ആന്ധ്രപ്രദേശ്: എയര്‍ ഇന്ത്യ മാനേജറെ മര്‍ദിച്ചതിന് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പി മിഥുന്‍ റെഢിയെ അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ ഒരു മണിക്ക് ചെന്നൈ എയര്‍പോര്‍ട്ടില്‍ വെച്ചാണ് മിഥുനെ അറസ്റ്റ് ചെയ്തത്. ആന്ധ്രയിലെ രാജംപേട്ടില്‍ നിന്നുള്ള എം.പിയാണ് മിഥുന്‍ റെഢി. എം.പിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
2015 നവംബറില്‍ ആന്ധ്രയിലെ തിരുപ്പതി വിമാനത്താവളത്തില്‍ വെച്ചാണ് എയര്‍ ഇന്ത്യ ജീവനക്കാരനായ രാജശേഖര്‍ എന്നയാളെ എം.പി മര്‍ദിച്ചത്. ബോര്‍ഡിംഗ് സമയത്തിന് ശേഷം വിമാനത്താവളത്തിലെത്തിയ എം.പിയുടെ ബന്ധുവിനെ കയറ്റാന്‍ കയറ്റാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് മര്‍ദിച്ചത്.
വിമാനത്താവളത്തില്‍ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് എം.പിക്കെതിരെ കേസെടുത്തിരുന്നത്. സംഭവത്തിന് ശേഷം നടത്തിയ വൈദ്യ പരിശോധനയില്‍ എയര്‍ ഇന്ത്യ ജീവനക്കാരന് പരിക്കേറ്റിരുന്നതായി കണ്ടെത്തിയിരുന്നു. മിഥുന്‍ റെഢിക്കെതിരെ ആന്ധ്രാപ്രദേശ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്.
പാര്‍ട്ടി എം.പിക്കെതിരായ ആരോപണങ്ങളെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് തലവന്‍ ജഗന്‍ മോഹന്‍ റെഢിയും എതിര്‍ത്തിരുന്നു. അതിനിടെ എയര്‍ ഇന്ത്യക്കും ആന്ധ്രപദേശ് പോലീസിനുമെതിരെ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന് പരാതി നല്‍കുമെന്ന് മിഥുന്‍ റെഢി പറഞ്ഞു.