മമ്മൂട്ടിയെ നേരില്‍ കണ്ട അനുഭവം പങ്കുവെച്ച് യൂട്യൂബര്‍ ശരത് മേനോന്‍. കണ്ണൂര്‍ സ്‌ക്വാഡിന്റെ സെറ്റില്‍ വെച്ചാണ് മമ്മൂട്ടിയെ ശരത് കണ്ടത്. കുട്ടനാടന്‍ ബ്ലോഗും ഷൈലോക്കും സിദ്ധാര്‍ത്ഥയും റോസ്റ്റ് ചെയ്തതോര്‍ത്ത് താന്‍ പേടിച്ചിരുന്നുവെന്നും എന്നാല്‍ മമ്മൂട്ടി അതിനെ എന്റര്‍ടെയ്ന്‍മെന്റായാണ് എടുത്തതെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
‘ഒരല്‍പം പേടിയോടെ ആണ് പൂനെയിലെ ”കണ്ണൂര്‍ സ്‌ക്വാഡിന്റെ” ലൊക്കേഷനിലേക്ക് ഞാന്‍ ചെന്നത്. പേടി എന്ന് പറയാന്‍ പറ്റില്ല, ഒരു വ്യാകുലത കലര്‍ന്ന ഭയം. ഇനി അഥവാ മമ്മൂട്ടി എങ്ങാനും എന്റെ വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലോ. ഏയ്, അങ്ങനെ വരാന്‍ വഴിയില്ല. നമ്മുടേത് ഒരു ചെറിയ ചാനല്‍ ആണല്ലോ. പിന്നെ ഷൂട്ടിങ് തിരക്കിനും, പ്രൊമോഷന്‍ പരിപാടികള്‍ക്കും, ഇന്റര്‍വ്യൂവിനും ഒക്കെ ഇടയില്‍ മമ്മൂക്കക്ക് എവിടാ യൂട്യൂബ് നോക്കാന്‍ നേരം. അഥവാ നോക്കിയാല്‍ തന്നെ നമ്മുടെ വീഡിയോസ് ഒക്കെ കണ്ടു ആളെ തിരിച്ചറിയാന്‍ സാധ്യത വളരെ കുറവാ. ആ ഒരു ധൈര്യത്തില്‍ ആണ് ലൊക്കേഷനില്‍ ചെന്നത്.
തലേ ദിവസം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സനൂപ് എന്നെ വിളിച്ച് പൂനെയില്‍ ഷൂട്ടിങ് ക്രൂവിന് ഒരു ചെറിയ ഹെല്‍പ്പ് വേണമെന്ന് പറഞ്ഞപ്പോ ഞാനത് ചെയ്ത് കൊടുത്തിരുന്നു. ആ കാര്യം ഒക്കെ സനൂപിനോട് സംസാരിച്ചു കൊണ്ട് നിന്നപ്പോ ആണ് OUTSPOKEN അല്ലെ എന്നൊരു ചോദ്യം പിറകില്‍ നിന്ന് കേട്ടത്. നോക്കിയപ്പോ പടത്തിന്റെ സ്‌ക്രിപ്റ്റ് റൈറ്റര്‍ ഷാഫിയാണ്. ‘അമ്പടാ…. നിന്നെ ഞാന്‍ നോക്കി നടക്കുവാരുന്നു. ഇപ്പഴാ കയ്യില്‍ കിട്ടിയത്’ എന്നൊരു ഡയലോഗും ആക്ഷന്‍ സീക്വന്‍സുമാണ് ഞാന്‍ പ്രതീക്ഷിച്ചത്. പക്ഷേ എഴുത്തുകാരന്‍ ക്‌ളീഷേ ബ്രേക്ക് ചെയ്ത് കെട്ടിപ്പിടിച്ചു നേരിട്ട് കണ്ടതില്‍ ഉള്ള സന്തോഷം അറിയിച്ചു. എന്റെ വീഡിയോസ് എല്ലാം കാണാറുണ്ടെന്നും നല്ലതാണെന്നും പറഞ്ഞപ്പോ അടി വയറ്റില്‍ അരുണ്‍ ഐസ്‌ക്രീം വീണ എഫക്റ്റ്! സെറ്റില്‍ ബാക്കിയുള്ളവരെയും ഷാഫി തന്നെ പരിചയപ്പെടുത്തി. ഭാഗ്യം, ആരും അക്രമകാരികള്‍ അല്ല, എന്ന് മാത്രമല്ല വളരെ ഫ്രണ്ട്‌ലി ആയിരുന്നു താനും.
അപ്പോള്‍ സിനിമാക്കാര് ഞാന്‍ ഉദ്ദേശിച്ച പോലെ അല്ല! അപ്പൊ ഇത്ര ഒക്കെ ഫ്രണ്ട്ഷിപ്പ് ആയ സ്ഥിതിക്ക് ഞാന്‍ ഒരു ഡിമാന്‍ഡ് അറിയിച്ചു. ഇക്കയെ കാണണം, ഫോട്ടോ എടുക്കണം! വഴിയേ പോയ വയ്യാവേലിയെ ഫോണ്‍ വിളിച്ച് വരുത്തിയല്ലോ എന്ന് ഷാഫി ഓര്‍ത്ത് കാണും. പക്ഷേ അന്ന് ആകെ രണ്ട് ഷോട്ടെ എടുക്കാന്‍ ബാക്കി ഉണ്ടായിരുന്നുള്ളു. നിന്ന് തിരിയാന്‍ സ്ഥലമില്ലാത്ത പൂനെയിലെ തിരക്കേറിയ ഗണേഷ് പേട്ടിലെ സ്ട്രീറ്റും, ട്രാഫിക്കും, ഷൂട്ടിങ് കാണാന്‍ ഹിന്ദിക്കാരടക്കം വന്‍ ജനത്തിരക്കും. അതുകൊണ്ട് ഞാന്‍ നിര്‍ബന്ധിച്ചില്ല. അവരുടെ തിരക്കും നമ്മള്‍ മനസ്സിലാക്കണമല്ലോ. എങ്കിലും ആള്‍ക്കൂട്ടത്തില്‍ ഒളിച്ചു നിന്ന് കൈ എത്തും ദൂരത്ത് മമ്മൂക്കയെ കണ്ടു. ഷൂട്ടിങ് കണ്ടു. വണ്ടിയുടെയും ബഹളത്തിന്റെയും ആള്‍ക്കൂട്ടത്തിന്റെയും നടുവില്‍ കാം ആന്‍ഡ് ക്വയറ്റ് ആയി തന്റെ ഭാഗം ഷൂട്ട് ചെയ്ത് അദ്ദേഹം വണ്ടിയില്‍ കയറി മടങ്ങി.
‘ഏജ് ഇന്‍ റിവേഴ്സ് ഗിയര്‍ ഡാ’ എന്നൊക്കെ ആളുകള്‍ ട്രോളുമെങ്കിലും സംഗതി സത്യമാണെന്ന് എനിക്ക് തോന്നി. എന്താ ഒരു ലുക്ക്. എന്താ ഒരു ഗ്ലാമര്‍. ബ്‌ളാക്ക് ഷര്‍ട്ടും ബ്‌ളാക്ക് പാന്റ്‌സും ഇട്ട് ആള്‍ തിരക്കുള്ള സ്ട്രീറ്റില്‍ ജനങ്ങളെ വകഞ്ഞു മാറ്റി മമ്മൂക്ക നടന്നു വരുന്നത് കണ്ടപ്പോ പെട്ടെന്ന് എനിക്ക് ഓര്‍മ വന്നത് ഷണ്മുഖനെ ആണ്. കാരയ്ക്കാമുറി ഷണ്മുഖനെ.
പിറ്റേന്ന് എനിക്ക് മഹീന്ദ്രയുടെ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സിന് നാസികില്‍ എത്തണം. നന്ദഗോപന്‍ മാരാര്‍ പറഞ്ഞ റിസര്‍വ് ബാങ്കിന്റെ നോട്ടടിക്കുന്ന കമ്മട്ടം ഉള്ള നാസിക്. പോകുന്നത് എം.ജി. റോഡ് വഴിയാണ്. അവിടെയാണ് അന്നത്തെ ഷൂട്ട്. എന്നാല്‍ അത് വഴി ഒന്ന് കേറിയിട്ട് പോകാമെന്നു കരുതി. പറ്റിയാല്‍ ഇന്ന് മമ്മൂക്കയെ കാണണം. ഞാന്‍ ആരാണെന്നു പുള്ളി മനസ്സിലാക്കും മുമ്പ് ഒരു ഫോട്ടോയും എടുത്ത് ഒള്ള ഉയിരും കൊണ്ട് ഓടി തള്ളണം. ഇതാണ് പ്ലാന്‍! ഇത് പോലെ എത്ര യുദ്ധമുറകളും ഒളിപ്പോരും ഈ പഴശ്ശി നടത്തിയിരിക്കുന്നു. പക്ഷേ യൂണിറ്റും ക്രൂവും ഷൂട്ട് നടക്കുന്ന ലൊക്കേഷനിലേക്ക് പോയിരുന്നു. പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍ പ്രശാന്ത് ചേട്ടന്‍ വാട്ട്‌സ്ആപ്പില്‍ അയച്ച് തന്ന സ്‌പോട്ടില്‍ ചെന്നപ്പോ പുതിയതായി തുടങ്ങിയ യൂട്യൂബ് ചാനലിന്റെ കമന്റ് സെക്ഷന്‍ പോലെ ശൂന്യം, ശാന്തം, നിശബ്ദം. ജോഷി ചതിച്ചാശാനേ. പൂജപ്പുര ജയിലില്‍ ഷൂട്ടിങ്ങിനു വേണ്ട എല്ലാ സഹായവും ചെയ്ത് കൊടുത്ത കുഞ്ഞച്ചന്‍ ചേട്ടനെ ചതിച്ച ജോഷിയുടെ മുഖഛായ ഉണ്ടായിരുന്നു പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍ പ്രശാന്തേട്ടന് അപ്പോള്‍.
പക്ഷേ നിരാശ പ്രത്യാശയ്ക്ക് വഴി മാറിയത് ശട പടേന്ന് ആയിരുന്നു. അതാ ഞാന്‍ നില്‍ക്കുന്നതിന്റെ പത്തടി മാറി തണലത്ത് രണ്ട് വണ്ടികള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു. ഒന്നൊരു ലാന്‍ഡ് റോവര്‍. മറ്റൊന്ന് ഒരു ക്യാരാവാന്‍. രണ്ടിന്റേം നമ്പര്‍ ഒന്ന് തന്നെ. കേരളത്തില്‍ ഉള്ള സകല സിനിമാ പ്രേമികള്‍ക്കും പരിചിതമായ നമ്പര്‍ – 369! ഹിറ്റ്‌ലറിന്റെ ക്‌ളൈമാക്‌സില് മാധവന്‍ കുട്ടിയെ സംശയിച്ചതിനു പെങ്ങന്മാര്‍ക്ക് തോന്നിയ അതേ കുറ്റബോധം, പാവം പ്രശാന്ത് ചേട്ടനെ സംശയിച്ചതില്‍ എനിക്കും തോന്നി. എന്തൊരു മ്ലേച്ഛനാണ് ഞാന്‍! ഛെ ! മുഖത്തെ മ്ലേച്ഛത കര്‍ചീഫ് കൊണ്ട് ഒപ്പി കളഞ്ഞു ക്യാരവാന്റെ അടുത്തേക്ക് ചെന്നതും ഡോര്‍ തുറന്ന് പുറത്തിറങ്ങി വരുന്നു സാക്ഷാല്‍ മമ്മൂട്ടി.
വടക്കന്‍ വീര ഗാഥയിലെ ചന്തുവും, വാറുണ്ണിയും, ഇന്‍സ്പെക്ടര്‍ ബല്‍റാമും, ബാലന്‍ മാഷും, ബെന്‍ നരേന്ദ്രനുമൊക്കെ കണ്മുന്നില്‍ റീല്‍സ് പോലെ ഓടിക്കൊണ്ടിരുന്നു. അപ്പോഴേക്കും മമ്മൂക്ക എന്റെ തൊട്ടു മുന്നില്‍ എത്തിയിരുന്നു. എന്നെ കണ്ടതും അദ്ദേഹം ഒറ്റ ചോദ്യം, ‘റോസ്റ്റര്‍ അല്ലേ’ എന്ന്.
എന്റെ കിളി ഏത് വഴിയില്‍ കൂടി ഒക്കെയാണ് പറന്നതെന്നു സത്യമായും എനിക്കറിഞ്ഞൂടാ. ചമ്മിയ ചിരിയോടെ ‘അതേ ഇക്ക’ എന്ന് മറുപടി പറഞ്ഞപ്പോള്‍ ഒരു ചെറു പുഞ്ചിരിയോടെ ‘വീഡിയോ എല്ലാം കാണാറുണ്ട്’ എന്ന് മമ്മൂക്ക പറഞ്ഞു.
സത്യം പറഞ്ഞാല്‍ എനിക്ക് വിശ്വസിക്കാന്‍ പറ്റിയില്ല. ഏത്? മലയാളത്തില്‍ മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സും വ്യൂസും ഉള്ള ചാനല്‍സ് ഉള്ളപ്പോ 100 കെ സബ്‌ക്രൈബേഴ്‌സിനെ ഒപ്പിക്കാന്‍ പെടാപ്പാട് പെടുന്ന, എല്ലാ വീഡിയോയ്ക്കും ഫാന്‍സിന്റെ തെറി കേള്‍ക്കുന്ന എന്റെ വീഡിയോസ് സാക്ഷാല്‍ മമ്മൂട്ടി കാണാറുണ്ടെന്ന്. അത് കണ്ടിട്ട് എന്നെ മനസ്സിലായെന്ന്.
കുട്ടനാടന്‍ ബ്ലോഗും, ഷൈലോക്കും, സിദ്ധാര്‍ത്ഥയും ഒക്കെ ഞാന്‍ റോസ്റ്റ് ചെയ്ത കൂട്ടത്തില്‍ ഉണ്ടല്ലോ ദൈവമേ എന്നോര്‍ത്ത് വണ്ടറടിച്ച് നില്‍ക്കുകയായിരുന്നു ഞാന്‍. അത് മനസ്സിലാക്കിയിട്ടാവണം എന്റെ ടെന്‍ഷന്‍ മാറ്റാന്‍ ചിരിച്ച് കൊണ്ട് തന്നെ പൂനെയില്‍ സെറ്റില്‍ഡ് ആണോ, എവിടെയാ ജോലി ചെയ്യുന്നത് തുടങ്ങിയ വിശേഷങ്ങള്‍ അദ്ദേഹം ചോദിച്ചു. അവിടെ മൊബൈല്‍ ഫോണ്‍ അലോവ്ഡ് ആയിരുന്നില്ല. അതുകൊണ്ട് മമ്മൂട്ടി കമ്പനിയുടെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ വന്നു ഞാന്‍ മമ്മൂക്കയുടെ ഒപ്പമുള്ള ഫോട്ടോ എടുത്തു. അത് കഴിഞ്ഞും മമ്മൂക്ക ഒരു 10 മിനിറ്റ് എന്നോട് സംസാരിച്ചു. അപ്പോള്‍ മൊബൈലില്‍ ഒരു സെല്‍ഫി എടുത്തോട്ടെ ഇക്കാ എന്ന് ചോദിച്ചു. അതിനെന്താ എടുത്തോ എന്ന് അദ്ദേഹവും പറഞ്ഞു. ആ ഫോട്ടോ ആണ് താഴെ.
അങ്ങനെ കുറച്ച് നേരം സംസാരിച്ചിട്ട് ‘അപ്പൊ ശരി’ എന്ന് പറഞ്ഞു തോളത്ത് ഒരു തട്ടും തന്ന് മമ്മൂക്ക അടുത്തുള്ള കാറില്‍ കയറി ചിരിച്ച് കൊണ്ട് കയ്യും വീശി ഷൂട്ടിങ് നടക്കുന്ന ലൊക്കേഷനിലേക്ക് പോയി. ക്രോണിക് ബാച്ചിലറില്‍ പടക്കം പൊട്ടിയ ശേഷം ഇന്നസെന്റിനെ പോലെ ‘ ഇവടിപ്പ ന്താ ഇണ്ടായേ ‘ എന്ന അവസ്ഥയില്‍ ആയിരുന്നു തിരിച്ച് കാറിലേക്ക് നടക്കുമ്പോള്‍ ഞാനും.
മമ്മൂട്ടിയുടെ സിനിമകള്‍ റോസ്റ്റ് ചെയ്തതിനു മമ്മൂട്ടി ഫാന്‍സിന്റെ വായീന്ന് കേട്ട തെറിക്ക് കയ്യും കണക്കുമില്ല. പക്ഷേ സാക്ഷാല്‍ മമ്മൂട്ടി തന്നെ അതൊക്കെ കാണുകയും അവയൊക്കെ വെറും ഒരു എന്റര്‍ടെയ്ന്‍മെന്റ് കണ്ടന്റ് എന്ന നിലയ്ക്ക് എടുക്കുകയും യഥാര്‍ത്ഥ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ എന്‍ഞ്ചോയ് ചെയ്യാറുമുണ്ട് എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വലിയൊരു ആശ്വാസവും സന്തോഷം തരുന്ന ഒരു കാര്യവുമാണ്.
താങ്ക് യൂ മമ്മൂക്ക. തീര്‍ച്ചയായും ഒരു ഇന്‍സ്പിരേഷന്‍ തന്നെയാണ്. സെറ്റില്‍ പരിചയപ്പെട്ട റൈറ്റര്‍ ഷാഫി, സനൂപ്, പ്രശാന്ത് ചേട്ടന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ ചേട്ടന്‍, റോണി ഡേവിഡ്, ശബരീഷ് തുടങ്ങിയ എല്ലാവര്‍ക്കും എന്റെ നന്ദി. പൂനെയില്‍ ഇക്ക വരുന്നുണ്ട്. തീര്‍ച്ചയായും ചെന്ന് കാണണം എന്ന് പറഞ്ഞു എന്നെ ഉന്തി തള്ളി വിട്ട ഡയറക്ടര്‍ മാത്യുസ് തോമസിനും ഹൃദയം നിറഞ്ഞ നന്ദി. If it were not for you, I would have never met the Legend of Indian cinema and would have not made memories for a lifetime. ഇതേ പോലെ ഒറ്റക്കൊമ്പന്റെ സെറ്റിലും ഞാന്‍ ഓടിക്കയറി വരും. All the very best for Kannur Squad! ഭീഷ്മയ്ക്ക് ശേഷമുള്ള
മമ്മൂക്കയുടെ തുടര്‍ വിജയങ്ങള്‍ പോലെ തന്നെ കണ്ണൂര്‍ സ്‌ക്വാഡും ഗംഭീര വിജയമാകട്ടെ എന്നാശംസിക്കുന്നു,’ ശരത് കുറിച്ചു.
Content Highlight: YouTuber Sarath Menon shared his experience of seeing Mammootty