| Saturday, 19th September 2020, 7:44 am

പേടിഎമ്മിന്റെ വാതുവെപ്പും മോദിജി പ്രോത്സാഹിപ്പിക്കുന്നുണ്ടോ? മോദിക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള പേടിഎമ്മിന്റെ പഴയ പരസ്യം ട്വീറ്റ് ചെയ്ത് സുര്‍ജേവാല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഓണ്‍ലൈന്‍ ചൂതാട്ടം സംബന്ധിച്ച് പേടിഎമ്മിനെതിരെ ഉയര്‍ന്ന ആരോപണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല.

പേടിഎം കമ്പനിയുടെ ആപ്പും അവരുടെ സ്‌പോര്‍ട്‌സ് വാതുവെപ്പും മോദിജി പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്നാണ് സുര്‍ജേവാല ചോദിച്ചത്.

ഒരു ദേശീയ മാധ്യമത്തിന്റെ ആദ്യ പേജില്‍ മോദിയെ അഭിനന്ദിച്ചുകൊണ്ട് പേടിഎം മുന്‍പ് നല്‍കിയ പരസ്യം പങ്കുവെച്ചുകൊണ്ടായിരുന്നു സുര്‍ജേവാലയുടെ വിമര്‍ശനം.

‘സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും ചങ്കൂറ്റമുള്ള തീരുമാനം എടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ പേടിഎം അഭിനന്ദിക്കുന്നു എന്നായിരുന്നു നോട്ടുനിരോധനത്തിന് പിന്നാലെ മോദിയുടെ ഫോട്ടോ സഹിതം പേടിഎം പരസ്യം നല്‍കിയത്.

ബാങ്ക് നടത്താന്‍ അനുമതി ലഭിച്ച 40 ശതമാനം ചൈനീസ് നിക്ഷേപമുള്ള മോദിയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒന്നാണ് പേടിഎം എന്നും പേടിഎമ്മിനെതിരെ എന്തുനടപടിയാണ് എടുക്കാന്‍ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.

ചൂതാട്ടവുമായി ബന്ധപ്പെട്ട ഗൂഗിളിന്റെ നിബന്ധനകള്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി പ്ലേ സ്റ്റോറില്‍ നിന്ന് പേടിഎമ്മിനെ നീക്കം ചെയ്തിരുന്നു. പിന്നീട് പ്ലേ സ്റ്റോറില്‍ തിരിച്ചെത്തിയെന്ന് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയ പേടിഎം അറിയിച്ചിരിന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനു മുന്നോടിയായി പേടിഎം ഫസ്റ്റ് ഗെയിംസ് എന്ന പേരില്‍ ഫാന്റസി ക്രിക്കറ്റ് ആരംഭിച്ചതിനു പിന്നാലെയായിരുന്നു ഗൂഗിളിന്റെ പുറത്താക്കല്‍ നടപടി. ഗൂഗിളിന്റെ നടപടിക്ക് പിന്നാലെ തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പേടിഎം വിശദീകരണവുമായി എത്തിയിരുന്നു.

താത്കാലിമായി പേടിഎം ഗൂഗിള്‍ പേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. ഞങ്ങള്‍ ഉടന്‍ തിരികെ വരും. എല്ലാവരുടെയും പണം സുരക്ഷിതമാണ്. പതിവു പോലെ നിങ്ങള്‍ക്ക് ആപ്പ് ഉപയോഗിക്കാമെന്നായിരുന്നു പേടിഎമ്മിന്റെ വിശദീകരണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlights: paytm old advertisements about modi

We use cookies to give you the best possible experience. Learn more