അറസ്റ്റ് ചെറുക്കാൻ പാർട്ടി ഓഫീസിൽ കിടന്നുറങ്ങി വൈ.എസ്. ശർമിള; ആന്ധ്രയിൽ സെക്രട്ടറിയേറ്റ് മാർച്ച്‌ തടയുന്നതിന് കോൺഗ്രസ് നേതാക്കളെ വീട്ടുതടങ്കലിലാക്കി
national news
അറസ്റ്റ് ചെറുക്കാൻ പാർട്ടി ഓഫീസിൽ കിടന്നുറങ്ങി വൈ.എസ്. ശർമിള; ആന്ധ്രയിൽ സെക്രട്ടറിയേറ്റ് മാർച്ച്‌ തടയുന്നതിന് കോൺഗ്രസ് നേതാക്കളെ വീട്ടുതടങ്കലിലാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd February 2024, 10:33 am

വിജയവാഡ: വീട്ടുതടങ്കൽ ഒഴിവാക്കാൻ പാർട്ടി ഓഫീസിൽ കിടന്നുറങ്ങി ആന്ധ്രാപ്രദേശ് കോൺഗ്രസ്‌ അധ്യക്ഷ വൈ.എസ്. ശർമിള റെഡ്‌ഡി. ശർമിളയുടെ നേതൃത്വത്തിൽ ‘ചലോ സെക്രട്ടറിയേറ്റ്’ പ്രതിഷേധം നടക്കാനിരിക്കെ നിരവധി കോൺഗ്രസ്‌ നേതാക്കളെ വീട്ടുതടങ്കലിലാക്കിയതിനെ തുടർന്നാണ് ശർമിള പാർട്ടി ഓഫീസിൽ കിടന്നുറങ്ങിയത്.

വിദ്യാർത്ഥികളും യുവജനങ്ങളും അനുഭവിക്കുന്ന തൊഴിലില്ലായ്മ പ്രശ്നം സംസ്ഥാന സർക്കാർ പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ചലോ സെക്രട്ടറിയേറ്റ് മാർച്ച്‌ സംഘടിപ്പിക്കുന്നത്.

ശർമിളയുടെ സഹോദരനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ വൈ.എസ്. ജഗൻ മോഹൻ റെഡ്‌ഡി കഴിഞ്ഞ അഞ്ച് വർഷം യുവാക്കളുടെ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന് ശർമിള കുറ്റപ്പെടുത്തി.

‘തൊഴിൽരഹിതർക്ക് വേണ്ടി ഞങ്ങൾ സമരം നടത്താനിരിക്കുമ്പോൾ നിങ്ങൾ ഞങ്ങളെ വീട്ടുതടങ്കലിലിടുമോ? ജനാധിപത്യപരമായി സമരം നടത്തുവാനുള്ള അവകാശം ഞങ്ങൾക്കില്ലേ?

ഒരു സ്ത്രീ എന്ന നിലയിൽ വീട്ടുതടങ്കൽ ഒഴിവാക്കുന്നതിന് പൊലീസിന്റെ കണ്ണ് വെട്ടിക്കാൻ നിർബന്ധിതയായി കോൺഗ്രസ്‌ പാർട്ടി ഓഫീസിൽ രാത്രി ചെലവഴിക്കേണ്ടി വരുന്നത് എന്തൊരു നാണക്കേടാണ്.

നമ്മൾ തീവ്രവാദികളോ സാമൂഹ്യ വിരുദ്ധരോ ആണോ? അവർ ഞങ്ങളെ തടയാൻ ശ്രമിക്കുന്നു. അതിനർത്ഥം സർക്കാരിന് ഞങ്ങളെ ഭയമാണെന്നാണ്. അവരുടെ കഴിവില്ലായ്‌മയും സത്യവും മറയ്ക്കാൻ ശ്രമിക്കുകയാണ്. ഞങ്ങളെ അവർ തടയാൻ നോക്കിയാലും, ഞങ്ങളുടെ പ്രവർത്തകരെ തടയാൻ നോക്കിയാലും, തൊഴിൽരഹിതർക്ക് വേണ്ടിയുള്ള പോരാട്ടം നിർത്തുവാൻ ഉദ്ദേശിക്കുന്നില്ല,’ ശർമിള എക്‌സിൽ പോസ്റ്റ്‌ ചെയ്തു.

അതേസമയം വിജയവാഡയിലെ ആന്ധ്രാപ്രദേശ് കോൺഗ്രസ്‌ കമ്മിറ്റി ആസ്ഥാനത്ത് വലിയ പൊലീസ് സന്നഹമാണ് കാവൽ നിൽക്കുന്നത്.

CONTENT HIGHLIGHT: YS Sharmila Says She Spent Night At Congress Office To Avoid House Arrest