| Friday, 23rd June 2023, 8:16 am

'അവര്‍ വാതില്‍ ചവിട്ടിപ്പൊളിച്ചു'; യൂട്യൂബര്‍ തൊപ്പി പൊലീസ് കസ്റ്റഡിയില്‍; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബര്‍ നിഹാലിനെ വളാഞ്ചേരി പൊലീസ് കൊച്ചിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. ഇയാളെ വളാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിട്ടുണ്ട്. വാതില്‍ ചവിട്ടിപ്പൊളിച്ചാണ് പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തതെന്ന് തൊപ്പി ആരോപിച്ചു. കസ്റ്റഡിയിലെടുക്കും മുമ്പ് തൊപ്പി യൂട്യൂബ് ലൈവിലെത്തി ഷൂട്ട് ചെയ്ത വീഡിയോയില്‍ പൊളിഞ്ഞ വാതിലിന്റെ ദൃശ്യങ്ങളും കാണാം.

‘വന്നത് പൊലീസുകാരാണോ ഗുണ്ടകളാണോ എന്ന് അറിയില്ല. ഇവിടെ വന്നിട്ട് ഡോറ് ചവിട്ടിപ്പൊട്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇവിടെ കുറേ രാഷ്ട്രീയ കേസുകള്‍ ഒളിപ്പിക്കാന്‍ വേണ്ടി ഞാന്‍ എന്തൊക്കെയോ പറഞ്ഞതിന് കേസെടുക്കാന്‍ ശ്രമിക്കുന്നു.

അത്രയേയുള്ളൂ. സ്റ്റേഷനില്‍ നാളെ ഹാജരാകാമെന്ന് പറഞ്ഞതാണെന്നും എന്നിട്ടും പൊലീസ് രാത്രി വാതില്‍ ചവിട്ടിപ്പൊളിച്ച് കസ്റ്റഡിയിലെടുക്കുകയാണ്,’ തൊപ്പി പറഞ്ഞു. പൊലീസ് വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചപ്പോള്‍ ഡോര്‍ ലോക്ക് ആകുകയും പിന്നീട് വാതില്‍ പൊളിച്ചാണ് നിഹാലിനെ പുറത്തിറക്കിയതെന്നും വീഡിയോയില്‍ നിന്ന് വ്യക്തമാണ്.

ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമര്‍ശം നടത്തിയതിനുമാണ് വളാഞ്ചേരി പൊലീസ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്. ഇയാളുടെ ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ളവയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇയാളുടെ വീഡിയോകളുടെ ഉള്ളടക്കം അശ്ലീലവും സ്ത്രീവിരുദ്ധവുമാണെന്ന് കാണിച്ച് നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. ചെറിയ കുട്ടികള്‍ ഇയാളെ പിന്തുടരുന്നതും ചര്‍ച്ചയാണ്.

അതേസമയം, ഈ മാസം 17ന് വളാഞ്ചേരിയിലെ കടയുടെ ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവം. കട ഉടമക്കെതിരെയും പൊലീസ് കേസെടുത്തു.

നൂറ് കണക്കിന് കുട്ടികള്‍ പരിപാടിക്ക് തടിച്ചു കൂടിയത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. യൂട്യൂബില്‍ ആയിരക്കണക്കിന് ഫോളോവേഴ്‌സുള്ള ആളാണ് നിഹാല്‍. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും പൊലീസിന് പരാതിക്കാരന്‍ നല്‍കിയിരുന്നു.

മറ്റൊരു പൊതുപ്രവര്‍ത്തകനും പൊലീസിനെ സമീപിച്ചിരുന്നു. വളാഞ്ചേരി പൊലീസാണ് യൂട്യൂബര്‍ക്കെതിരെയും കട ഉടമയ്‌ക്കെതിരെയും കേസെടുത്തത്.

പരിപാടിയില്‍ ‘തൊപ്പി’ പാടിയ തെറിപ്പാട്ട് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടെന്നും കാണിച്ച് വളാഞ്ചേരി സ്വദേശി സെയ്ഫുദ്ദീനാണ് പൊലീസില്‍ പരാതി നല്‍കിയത്.

Content Highlights: Youtuber thoppi nihal in police custody, police breaks his house door

We use cookies to give you the best possible experience. Learn more