തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് അമൃതാനന്ദമയിയുടെ ആശ്രമം സന്ദര്‍ശിക്കുന്നതിനെതിരെ കേരള യുക്തിവാദ സംഘം. ഗുര്‍മീത് റാം റഹീം എന്ന ആള്‍ ദൈവത്തിന്റെ കേരള പ്രതീകമാണ് അമൃതാനന്ദമയിയെന്നും രാഷ്ട്രപതി അവിടെ സന്ദര്‍ശിക്കുന്നത് ശരിയല്ലെന്നും സംഘം ആവശ്യപ്പെട്ടു.
പ്രസിഡന്റായശേഷമുള്ള രാംനാഥ് കോവിന്ദിന്റെ ആദ്യ കേരള സന്ദര്‍ശനമാണ് ഇന്നത്തേത്. ഗുര്‍മീതിന്റെ പ്രതീകമായ അമൃതാനന്ദമയിയുടെ ജന്മദിനാചരണ പരിപാടികളില്‍ പങ്കെടുക്കാന്‍ പ്രസിഡന്റ് വരുന്നത് മതനിരപേക്ഷ ഭരണഘടനയുടെ നഗ്നമായ ലംഘനമാണെന്ന് യുക്തിവാദി സംഘം രക്ഷാധികാരി യു. കലാനാഥന്‍ പറഞ്ഞു.
പ്രസിഡന്റിന്റെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച കേരള യുക്തിവാദി സംഘം നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് കലാനാഥന്‍ ഇന്ത്യന്‍ പ്രസിഡന്റ് ആശ്രമം സന്ദര്‍ശിക്കാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ടത്.
ആള്‍ദൈവങ്ങള്‍ക്ക് ഭരണാധികാരികള്‍ കീഴടങ്ങുന്നത് ഭരണഘടന ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. ആത്മീയ സ്ഥാപനങ്ങളിലെ കള്ളപ്പണവും അനധികൃത സ്വത്തും പിടിച്ചെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കാന്‍ രാഷ്ട്രപതി തയ്യാറാകണമെന്നും കലാനാഥന്‍ ആവശ്യപ്പെട്ടു.