധ്യമായതിനോടുള്ള പ്രണയം – വിശ്വപൗരനായ യൂറി നമുക്ക് നല്‍കുന്ന പാഠങ്ങള്‍ എന്തെല്ലാമാണ്. ആറു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ശാസ്ത്രം മുന്നോട് വെച്ച ചുവടില്‍ നിന്നു നാം ഒരുപാട് മുന്നോട്ട് കുതിച്ചു. മുന്നോട്ട് തന്നെ സഞ്ചരിക്കാനും നമ്മുടെ കുട്ടികളെ അതിരുകളില്ലാത്ത സ്വപ്നം കാണുന്നവരാക്കി മാറ്റുന്നതിനും ‘യൂറി ഗഗാറിന്‍’ എന്ന പാഠപുസ്തകം സഹായിക്കും.

ഈ അവധിക്കാലത്ത് കുട്ടികള്‍ വായിക്കാന്‍ നിര്‍ദ്ദേശിക്കുന്ന ഏറ്റവും നല്ലൊരു പുസ്തകമായാണ് ഞാനിതിനെ പരിചയപ്പെടുന്നത്. അസാധ്യമായത് സാധ്യമാക്കാനുള്ള കരുത്ത് നേടാന്‍ യൂറിയുടെ ജീവിത കഥ നമ്മുടെ കുട്ടികളെ പ്രചോദിതമാക്കും.

പി.ടി. രാഹേഷ്

പി.ടി.രാഹേഷ്. പാലക്കാട് ജില്ലയിലെ മുതുതല സ്വദേശി. കോവിഡ് കാല അനുഭവങ്ങളുടെ സമാഹാരമായ 'ബൂസ്റ്റര്‍ഡോസ്' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും എഴുതാറുണ്ട്. കുട്ടികള്‍ക്കിടയില്‍ ബദല്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു.

We use cookies to give you the best possible experience. Learn more