അമരാവതി: വീട്ടുതടങ്കലിലായ ശേഷം ആദ്യ പ്രതികരണവുമായി ടി.ഡി.പി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ മകന്‍ നാര ലോകേഷ്. ഇത് ഏകാധിപത്യമാണെന്നും ആന്ധ്രയിലുടനീളം ടി.ഡി.പിയെ ഇല്ലാതാക്കാനാണ് ഭരണകക്ഷിയായ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും നാര ലോകേഷ് ആരോപിച്ചു.
സംസ്ഥാന സര്‍ക്കാരിനെതിരെ ഇന്ന് വൈകീട്ട് ടി.ഡി.പി നേതൃത്വത്തില്‍ റാലി നടത്താനിരിക്കെയാണ് ടി.ഡി.പിയുടെ നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്.
ജനാധിപത്യവിരുദ്ധമായ വഴിയില്‍ക്കൂടിയാണ് തങ്ങളെ തടയുന്നതെന്നും നാര ലോകേഷ് ആരോപിച്ചു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ടി.ഡി.പി നേതാക്കളും പ്രവര്‍ത്തകരും പീഡിപ്പിക്കപ്പെടുകയാണ്. പൊലീസ് ഒപ്പമുണ്ടെന്നു പറഞ്ഞ് വൈ.എസ്.ആര്‍.സി.പി എം.എല്‍.എമാര്‍ ഞങ്ങളെ പരസ്യമായി ഭീഷണിപ്പെടുത്തുന്നു.
ഞങ്ങള്‍ ജനാധിപത്യപരമായ രീതിയിലാണു പ്രവര്‍ത്തിക്കുന്നത്. ഇത് ജനാധിപത്യത്തിന്റെ കൊലയാണ്.’- അദ്ദേഹം പറഞ്ഞു.
ജഗന്‍ മോഹന്‍ റെഡ്ഢിയുടെ നേതൃത്വത്തിലുള്ള വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ഭരണത്തില്‍ ടി.ഡി.പി പ്രവര്‍ത്തകരെ അകാരണമായി വേട്ടയാടുന്നെന്നാരോപിച്ചാണ് നായിഡു ഇന്ന് റാലി നടത്താനിരുന്നത്. ഗുണ്ടൂരിലെ ടി.ഡി.പി ഓഫീസില്‍ നിന്ന് റാലി ആരംഭിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം വീട്ടുതടങ്കലില്‍ ആയിരിക്കെ റാലി നടക്കാതിരിക്കുകയാണെങ്കില്‍ സംസ്ഥാനവ്യാപകമായി പ്രവര്‍ത്തകര്‍ നിരാഹാരമിരിക്കുമെന്ന് നായിഡു പറഞ്ഞിട്ടുണ്ട്. റാലിയ്ക്ക് അനുമതി നല്‍കില്ലെന്ന് ഡി.ജി.പി വ്യക്തമാക്കിയിട്ടുണ്ട്.
ഗുണ്ടൂരിലെ നാരാസാരോപേട്ട, സട്ടന്‍പള്ളെ, പാല്‍നാട്, ഗുരാജാല എന്നിവിടങ്ങളില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്.