Film News
സിദ്ദീക്കയുടെ മുന്നില്‍ ഡയലോഗ് പറയാന്‍ നേരം ആകെ വിറച്ചു: ഷാസ് മുഹമ്മദ്
മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയനായ യൂട്യൂബറും കണ്ടന്റ് ക്രിയേറ്ററുമാണ് ഷാസ് മുഹമ്മദ്. ആദ്യമായി താന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയതിനെ പറ്റി പറയുകയാണ് ഷാസ്. അണ്‍ഫിള്‍ട്ടേര്‍ഡ് പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷാസ് മുഹമ്മദ്.
‘ലോകം മാറിയെങ്കിലും, നമ്മുടെ കാര്യങ്ങളൊക്കെ പെട്ടെന്ന് നടക്കണമെന്ന് വിചാരിക്കുന്നത് വെറുതെയാണ്. എന്റെ ജീവിതം മാറുന്നത് മുപ്പതാമത്തെ വയസിലാണ്. അതുവരെ പലപ്പോഴും പട്ടിപ്പണിയായിരുന്നു.
എന്റെ ജീവിതത്തില്‍ ഇരുപത്തിമൂന്ന് വയസ്സ് മുതല്‍ മുപ്പത് വരെ ഒന്നും വര്‍ക്കാവാതെ വല്ലാത്ത അവസ്ഥയിലായിരുന്നു. ഭയങ്കരമായ ഇമോഷണല്‍ റൈഡില്‍ കൂടെയായിരുന്നു അന്നൊക്കെ പോയി കൊണ്ടിരുന്നത്.
നമുക്ക് ആ പ്രായത്തില്‍ എല്ലാര്‍ക്കും അങ്ങനെയാണ്. പക്ഷെ പറയുമ്പോള്‍ എളുപ്പമാണ്. ആദ്യം നമ്മുടെ സ്‌കില്‍ കണ്ടെത്തണം, പിന്നെ അതില്‍ ഫോക്കസ് ചെയ്ത് പോളിഷ് ചെയ്‌തെടുക്കണം. ഇത് പറയാന്‍ മാത്രമാണ് എളുപ്പം.
ആഹ് എന്റെ സ്‌കില്‍ ഇതാണ്, ഞാന്‍ ഇങ്ങനെ ചെയ്യണമെന്നൊക്കെ ആദ്യമേ തന്നെ ആളുകള്‍ തീരുമാനിക്കും. പക്ഷെ അങ്ങനെയല്ല. ഞാന്‍ എന്റെ കാര്യം പറയുകയാണെങ്കില്‍, എന്റെ തീവ്രമായ ആഗ്രഹം സിനിമയില്‍ അഭിനയിക്കുക എന്നതായിരുന്നു. അല്ലെങ്കില്‍ സിനിമയില്‍ എന്തെങ്കിലും ചെയ്യണമെന്നായിരുന്നു.
അങ്ങനെ ‘ഹാപ്പി സര്‍ദാര്‍’ എന്ന പടത്തില്‍ എനിക്ക് ഒരു ഷോട്ട് തന്നു. അന്നെനിക്ക് മനസിലായത്, ഇതല്ല എനിക്ക് പറ്റിയ കാര്യമെന്നായിരുന്നു. എന്ത് പ്രയാസമാണ് സിനിമയെന്ന് മനസിലായി.
പറയാനുള്ള ലൈന്‍ തന്നു. ക്യാമറയുടെ മുന്നില്‍ സിദ്ദീഖിക്ക നിന്ന ശേഷം ആ ഡയലോഗ് പറയാന്‍ പറഞ്ഞതും ഞാന്‍ കിടുങ്ങി. ‘എന്താ എല്ലാരുമിങ്ങനെ ഇരിക്കുന്നത്, ഒന്ന് ചിരിച്ചേ’ എന്നോ മറ്റോയായിരുന്നു ആ ഡയലോഗ്.
ആ സമയത്ത് വന്ന വിറയല്‍ വലുതായിരുന്നു. ഡയറക്ടര്‍ ആക്ഷന്‍ പറയുന്ന സമയത്ത് ഞാന്‍ ആ ഡയലോഗ് പറഞ്ഞു. അത് കഴിഞ്ഞിട്ടും ക്യാമറ റോള്‍ ചെയ്യുകയാണ്. അതായത് അദ്ദേഹത്തിന് അതിലും കൂടുതല്‍ എന്തോ ഒന്ന് എന്റെ കയ്യില്‍ നിന്നും വേണമായിരുന്നു.
ആക്ടിങ് പഠിക്കണമെന്ന മോഹമുണ്ടാകും. എന്നാല്‍ ക്യാമറയുടെ മുന്നില്‍ നിന്നും വിറയ്ക്കും. ആ ഒരു അവസ്ഥ ബ്രേക്ക് ചെയ്യുകയെന്നത് വലിയ കാര്യമാണ്. അതിന് ഒരുപാട് അഭിനയിച്ച് എക്‌സ്പീരിയന്‍സ് വേണം,’ ഷാസ് മുഹമ്മദ് പറഞ്ഞു.
Content Highlight: Youtuber Shaz Muhammed Talks About His Movie Acting