യുവതിയെ അപമാനിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്ത കേസ്; യൂട്യൂബര്‍ സൂരജ് പാലാക്കാരന്‍ കീഴടങ്ങി
Kerala News
യുവതിയെ അപമാനിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്ത കേസ്; യൂട്യൂബര്‍ സൂരജ് പാലാക്കാരന്‍ കീഴടങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th July 2022, 6:50 pm

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ യൂട്യൂബര്‍ സൂരജ് പാലാക്കാരന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയില്‍ എറണാകുളം എ.സി.പിയാണ് സൂരജ് പാലാക്കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ജാതീയമായി അധിക്ഷേപിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് സൂരജ് പാലാക്കാരനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് ഇന്നാണ് സൂരജ് പാലാക്കാരന്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങിയത്. സൂരജിനെതിരെ പട്ടികജാതി-പട്ടികവര്‍ഗ വകുപ്പുകള്‍ പ്രകാരം ചുമത്തിയ കേസുകള്‍ നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ക്രൈം നന്ദകുമാറിനെതിരെ പരാതി നല്‍കിയ ഇടുക്കി അടിമാലി സ്വദേശിനിയായ യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമര്‍ശം നടത്തുകയും ചെയ്തു എന്ന പരാതിയിലാണ് എറണാകുളം സൗത്ത് പൊലീസ് സൂരജ് പാലാക്കാരനെതിരെ കേസെടുത്തത്.

അതേസമയം, കോടതിയെ ബഹുമാനിക്കുന്നുവെന്നും തെറ്റ് ചെയ്‌തെന്ന് വിശ്വസിക്കുന്നില്ല എന്നും സൂരജ് പാലാക്കാരന്‍ പ്രതികരിച്ചു.

ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴി മോശം പരാമര്‍ശങ്ങള്‍ നടത്തുന്നത് കുറ്റകരമെന്ന നിരീക്ഷണത്തോടെയാണ് സിംഗിള്‍ ബെഞ്ച് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. ഡിജിറ്റല്‍ മാധ്യമങ്ങളും പൊതു ഇടങ്ങളാണെന്ന നിരീക്ഷണവും കോടതി നടത്തിയിരുന്നു.

ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെയുള്ള പരാമര്‍ശം അധിക്ഷേപകരമായി തോന്നിയാല്‍ ഇരകള്‍ക്ക് നിയമപരമായി നേരിടാമെന്നും ഹരജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി.

കേസെടുത്തതിന് പിന്നാലെ പാലാ, കടനാട് വല്യാത്ത് വട്ടപ്പാറയ്ക്കല്‍ വീട്ടില്‍ സൂരജ് വി സുകുമാര്‍ എന്ന സൂരജ് പാലാക്കാരന്‍ ഒളിവില്‍ പോയിരുന്നു. വനിതാ മന്ത്രിയുടെ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ നിര്‍ബന്ധിച്ചെന്നും വഴങ്ങാത്തതിന് മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ച് ക്രൈം പത്രാധിപര്‍ നന്ദകുമാറിനെതിരെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയായ യുവതി പരാതി നല്‍കിയിരുന്നു.

അശ്ലീല ചുവയോടെ സംസാരം തുടര്‍ന്നതോടെ ജീവനക്കാരി സ്ഥാപനം വിട്ടു. കഴിഞ്ഞ മെയ് 27ന് കൊച്ചി ടൗണ്‍ പൊലീസില്‍ പരാതി നല്‍കി. ഈ പരാതി വ്യാജമാണെന്ന് ആരോപിച്ച് സൂരജ് പാലാക്കാരന്‍ യൂട്യൂബ് വീഡിയോ പുറത്തുവിട്ടു.

യുവതിയെ പരസ്യമായി അപമാനിച്ച് കൊണ്ടുള്ള ഈ വീഡിയോ, നാല് ലക്ഷത്തിലധികം പേര്‍ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് അടിമാലി സ്വദേശിനി പൊലീസിനെ സമീപിച്ചതും പരാതി നല്‍കിയതും.

Content Highlight: Youtuber Sooraj Palakkaran surrenders in police for insulting women