|

''പെണ്‍കുട്ടികളോട് ഇങ്ങനത്തെ ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ലെന്ന് പറഞ്ഞുകൊണ്ട് അയാള്‍ കയറിയിട്ട് പിന്നെ അങ്ങ് തെറിയായിരുന്നു''; കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ യൂട്യൂബര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലുവ: യൂട്യൂബ് ചാനല്‍ അവതാരകക്കും ക്യാമറാപേഴ്‌സണും നേരെ ആക്രമണമുണ്ടായതില്‍ പ്രതികരണവുമായി യുവതി. സ്ഫടികം റീറിലീസുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായം റെക്കോഡ് ചെയ്യാന്‍ പോയപ്പോഴാണ് ഒരു കൂട്ടമാളുകള്‍ തങ്ങള്‍ക്ക് നേരെ ആക്രമണവുമായി വന്നതെന്ന് യുവതി പറഞ്ഞു.

അവര്‍ തന്നെ ഒരുപാട് അസഭ്യ വാക്കുകള്‍ വിളിച്ചുവെന്നും ഫോണ്‍ വലിച്ചെറിയാന്‍ നോക്കിയെന്നും പറഞ്ഞു. ജനങ്ങളോട് ശബരിമല സ്ത്രീ പ്രവേശനത്തെക്കുറിച്ചും ആര്‍ത്തവ സമയത്ത് അമ്പലങ്ങളില്‍ കയറുന്നതുമായുള്ള ചോദ്യങ്ങള്‍ ചോദിച്ചതാണ് അവര്‍ക്ക് പ്രശ്‌നമായതെന്നും യൂട്യൂബര്‍ പറഞ്ഞു.

അസഭ്യം പറയുകയും ഫോണ്‍ വലിച്ചെറിയുകയും ചെയ്ത നാസര്‍ എന്ന വ്യക്തിയുടെ പേരില്‍ പൊലീസില്‍ പരാതിപെട്ടിട്ടുണ്ടെന്നും കേസില്‍ എഫ്.ഐ.ആര്‍ എടുത്തിട്ടുണ്ടെന്നും യുവതി പറഞ്ഞു. മീഡിയ വണ്ണിനോടായിരുന്നു യൂവതിയുടെ പ്രതികരണം.

”ഞാന്‍ ഒരു ഓണ്‍ലൈന്‍ ചാനലില്‍ ആങ്കറായിട്ട് ജോലി ചെയ്യുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ ജനങ്ങളുടെ ബൈറ്റ് എടുക്കാന്‍ പല സ്ഥലങ്ങളിലും പോകേണ്ടതായിട്ട് വരും. മറൈന്‍ ഡ്രൈവ്, ആലുവ മെട്രോ സ്‌റ്റേഷന്‍ തുടങ്ങി പല സ്ഥലങ്ങളിലും അതിന് വേണ്ടി പോകാറുണ്ട്.

ഇതിനായി ഇന്നലെ മൂന്നരക്ക് ആലുവ മെട്രോസ്‌റ്റേഷന്റെ അടിയില്‍ ഞങ്ങള്‍ പോയി. അവിടെ എത്തിയപ്പോള്‍ അഞ്ചോ, ആറോ ഓട്ടോഡ്രൈവര്‍മാര്‍ കൂട്ടമായി ഞങ്ങള്‍ക്ക് നേരെ വരുകയും കുറേ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്തു. അവര്‍ ഒരുപാട് അസഭ്യവാക്കുകള്‍ വിളിച്ചു. ആദ്യം ഞങ്ങള്‍ക്ക് കാര്യമെന്താണെന്ന് മനസിലായില്ല. എന്താണ് പ്രശ്‌നമെന്ന് ചോദിച്ചപ്പോഴാണ് അവര്‍ അതിനേക്കുറിച്ച് പറഞ്ഞത്.

നിങ്ങള്‍ എന്ത് വൃത്തികെട്ട ചോദ്യങ്ങളാണ് ചോദിക്കുന്നത് എന്ന് അവര്‍ ചോദിച്ചു. എന്ത് ചോദ്യമാണ് അത്തരത്തില്‍ പ്രശ്‌നമായിട്ട് തോന്നിയതെന്ന് അവരോട് ചോദിച്ചു. ശബരിമല സ്ത്രീ പ്രവേശം, ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അമ്പലത്തില്‍ പോകുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ലെന്നാണ് അവര്‍ പറഞ്ഞത്.

പെണ്‍കുട്ടികളോട് ഇങ്ങനത്തെ ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ലെന്നും പെര്‍മിഷന്‍ ഇല്ലാതെയല്ലെ നിങ്ങള്‍ ഓരോ ചോദ്യങ്ങള്‍ ചോദിക്കുന്നത് എന്നൊക്കെ പറഞ്ഞ് കൊണ്ട് ഭയങ്കര പ്രശ്‌നം. ഇന്നലെ ഞങ്ങളെടുക്കാന്‍ പോയ ചോദ്യം സ്ഫടികം റീമാസ്റ്റര്‍ ചെയ്ത് റിലീസായല്ലോ, അതുപോലെ നിങ്ങള്‍ക്ക് റീമാസ്റ്റര്‍ ചെയ്ത് കാണാന്‍ ആഗ്രഹമുള്ള സിനിമകള്‍ ഏതൊക്കെയാണെന്നതായിരുന്നു.

പെട്ടെന്നായിരുന്നു അവരുടെ വരവ്. നമ്മള്‍ പ്രതീക്ഷിക്കാതെയുള്ളതായത് കൊണ്ട് പെട്ടെന്ന് ഒന്ന് പതറി. പിന്നെയാണ് അവര്‍ അസഭ്യം പറഞ്ഞത്. അപ്പോഴാണ് ഞാനും റിയാക്ട് ചെയ്തത്. അപ്പോഴാണ് നാസര്‍ എന്നൊരാള്‍ വന്നത്. അയാള്‍ കയറിയിട്ട് പിന്നെയങ്ങോട്ട് തെറിയായിരുന്നു. എന്റെ കയ്യിലേക്ക് പിടിച്ച് ഫോണ്‍ വലിച്ചെറിയാന്‍ നോക്കി. വളരെ മോശമായ രീതിയില്‍ എന്നെ വെച്ച് കാര്യങ്ങള്‍ പറയാന്‍ തുടങ്ങി.

പെട്ടെന്നുള്ളതായത് കൊണ്ട് എനിക്ക് ഒരു സങ്കോചമുണ്ടായിരുന്നു. പിന്നെ ഞാന്‍ ഇത് പൊലീസില്‍ കേസാക്കി. നാസര്‍ എന്ന ആളുടെ പേരില്‍ എഫ്.ഐ.ആര്‍ എടുത്തിട്ടുണ്ട്,’ യുവതി പറഞ്ഞു.

content highlight: youtuber reaction , kochi incident

Latest Stories