ഒരു സംവിധായകരോടും നിങ്ങൾ ഇനി സിനിമ ചെയ്യരുതെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് യൂട്യൂബർ ഉണ്ണി. സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുന്ന സിനിമകളുടെ നെഗറ്റീവ് റിവ്യൂകൾക്കെതിരെ ഹൈക്കോടതിയടക്കം ഇടപെടൽ നടത്തിയ ഈ സാഹചര്യത്തിൽ രേഖ മേനോനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉണ്ണി.
ഉണ്ണി വ്ലോഗ്സ് എന്ന ചാനലിലൂടെ സിനിമ നിരൂപണം നടത്തുന്ന ഉണ്ണിയുടെ വീഡിയോസ് വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്.
‘പഴയ കാലത്തെ റിവ്യൂവേഴ്സൊക്കെ എഴുതുന്നപോലെ എഴുതാൻ ശ്രമിച്ചാൽ രണ്ടുദിവസം ഒരു സിനിമയെക്കുറിച്ച് ആലോചിക്കേണ്ടി വരും.
റിവ്യൂ എന്നൊക്കെ നമ്മൾ പറയുമെങ്കിലും അത് എന്റെ അല്ലെങ്കിൽ മറ്റൊരാളുടെ കാഴ്ചപ്പാട് മാത്രമാണ്. യൂട്യൂബിൽ വീഡിയോ ചെയ്യുന്ന ആരും റിവ്യൂ ചെയ്യുന്നില്ല എന്നാണ് എന്റെ അഭിപ്രായം. എല്ലാവരും അവരുടെ കാഴ്ചപ്പാടാണ് പറയുന്നത്.
റിവ്യൂ എന്നു പറയുന്നത് ഒരു സാഹിത്യ ശാഖയാണ്. അത് ചെയ്യാൻ മാത്രം കാലിബറുള്ള അല്ലെങ്കിൽ അത്രയും ക്വാളിറ്റിയുള്ള ഒരു റിവ്യൂയും ഇപ്പോൾ കാണാറില്ല. സിനിമയെ അത്രയും വിമർശിക്കണമെന്ന് തോന്നിയാൽ ഞാൻ അതിനെ ആക്ഷേപഹാസ്യമാക്കി മാറ്റാനാണ് ശ്രമിക്കാറ് .
ഒരു സീനിന് കുറെ പേര് കൈ അടിക്കുന്നത് കണ്ട് അതിലൊരു നെഗറ്റീവ് തോന്നിയിട്ട് അത് പറയാതിരുന്നാൽ അത് എന്റെ ക്രെഡിബിലിറ്റിയെ അല്ലേ ബാധിക്കുന്നത്.
ഒരാൾ അത്രയും ഹാർഡ് വർക്ക് ചെയ്ത് എടുക്കുന്ന വർക്കിലെ എനിക്കിഷ്ടപ്പെട്ടതും ഇഷ്ടപ്പെടാത്തതുമായ കുറച്ചു കാര്യങ്ങളാണ് ഞാൻ പറയുന്നത്. പക്ഷേ അങ്ങനെ ഒരു സിനിമ ഞാൻ ചെയ്യുക എന്നത് അത്രയും ടാസ്ക്കുള്ള കാര്യമാണ്.
ഒരു സംവിധായകനോടും നിങ്ങൾ ഇനി സിനിമ ചെയ്യരുതെന്ന് ഞാൻ പറഞ്ഞിട്ടില്ല. എന്റെ അഭിപ്രായങ്ങൾ ഒരിക്കലും ആ രീതിയിൽ എടുക്കപ്പെടരുതെന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. പറയാനുള്ളതെല്ലാം പറഞ്ഞിട്ട് വിമർശനത്തിന്റെ അളവൊന്ന് താഴ്ത്തിയാൽ ചിലപ്പോൾ അവർ ചെയ്യുന്ന അടുത്ത പടം ഏറ്റവും മികച്ചതാവാം.
നല്ല സിനിമയാകുമ്പോഴാണ് പറയാൻ ഒരു ഉത്സാഹം ഉണ്ടാവുക. ആ ഉത്സാഹം സിനിമയ്ക്കും ഗുണം ചെയ്യും, ‘ഉണ്ണി പറയുന്നു.
വലിയ രീതിയിൽ ചർച്ചയാവാറുള്ള ഉണ്ണിയുടെ സിനിമ നിരൂപണങ്ങളെ വിമർശിച്ചു കൊണ്ടും ഒരുപാട്പേർ രംഗത്ത് വരാറുണ്ട്.
Content Highlight : Youtuber Unni Vlogs Talk About His Reviewing Style