ഹൈദരാബാദ്: വൈ.എസ്.ആര്‍ കോണ്‍ഗ്രസിലെ രാജ്യസഭാ എം.പിമാര്‍ രാജി വെച്ചതോടെ ആന്ധ്രപ്രദേശ് വൈ.എസ്.ആര്‍.സി പ്രതിസന്ധിയില്‍. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയാണ് ഇത്.
രണ്ട് രാജ്യസഭാംഗങ്ങള്‍ രാജി വെച്ചതും കൂടുതല്‍ ആളുകള്‍ രാജിക്കൊരുങ്ങുന്നതുമാണ് നിലവില്‍ വൈ.എസ് .ആര്‍.സി പ്രതിസന്ധി നേരിടാന്‍ കാരണം.
ജഗന്‍ മോഹന്‍ റെഡ്ഢിയുടെ നേതൃത്വത്തിലുള്ള വൈ.എസ്.ആര്‍.സി പാര്‍ട്ടിയ്ക്ക് തിരിച്ചടിയായി രാജ്യസഭയിലെ രണ്ട് എം.പിമാര്‍ രാജി വെച്ചിരുന്നു. ഉപാധ്യക്ഷനും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍കര്‍ ഇവരുടെ രാജി സ്വീകരിച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
2026, 2028 വരെ കാലാവധിയുള്ള മോപിദേവി വെങ്കിട്ടരാമണ്ണ, ബേദ മസ്താന്‍ റാവു എന്നീ എം.പിമാരാണ് രാജിവെച്ചത്. രാജിവെച്ച ഇവര്‍ നിലവിലെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടി.ഡി.പിയില്‍ ചേരാന്‍ സാധ്യതയുള്ളതായും ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനും സാധ്യത ഉണ്ടെന്നാണ് അഭ്യൂഹം. അടുത്തിടെ ചന്ദ്രബാബു നായിഡുവിനെ രാജി വെച്ച എം.പിമാര്‍ കണ്ടിരുന്നു. 2019 മുതല്‍ രാജ്യസഭയിലേക്ക് സീറ്റ് ലഭിക്കാതിരുന്ന ടി.ഡി.പിക്ക് ഇവരുടെ രാജിയും ടി.ഡി.പിയിലേക്കുള്ള പ്രവേശനവും പ്രയോജനകരമാകുമെന്നാണ് വിലയിരുത്തല്‍. ഈ സീറ്റുകളിലേക്ക് ഉടന്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകും.
ഇവരുടെ രാജിക്ക് ശേഷം വൈ.എസ്.ആര്‍.സിയില്‍ ആറ് എം.പിമാര്‍ മാത്രമാണ് ഉള്ളത്.. എന്നാല്‍ ഇവരില്‍ ചിലരും രാജിവെക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ഇവര്‍ ടി.ഡി.പിയിലേക്ക് തന്നെ ചേരാന്‍ സാധ്യതയുണ്ടെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
2019 മുതല്‍ ആന്ധ്രപ്രദേശിലെ 11 രാജ്യസഭാ സീറ്റുകളും ജഗന്‍ മോഹന്‍ റെഡ്ഢിയുടെ കൈകളിലാണ്. എന്നാല്‍ പല വിഷയങ്ങളിലും ജഗന്‍മോഹന്‍ റെഡ്ഢി കൃത്യമായ നിലപാടെടുക്കാത്തതാണ് എം പിമാര്‍ രാജി വെക്കാന്‍ കാരണമെന്നാണ് പറയുന്നത്. വ്യത്യസ്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന ജഗന്‍ മോഹന്‍ റെഡ്ഢിക്കെതിരെ എം.പിമാര്‍ ആരോപണങ്ങളുയര്‍ത്തിയിട്ടും മറുപടിയൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.