Advertisement
India
'എന്നെ ടാര്‍ഗറ്റ് ചെയ്യുകയാണ്'; 500 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള അക്ഷയ് കുമാറിന്റെ നോട്ടീസിനെതിരെ യൂട്യൂബര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 21, 08:10 am
Saturday, 21st November 2020, 1:40 pm

ന്യൂദല്‍ഹി: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത് കേസില്‍ തന്റെ പേര് ബന്ധപ്പെടുത്തി അപവാദപ്രചരണം നടത്തിയെന്നാരോപിച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍ ഫയല്‍ ചെയ്ത 500 കോടിയുടെ മാനനഷ്ടക്കേസ് പിന്‍വലിക്കണമെന്ന് ബീഹാര്‍ സ്വദേശിയായ യൂട്യൂബര്‍ റാഷിദ് സിദ്ദിഖി.

തന്റെ വീഡിയോകളില്‍ അപകീര്‍ത്തികരമായ ഒന്നും തന്നെയില്ലെന്നും 500 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം പിന്‍വലിക്കണമെന്നും റാഷിദ് പറഞ്ഞു.

അക്ഷയ് കുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജവും അടിസ്ഥാന രഹിതവുമാണെന്നും തന്നെ ഉപദ്രവിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്രയും വലിയ തുക മാനനഷ്ടമായി ആവശ്യപ്പെട്ടതെന്നും റാഷിദ് സിദ്ദിഖി തന്റെ അഭിഭാഷകന്‍ ജെ.പി ജയ്‌സ്വാള്‍ വഴി അയച്ച മറുപടിയില്‍ പറഞ്ഞു. ഇന്ത്യയിലെ ഓരോ പൗരനും അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റാഷിദ് സിദ്ദിഖി അപ്ലോഡ് ചെയ്ത വീഡിയോകളില്‍ അപകീര്‍ത്തികരമായി കണക്കാക്കാനാവില്ലെന്നും അവയെ വസ്തുനിഷ്ഠതയോടെയുള്ള കാഴ്ചപ്പാടുകളായി കണക്കാക്കണമെന്നുമായിരുന്നു റാഷിദിന്റെ അഭിഭാഷകന്‍ പറഞ്ഞത്.

മറ്റ് വാര്‍ത്താ സ്‌ത്രോതസുകളെ ആശ്രയിച്ചാണ് സിദ്ദിഖി തന്റെ യൂട്യൂബ് ചാനലില്‍ വാര്‍ത്തകള്‍ നല്‍കിയതെന്നും പൊതുസമൂഹത്തിന് മുന്‍പില്‍ ഉള്ള കാര്യങ്ങള്‍ മാത്രമാണ് അദ്ദേഹം പറഞ്ഞതെന്നുമായിരുന്നു അഭിഭാഷകന്‍ പറഞ്ഞത്.

500 കോടി രൂപയുടെ നാശനഷ്ടം അസംബന്ധവും അനാവശ്യവുമാണ്, തന്നെ സമ്മര്‍ദ്ദത്തിലാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസ് പിന്‍വലിക്കാത്ത പക്ഷം മറ്റ് നിയമനടപടികളിലേക്ക് കടക്കുമെന്നും സിദ്ദിഖി പറഞ്ഞു.

‘അക്ഷയ് കുമാര്‍ എന്നെ ടാര്‍ഗറ്റ് ചെയ്തതാണ്. ഞാന്‍ ഒരു രാഷ്ട്രീയക്കാരനെ അഭിമുഖം ചെയ്തതിന് പിന്നാലെ അക്ഷയ് കുമാറിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. വിവിധ യൂട്യൂബ് വീഡിയോകളിലും വെബ്സൈറ്റുകളിലും ആയിരക്കണക്കിന് ആളുകള്‍ അദ്ദേഹത്തിനെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. അതിശയകരമെന്നു പറയട്ടെ, അക്ഷയ് കുമാര്‍ അവര്‍ക്കെതിരെയൊന്നും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മാനനഷ്ടമുണ്ടാക്കിയതിന് എന്നെയാണ് അദ്ദേഹം തെരഞ്ഞെടുത്തത്, ‘ റാഷിദ് പറഞ്ഞു.

സുശാന്ത് സിംഗ് രജ്പുത് വധക്കേസില്‍ തനിക്കെതിരെ വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അക്ഷയ് കുമാര്‍ നവംബര്‍ 17 നായിരുന്നു റാഷിദ് സിദ്ദിഖിക്കെതിരെ മാനനഷ്ട നോട്ടീസ് അയച്ചത്.

റാഷിദിന്റെ യൂട്യൂബ് ചാനലായ എഫ്.എഫ് ന്യൂസില്‍ തന്നെ കുറിച്ച് നിരവധി അപകീര്‍ത്തികരവും അവഹേളനപരവുമായ വീഡിയോകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു.

റാഷിദിന്റെ വ്യാജ വിഡിയോസും പ്രചരണങ്ങളും തന്നെ മാനസികമായി അലട്ടിയെന്നും ഇതുമൂലം ധന നഷ്ടവും തന്റെ സല്‍പേരിന് മോശം സംഭവിച്ചുവെന്നുമാണ് അക്ഷയ് കുമാര്‍ നോട്ടിസില്‍ പറഞ്ഞത്.

അപകീര്‍ത്തി പ്രചരണം, മനഃപൂര്‍വമായ അപമാനപ്രചരണം തുടങ്ങിയ ചാര്‍ജ്ജുകള്‍ ചുമത്തിയാണ് പൊലീസ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. അതേസമയം സിദ്ദിഖി മുന്‍കൂര്‍ ജാമ്യം നേടിയിട്ടുണ്ട്. സുശാന്ത് സിങ് കേസില്‍ മുംബൈ പൊലീസ്, മഹാരാഷ്ട്ര സര്‍ക്കാര്‍, ആദിത്യ താക്കറെ, അക്ഷയ് കുമാര്‍ എന്നിവര്‍ക്കെതിരെ ആയിരുന്നു റാഷിദിന്റെ വിഡിയോകള്‍.

മഹേന്ദ്രസിങ് ധോണിയുടെ ജീവചരിത്ര ചിത്രം ‘എംഎസ് ധോണി, ദ് അണ്‍ടോള്‍ഡ് സ്റ്റോറി’യിലെ നായകവേഷം സുശാന്തിന് ലഭിച്ചതില്‍ അക്ഷയ് കുമാറിന് അതൃപ്തി ഉണ്ടായിരുന്നുവെന്നായിരുന്നു റാഷിദ് സിദ്ദിഖിയുടെ ഒരു ആരോപണം.

കേസുമായി ബന്ധപ്പെട്ട് ആദിത്യ താക്കറെയ്ക്ക് മുംബൈ പൊലീസുമായി രഹസ്യയോഗങ്ങള്‍ നടത്താനും റിയ ചക്രവര്‍ത്തിക്ക് കാനഡയിലേക്ക് കടക്കാനും അക്ഷയ് കുമാര്‍ സഹായിച്ചെന്നും റാഷിദ് സിദ്ദിഖി തന്റെ യൂട്യൂബ് ചാനലിലൂടെ ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: YouTuber Opposes Akshay Kumar’s 500 Crore Defamation Notice