| Saturday, 27th February 2021, 11:04 pm

'കേരളത്തില്‍ ലവ് ജിഹാദ് ഉണ്ടെന്ന വാദം അപ്രസക്തം, പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രം'; തൃശ്ശൂര്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ മിലിത്തിയോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ ലവ് ജിഹാദ് ഉണ്ടെന്ന വാദം അപ്രസക്തമാണെന്ന് തൃശ്ശൂര്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. തെരഞ്ഞെടുപ്പില്‍ ലവ് ജിഹാദും വര്‍ഗീയതയുമായി ബന്ധപ്പെട്ട ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വാസ്തവത്തില്‍ അപ്രസക്തമായ ഒരു വിഷയമായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്. ലോകം മാറി വരികയാണ്. അങ്ങനെയൊരു ലോകത്ത് സ്ത്രീ പുരുഷനും, അല്ലെങ്കില്‍ ആണ്‍ കുട്ടികളും പെണ്‍കുട്ടികളും കാണാനും പരിചയപ്പെടാനും ഉള്ള സാഹചര്യമാണ് ഉള്ളത്. അങ്ങനെയുള്ളവര്‍ അനോന്യം ഇഷ്ടപ്പെടുകയും വിവാഹം ചെയ്യുകയും ചെയ്യുന്നത് സ്വാഭാവികമാണ്.

കേരളത്തിലെ മത സാഹചര്യം പരിശോധിച്ചാല്‍ വ്യത്യസ്ത മതങ്ങളില്‍പെട്ടവര്‍ വിവാഹം കഴിച്ചാല്‍ ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ ഏതെങ്കിലും ഒരു മതത്തില്‍ ചേരും. ചേരാതെയുമിരിക്കും. പക്ഷെ ഇതിനെ ലവ് ജിഹാദെന്ന് വിളിക്കാന്‍ പറ്റില്ല,’ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

കേരളത്തില്‍ യു.പി മോഡല്‍ ലവ് ജിഹാദ് നിയമം കൊണ്ട് വരുമെന്ന് തങ്ങളുടെ പ്രകടനപത്രികയില്‍ ഉള്ളതായി കെ. സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു യൂഹാനോന്‍ മാര്‍ മിലിത്തിയോസ്.

പെണ്‍കുട്ടികളും ആണ്‍കുട്ടികളും അനോന്യം കാണട്ടെ, അവര്‍ക്കിഷ്ടപ്പെട്ട ജീവിതം ജീവിക്കട്ടെ. മതത്തില്‍ ചേരാന്‍ താത്പര്യമുണ്ടെങ്കില്‍ അങ്ങനെ ജീവിക്കട്ടെ, അതല്ല, മതമില്ലാതെ ഇന്ന് ധാരാളം പേര്‍ ജീവിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ ലവ് ജിഹാദ് ആരോപിക്കുന്നതിന് പിന്നില്‍ രാഷ്്ട്രീയ ലക്ഷ്യമാണെന്നും ബിഷപ്പ് പറഞ്ഞു.

‘ഉദ്ദേശം രാഷ്ട്രീയമാണ്. നമ്മുടെ നിലപാടില്‍ ഉറച്ച് നില്‍ക്കാതെ ഓരോരോ സന്ദര്‍ഭത്തില്‍ രാഷ്ട്രീയ താത്പര്യത്തിനായോ, സാമൂഹ്യ താത്പര്യത്തിനായോ, സാമ്പത്തിക താത്പര്യത്തിനായോ ഒരു പേരുണ്ടാക്കി, അതിലേക്ക് സകലതും കൊണ്ട് വന്ന് രാഷ്ട്രീയമോ സാമുദായികമോ ആയ നേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നത് ഒരിക്കലും ഗുണകരമല്ല,’ അദ്ദേഹം പറഞ്ഞു.

കാലക്രമത്തില്‍ മതം മാറാതെ തന്നെ വിവാഹം നടത്തിക്കൊടുക്കാനുള്ള സാഹചര്യം കേരളത്തില്‍ സ്വാഭാവികമായി വന്നു ചേരാമെന്നും അദ്ദേഹം പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ രണ്ട് മത വിഭാഗങ്ങളില്‍പ്പെട്ടവരെ സഭ തന്നെ വിവാഹം നടത്തിക്കൊടുക്കുന്നുണ്ട്. അങ്ങനെ ഒരു സാഹചര്യത്തിലേക്ക് ഇവിടെയും എത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

താന്‍ അച്ചനായിരിക്കുന്ന സഭയില്‍ മുന്‍പ് രണ്ട് പേരോട് രണ്ട് മതസ്ഥരായി തന്നെ ജീവിക്കാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇത് സഭയുടെ അഭിപ്രായമായി ഞാന്‍ പറയില്ല.

വിവാഹം കഴിക്കുന്നവര്‍ ഒരു മതവിഭാഗത്തില്‍ ചേരാതെ ഞങ്ങള്‍ സ്വതന്ത്രമായി ജീവിക്കാം എന്നൊരു സാഹചര്യം ഉണ്ടാക്കാതെ ലവ് ജിഹാദെന്നോ, അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തില്‍ മതത്തില്‍ ചേര്‍ക്കുന്ന ശൈലിയോ കൊണ്ട് വരുന്നത് യുക്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Yuhanon Mar Meletius on Love Jihad allegations in Kerala

We use cookies to give you the best possible experience. Learn more