| Tuesday, 14th March 2023, 11:32 pm

കല്യാണമൊക്കെ ഉണ്ടെങ്കിലേ എന്റെ കുടുംബം മുന്നോട്ട് പോകൂ; പക്ഷെ ലോക്ഡൗണ്‍ വന്നപ്പോള്‍ വര്‍ക്കില്ലാതായി: കാര്‍ത്തിക് ശങ്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യൂട്യൂബ് വീഡിയോകളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും നിരവധി ആരാധകരെ സമ്പാദിച്ചിട്ടുള്ള താരമാണ് കാര്‍ത്തിക് ശങ്കര്‍. ലോക്ഡൗണ്‍ സമയത്ത് ചെയ്ത ഹാസ്യ വീഡിയോകളിലൂടെയാണ് താരം കൂടുതല്‍ ആളുകള്‍ക്കിടയില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. എങ്ങനെയാണ് കണ്ടന്റ് ക്രിയേറ്റിങ്ങിലേക്ക് താന്‍ എത്തിപ്പെട്ടതെന്ന് ഐ ആം വിത്ത് ധന്യ വര്‍മ എന്ന പരിപാടിയില്‍ തുറന്ന് പറയുകയാണ് കാര്‍ത്തിക്.

ലോക്ഡൗണ്‍ സമയത്ത് കുടുംബത്തിന് ചെറിയ തോതിലുള്ള സാമ്പത്തിക പ്രശ്‌നങ്ങളൊക്കെ വന്നുവെന്നും അങ്ങനെയാണ് താന്‍ ഇത്തരം വീഡിയോകള്‍ സീരിയസായി ചെയ്യാന്‍ തുടങ്ങിയതെന്നും കാര്‍ത്തിക് പറഞ്ഞു.

‘ലോക്ഡൗണ്‍ വന്നപ്പോഴാണ് ഞാന്‍ ശരിക്കും ഈ ട്രാക്കിലേക്ക് തിരിഞ്ഞത്. എന്റെ അച്ഛനൊരു സ്റ്റുഡിയോ ഫോട്ടോഗ്രാഫറാണ്. മെയിനായിട്ട് കല്യാണങ്ങളൊക്കെയാണ് നോക്കുന്നത്. അതായത് കല്യാണമൊക്കെ ഉണ്ടെങ്കില്‍ മാത്രമെ നമ്മുടെ കുടുംബമൊക്കെ മുന്നോട്ട് പോവുകയുള്ളു. പക്ഷെ ലോക്ഡൗണ്‍ വന്നപ്പോള്‍ വര്‍ക്കില്ലാതായി. അങ്ങനെയുള്ള ഒരു സാഹചര്യത്തില്‍ നില്‍ക്കുമ്പോഴാണ് എന്റെ വീഡിയോസ് ക്ലിക്കാവുന്നത്.

അതുകൊണ്ട് തന്നെ ആ സംഭവത്തെ എങ്ങനെയെങ്കിലും കയറ്റിക്കൊണ്ട് വരണമെന്ന ആഗ്രഹമായിരുന്നു. പ്രതീക്ഷിക്കാതെ വന്ന സംഭവമാണല്ലോ. പ്രതീക്ഷിക്കാതെ വന്നതെന്ന് പൂര്‍ണമായി പറയാന്‍ സാധിക്കില്ല. എന്തെങ്കിലും ഒരു പ്രവര്‍ത്തി ചെയ്യാതെ ഒരാള്‍ക്കും വിജയമുണ്ടാകില്ലല്ലോ. ചിലപ്പോള്‍ അതിനുവേണ്ടി അയാള്‍ വളരെ കുറച്ച് മാത്രമെ കഷ്ടപ്പെടുന്നുള്ളായിരിക്കും.

എന്റെ ആദ്യത്തെ ഷോര്‍ട്ട് ഫിലിമൊക്കെ വെച്ച് നോക്കുമ്പോള്‍ ആതിന്റെ ഒരു ശതമാനം എഫേര്‍ട്ട് പോലും ഈ വീഡിയോസിന് വേണ്ടി ഞാനെടുത്തിട്ടില്ല. കാരണം ചെറിയൊരു ക്യാമറയില്‍ അങ്ങോട്ടും തിരിഞ്ഞ് ഇങ്ങോട്ടും തിരിഞ്ഞ്, അമ്മയോട് കുറച്ച് ഡയലോഗ് മാത്രം പറഞ്ഞാല്‍ മതിയായിരുന്നു. എന്റെ കഴ്ചപ്പാടാണ് ഞാന്‍ പറയുന്നത്. ചിലപ്പോള്‍ ഇത്രയും നാള്‍ ഞാന്‍ കഷ്ടപ്പെട്ടത് കൊണ്ടാവാം അങ്ങനെയൊരു വിജയം കിട്ടിയത്.

അവിടെ നിന്നുമാണ് എന്റെ വീഡിയോസ് ഇതുവരെ കാണാത്ത ആളുകളിലേക്ക് വരെയെത്തിയത്. അത് പോകരുത് എന്നൊരു ആഗ്രഹം എനിക്കുണ്ടായിരുന്നു. മറ്റ് കണ്ടന്റ് ചെയ്യുന്നതാണ് എനിക്ക് ഇഷ്ടമെങ്കിലും, ഇത്രയും ആളുകള്‍ നമ്മുടെ കണ്ടന്റ്‌സ് കാണുന്നു. അതുകൊണ്ട് തന്നെ അതെനിക്ക് നഷ്ടപ്പെടരുതെന്നുണ്ടായിരുന്നു,’ കാര്‍ത്തിക് ശങ്കര്‍ പറഞ്ഞു.

content highlight: youtuber karthik shankar about his youtube videos

We use cookies to give you the best possible experience. Learn more